സംവിധായകന്‍ കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്‍ അലന്‍സിയര്‍ നടത്തിയ പ്രകടനത്തെ പിന്തുണച്ചു നടന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ് ബുക്കില്‍ ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു.
‘മിസ്റ്റര്‍ അലന്‍സിയര്‍ നിങ്ങളാണ് ഇന്ത്യന്‍’ എന്നായിരുന്നു കുഞ്ചാക്കോയുടെ എഫ്ബി പോസ്റ്റ്. ഉടന്‍ തന്നെ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് നീക്കം ചെയ്തു. അടുത്ത പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. അതില്‍ താരം ഇങ്ങനെ എഴുതി. “എനിക്ക് സുരേഷ് ഗോപിയും അലന്‍സിയറും കമലും ഇന്ത്യക്കാരാണ്”.
അലന്‍സിയറിന് പിന്തുണയര്‍പ്പിച്ചുള്ള ആദ്യ പോസ്റ്റ് കുഞ്ചാക്കോ ബോബന്‍ നീക്കം ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു. “പൈങ്കിളി നായകന് ഹീറോയിസം കാണിക്കാനാകില്ല” എന്നായിരുന്നു ചിലരുടെ പ്രതികരണം. “നട്ടെല്ല് വേണം ചാക്കോച്ചാ” എന്ന് മറ്റു ചിലര്‍ പരിഹസിച്ചു. അതോടെ ആ പോസ്റ്റും അപ്രത്യക്ഷമായി. വീണ്ടും കുഞ്ചാക്കോ ബോബന്‍ തന്റെ മൂന്നാമത്തെ പോസ്റ്റുമായി എത്തി. ആദ്യത്തെ രണ്ടു പോസ്റ്റുകളും വളരെ ചുരുക്കിയാണ് വിശദീകരിച്ചതെങ്കില്‍ മൂന്നാമത്തെ പോസ്റ്റില്‍ തന്റെ വിശദീകരണത്തിനു അല്‍പം നീളം കൂട്ടിയിട്ടുണ്ട് ചാക്കോച്ചന്‍. എന്നാല്‍ ഏറെ രസകരമായ സംഗതി മറ്റൊന്നാണ്. രണ്ടാമത്തെ പോസ്റ്റില്‍ അലന്‍സിയറെയും, കമലിനെയും സുരേഷ് ഗോപിയെയും പരാമര്‍ശിച്ചപ്പോള്‍ മൂന്നാമത്തെ പോസ്റ്റില്‍ കമലിനെക്കുറിച്ച് താരം മിണ്ടിയിട്ടില്ല.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്
”അലന്‍സിയറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റ് ഇടാന്‍ തനിക്ക് ഭയമാണെന്ന് ചിന്തിക്കുന്നവരോട്, ഒരിക്കല്‍ കൂടി, മിസ്റ്റര്‍ അലന്‍സിയര്‍, ബി ആന്‍ ഇന്ത്യന്‍, സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കാത്ത കാലത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി ഞാന്‍ ഉണ്ടായിരുന്നു. സുരേഷേട്ടനോട് എത്രമാത്രം അടുപ്പമുള്ള ആളാണ് ഞാനെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ, നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നപ്പോള്‍ അത് എന്നെയും ബാധിക്കുമെന്നത് നോക്കാതെ പിന്തുണയുമായി വന്ന ആളാണ് ഞാന്‍. തിയറ്ററിലായാലും മറ്റെവിടെയായാലും ജനഗണമനയെ ആദരിക്കണമെന്നത് എന്നെ ആരും പഠിപ്പിക്കേണ്ടതില്ല. എല്ലാ ഇന്ത്യക്കാരോടും ജയ്ഹിന്ദ്. മറ്റ് മതഭ്രാന്തന്‍മാരോട് ഒന്നും പറയാനില്ല”
കമലിനും അലന്‍സിയറിനുമൊക്കെ പിന്തുണ പ്രഖ്യാപിച്ചു ആദ്യം ഒരു പോസ്റ്റിടുകയും അത് നീക്കം ചെയ്തു വീണ്ടും പോസ്റ്റിടുകയും ആ പോസ്റ്റും പിന്‍വലിച്ചു വീണ്ടും വിശദീകരണവുമായി എത്തിയ കുഞ്ചാക്കോ ബോബനെ ട്രോളര്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചോക്ലേറ്റ് ഹീറോയെ പരിഹസിച്ചു നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
Post Your Comments