(വേറിട്ട സിനിമാ ചിന്തകള്‍)
ഇന്ന് താരപുത്രന്മാരുടെ വിളയാട്ടമാണ് ഇന്ത്യന്‍ സിനിമ മുഴുവന്‍. മലയാളത്തിലും സ്ഥിതിമറിച്ചല്ല. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനും, സുകുമാരന്‍റെ മകനായ പൃഥ്വിരാജുമാണ് മലയാള സിനിമയിലെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങള്‍. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ജയറാമിന്‍റെ മകന്‍ കാളിദാസ് ജയറാം എന്നിവര്‍ കൂടി കളത്തിലിറങ്ങുമ്പോള്‍ താര പുത്രന്മാരാല്‍ മോളിവുഡ് സിനിമാ ലോകം മൂടപ്പെടും. എന്നാല്‍ താരപുത്രന്മാരെക്കുറിച്ചു ചിന്തിക്കുമ്പോള്‍ രസകരമായ സംഗതി മറ്റൊന്നാണ്. ദുല്‍ഖര്‍ സല്‍മാനും, പൃഥ്വി രാജിനും മുന്‍പേ സിനിമയില്‍ അഭിനയിച്ചവരാണ് ഇതുവരെയും താരങ്ങളാകാത്ത പ്രണവും, കാളിദാസും. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പരിചയമില്ലാത്ത ഭീതിയോടെയാകും പൃഥ്വി രാജ് നന്ദനത്തില്‍ അഭിനയിച്ചു തുടങ്ങിയത്. അതുപോലെ ദുല്‍ഖര്‍ ‘സെക്കന്ഡ് ഷോ’യില്‍ അഭിനയിക്കുമ്പോഴും ബാലതാരമായി അഭിനയിച്ചു പരിചയമുണ്ടായിരുന്നില്ല. ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയിട്ടാണ് കാളിദാസ് ജയറാം ‘പൂമരം’ കൊണ്ട് കപ്പലുണ്ടാക്കാന്‍ തയ്യാറെടുക്കുന്നത്. ജീത്തു ജോസഫിന്റെ ആക്ഷന്‍ ത്രില്ലറിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന ലാലേട്ടന്‍ പുത്രന്‍ പ്രണവ് ‘പുനര്‍ജനി’ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിട്ടാണ് വെള്ളിത്തിരയിലെ താരമാകാന്‍ ഒരുങ്ങുന്നത്. ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജിനും ദുല്‍ഖര്‍ സല്‍മാനും മുന്‍പേ കേരള സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ വീട്ടിലെത്തിച്ചവരാണ് പ്രണവും, കാളിദാസും എന്നതാണ് ഏറെ കൗതുകം. കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
Post Your Comments