CinemaFilm ArticlesGeneralNEWS

‘ചില കലാകാരന്മാരെക്കുറിച്ച് ഇവിടെ പറയാതെ പോകരുത്’ അഹങ്കാരത്തിന്‍റെ ചിറകില്ലാത്ത വെട്ടുകിളി പ്രകാശ്

പ്രവീണ്‍.പി നായര്‍

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ പ്രകാശ് എന്ന വെട്ടുകിളി പ്രകാശ് 1986-ല്‍ പുറത്തിറങ്ങിയ ‘തീര്‍ത്ഥം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയം ആരംഭിച്ചത്. ഷാജി.എന്‍ കരുണ്‍, മോഹന്‍ എന്നീ പ്രഗല്‍ഭ സംവിധായകരുടെ ശിഷ്യനായിരുന്ന വെട്ടുകിളി പ്രകാശ്‌ അനേകം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘പിറവി’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പിന്നീട് സത്യന്‍ അന്തികാട്, കമല്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമയിലും വെട്ടുകിളി പ്രകാശ് മുഖം കാണിച്ചു. 1992-ല്‍ പുറത്തിറങ്ങിയ ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തില്‍ പ്രകാശ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് വെട്ടുകിളി എന്നത്. ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പ്രകാശ്‌ പിന്നെ വെട്ടുകിളി പ്രകാശായി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങ’ളിലെ കോമഡി വേഷം വെട്ടുകിളി പ്രകാശിനെ മലയാള സിനിമ പ്രേമികള്‍ക്കിടയില്‍ കൂടുതല്‍ പരിചിതനാക്കി.

ചെറിയ വേഷങ്ങളായാലും ചെയ്യുന്ന വേഷങ്ങള്‍ സ്വഭാവികതയോടെ അവതരിപ്പിക്കുന്ന വെട്ടുകിളി പ്രകാശിനെ മലയാള സിനിമ ലോകം കാര്യമായി ഉപയോഗിച്ചിട്ടില്ല. ഇന്ദ്രന്‍സ് എന്ന അഭിനേതാവിന് മലയാള സിനിമയില്‍ കൂടുതല്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചതു കൊണ്ടാകാം അതേ രൂപസാദൃശ്യമുള്ള വെട്ടുകിളി പ്രകാശിന് അവസരങ്ങള്‍ ലഭിക്കാതെ പോയത്.
44

മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥനായ വെട്ടുകിളി പ്രകാശ് സിനിമ മോഹം കൊണ്ടല്ല സ്കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിപ്പെട്ടത്. നാടകത്തിനോടുള്ള അമിതമായ ഭ്രാന്താണ് പ്രകാശിനെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ എത്തിച്ചത്. 1983-1986 കാലഘട്ടങ്ങളില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച വെട്ടുകിളി പ്രകാശ്‌ നിരവധി ഡോക്യൂമെന്‍ററികളിലും അഭിനയിച്ചിട്ടുണ്ട്. വെട്ടുകിളി പ്രകാശിന്റെ ഗുരുവായ മോഹന്‍ സംവിധാനം ചെയ്ത ‘തീര്‍ത്ഥം’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ പ്രകാശിനെ തേടി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും പിന്നീടു വന്നിരുന്നില്ല. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ മാത്രമാണ് വെട്ടുകിളി പ്രകാശിന് സ്ഥിരമായി അവസരം നല്‍കാറുള്ളത്.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,അച്ചുവിന്റെ അമ്മ, ഭാഗ്യദേവത അങ്ങനെ ഒട്ടുമിക്ക സത്യന്‍ ചിത്രങ്ങളിലും വെട്ടുകിളി പ്രകാശ് അഭിനയിച്ചു. കഥാപാത്രങ്ങള്‍ ചെറുതായാലും വലുതായാലും ഒന്നിനോടും പരാതിയോ പരിഭവമോ വെട്ടുകിളി പ്രകാശിനില്ല. ഇത്രയുമൊക്കെ എത്തിപ്പെടാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് താരം.
45
‘കാലത്തിന്റെ കാല്‍പ്പാടുകള്‍’ എന്ന ഹ്രസ്വ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച വെട്ടുകിളി പ്രകാശ് അഭിനയ പരിശ്രമത്തിന്റെ പുതിയൊരു പാഠമാണ് പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്.

ചില കലാകാരന്മാരെക്കുറിച്ച് ഇവിടെ പറയാതെ പോകരുത്, അവരെ കുറിച്ച് ഓര്‍ക്കുമ്പോഴും എഴുതുമ്പോഴുമാണ് കല മഹത്തരമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button