ചലച്ചിത്ര വികസന കോര്പ്പറേഷന് സംസ്ഥാനത്തുടനീളം 100 ല്‍ അധികം ആധുനിക തീയേറ്റര്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു. ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ കെഎസ്എഫ്ഡിസി തീയേറ്ററുകള്‍ നിര്‍മ്മിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 35 കോംപ്ലക്സുകളാണ് നിര്‍മിക്കുക. കെഎസ്എഫ്ഡിസി തുടങ്ങുന്ന ഫിലിം തീയേറ്ററുകളില്‍ ഒന്ന് പരിയാരത്ത് സ്ഥാപിക്കും. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്എഫ്ഡിസി ഭാരവാഹികള്‍ സ്ഥലം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. രണ്ടു വലിയ തിയേറ്ററുകളും ഒരു ഹോം തിയേറ്ററും കോംപ്ലക്സില്‍ ഉണ്ടാകുമെന്ന് ചെയര്മാന് ലെനിന് രാജേന്ദ്രന് സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. അഞ്ച് കോടിയോളം ചെലവ് വരുന്ന തീയേറ്ററിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്എഫ്ഡിസി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും കഴിഞ്ഞ ദിവസം നടന്നു. 700 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തീയേറ്റര്‍ സമുച്ചയമാണ് ഫിലംസിറ്റിയില് ഉണ്ടാവുകയെന്ന് കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ ദീപ ഡി നായര്‍ പറഞ്ഞു.
Post Your Comments