ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശക്തമായി വിമര്‍ശിച്ച് വിഖ്യാത ഹോളിവുഡ് നടിയും ഗായികയുമായ മെറില്‍ സ്ട്രീപ്. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയായ ഹിലാരി ക്ലിന്റണെ പിന്തുണച്ചയാളാണ് സ്ട്രീപ്. ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കൈക്കൊണ്ട നിലപാടുകളെയും പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ അംഗവൈകല്യം വന്ന ഒരു മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചതുമാണ് സ്ട്രീപിനെ ചൊടിപ്പിച്ചത്. പുറത്തുനിന്നു വന്നവരെല്ലാം തിരികെ പോയാല്‍ പിന്നെ ഹോളിവുഡ് എന്ന സംഗതി ഉണ്ടാകില്ല എന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ അവസരത്തില്‍ സ്ട്രീപ് പറഞ്ഞു.
“നമ്മള്‍ ആരാണ്” എന്ന് സംസാരിച്ച് തുടങ്ങിയ സ്ട്രീപ്, ഹോളിവുഡ് എന്നാൽ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളുടെ ഒരു കൂട്ടം മാത്രമാണെന്നും പറയുകയുണ്ടായി. അവരുടെ വാക്കുകള്‍ ഇങ്ങനെ ”നൂജെഴ്‌സിയിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതും. വയോലയാവട്ടെ സൗത്ത് കരോലിനയിലാണ് വളര്‍ന്നത്. അതുപോലെ തന്നെയാണ് പലരും. എവിടെയാണ് ഇവരുടെയെല്ലാം ജനന സര്‍ട്ടിഫിക്കറ്റ്. ഇവരെയെല്ലാം നമ്മള്‍ പുറത്താക്കിയാല്‍ പിന്നെ നമുക്ക് കാണാന്‍ ഫുട്‌ബോളും കുറച്ച് ആയോധന മുറകളും മാത്രമാവും ശേഷിക്കുക. ഇവയൊന്നും കലകളാണെന്ന് പറയാന്‍ പറ്റില്ല. ഈ വര്‍ഷം ഒരുപാട് മികച്ച പ്രകടനങ്ങള്‍ കണ്ട വര്‍ഷമാണ്.
അതില്‍ എന്നെ ഞെട്ടിച്ച, ഹൃദയത്തില്‍ ആഴത്തിലിറങ്ങിയ ഒന്നുണ്ടായിരുന്നു. അത് നല്ലതായത് കൊണ്ടല്ല. അതുണ്ടാക്കിയ സ്വാധീനം കൊണ്ടാണ്. അതില്‍ നന്മ ഒട്ടും തന്നെയുണ്ടായിരുന്നില്ല. നമ്മുടെ രാജ്യത്തെ ഏറ്റവും ബഹുമാന്യമായ ഇരിപ്പിടത്തില്‍ ഇരിക്കേണ്ട ഒരാള്‍ ഒരു അധികാരവുമില്ലാത്ത, തിരിച്ചടിക്കാന്‍ ഒരു കെല്‍പുമില്ലാത്ത, അംഗവൈകല്യം വന്ന ഒരു റിപ്പോര്‍ട്ടറെ അനുകരിച്ച നിമിഷം. ഹൃദയം മുറിപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. ശക്തര്‍ അവരുടെ കരുത്ത് മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ നമ്മളെല്ലാവരും പരാജപ്പെടുന്നതിനെയാണ് കാണിക്കുന്നത്’
സത്യം സംരക്ഷിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കേണ്ടത് ആവശ്യമാണെന്നും മെറില്‍ അഭിപ്രായപ്പെട്ടു.
Post Your Comments