CinemaGeneralNEWS

സിനിമാ പ്രതിസന്ധി ; പുതിയ വഴിത്തിരിവിലേക്ക്

എ ക്ലാസ് തിയേറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്ത് മലയാള സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും ഒരുങ്ങുന്നു. എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയേറ്ററുകളെ ഒഴിവാക്കി ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

ജനുവരി 12 ന് മലയാള ചിത്രം കാംബോജിയും വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയും റിലീസ് ചെയ്യും. ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി എന്നിങ്ങനെ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങള്‍ 19 മുതല്‍ തിയറ്ററുകളിലെത്തും. വ്യത്യസ്ത ആഴ്ചകളിലാകും ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യുക.

മള്‍ട്ടിപ്ലെക്‌സുകളിലും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു കീഴിലുള്ള ബി, സി ക്ലാസ് തിയേറ്ററുകളിലും ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. സര്‍ക്കാര്‍ തിയേറ്ററുകളിലും ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. അതിനിടെ ഫെഡറേഷനു കീഴിലുള്ള ചില തിയേറ്റര്‍ ഉടമകളും നിലപാട് മാറ്റി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തെ അനുകൂലിച്ച് സിനിമകള്‍ റിലീസ് ചെയ്യുമെന്നും സൂചനയുണ്ട്.

തിയേറ്ററുകളില്‍ നിന്നുള്ള വരുമാന വിഹിതം 40 ശതമാനത്തില്‍ നിന്ന് 50 ആക്കി വര്‍ധിപ്പിക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടതോടെയാണ് സിനിമാപ്രതിസന്ധി തുടങ്ങിയത്. ആവശ്യം ഏകപക്ഷീയവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളും വിതരണക്കാരും ക്രിസ്മസ് റിലീസ് വേണ്ടെന്നു വെച്ചു. നിലവിലെ സ്ഥിതി തുടരണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഫെഡറേഷന്‍ തള്ളിയതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button