‘നിവിന്‍ അല്ല, എന്‍റെ നായകന്‍ പ്രിഥ്വി’ ഗൗതം മേനോന്‍ പറയുന്നു

പുതുവര്‍ഷത്തിലെ ഒരു ഗൗതം മേനോന്‍ ചിത്രത്തില്‍ നിവിന്‍ പോളിയും തമിഴ്‍ സൂപ്പര്‍താരം വിക്രമും ഒന്നിക്കുന്നുവെന്ന് ചില തമിഴ്, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ചിത്രത്തില്‍ നിവിന്‍ നായകനും വിക്രം വില്ലനുമാകുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത് .

നേരത്തേ നിവിനും ഗൗതം മേനോനും ഒന്നിക്കുന്ന രണ്ട് പ്രോജക്ടുകളെക്കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതില്‍ ഒന്ന് താന്‍ നിര്‍മ്മിക്കുന്നതാണെന്നും മറ്റൊന്ന് സംവിധാനം ചെയ്യാനിരിക്കുന്നതാണെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു. സംവിധാനം ചെയ്യാന്‍ ആഗ്രഹമുള്ള ചിത്രത്തിന്റെ തിരക്കഥ നിവിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും അത് യാഥാര്‍ഥ്യമായാലും കുറച്ചുകഴിഞ്ഞേ പണിപ്പുരയിലേക്ക് കടക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുമ്പ് ഒരു ഗൗതം മേനോന്‍ ചിത്രത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നതായി നിവിന്‍ കൊച്ചി ടൈംസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ നിവിന്‍ പോളി-വിക്രം ചിത്രത്തെക്കുറിച്ചു കേള്‍ക്കുന്നത് ആരുടെയോ ഭാവനാസൃഷ്ടിയാണെന്ന് സംവിധായകന്‍ ഗൗതം മേനോന്‍ പറയുന്നു. ‘അത്തരമൊരു പ്രോജക്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തീര്‍ത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്’, ഗൗതം മേനോന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തല്‍ക്കാലം ഇതെല്ലാം വെറും സ്വപ്നം മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. നിവിനോടൊപ്പം സിനിമയില്ലെങ്കിലും മലയാളത്തിലെ മറ്റൊരു പ്രമുഖതാരം പൃഥ്വിരാജുമൊത്തുള്ള ബഹുഭാഷാ ചിത്രം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നു ഗൗതം മേനോന്‍ പറയുന്നു .

Share
Leave a Comment