ഫ്രൈഡേ ഫിലിം ഹൗസ് എന്ന സിനിമാ നിര്‍മ്മാണ, വിതരണ കമ്പനിയിലെ പങ്കാളിയായ സാന്ദ്രാ തോമസും വിജയ് ബാബുവും തമിലുള്ള പ്രശ്നങ്ങള്‍ കൌതുകത്തോടെയാണ് സിനിമാ ലോകം നോക്കിയത് . സാന്ദ്രയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായി വിജയ് ബാബു പറയുന്നു. ‘എല്ലാം അവസാനിച്ചു. എല്ലാം ഞങ്ങള്‍ക്കിടയില്‍ത്തന്നെ പരിഹരിക്കും. സാന്ദ്ര എക്കാലവും എന്റെ സുഹൃത്തും പങ്കാളിയുമായിരിക്കും.’, വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വിഷയത്തെ ഊതിപ്പെരുപ്പിക്കാന്‍ കഷ്ടപ്പെട്ടവരോട് പൊറുക്കില്ലയെന്നും വിജയ് ബാബു കുറിക്കുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിച്ചതായുള്ള സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിജയ് ബാബുവും വിഷയത്തില്‍ തന്റെ നിലപാട് പറഞ്ഞ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. തങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ചെറിയ വിഷയത്തെ വലുതാക്കാന്‍ പലരും ശ്രമിച്ചിരുന്നതായി സാന്ദ്രയും അഭിപ്രായപ്പെട്ടിരുന്നു.
ഇക്കഴിഞ്ഞ മൂന്നിനാണ് വിജയ് ബാബു തന്നെ മര്‍ദ്ദിച്ചെന്ന പരാതിയുമായി സാന്ദ്ര കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്കിയത്. എന്നാല്‍ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഒരു തര്‍ക്ക വസ്തു തട്ടിയെടുക്കുന്നത് ലക്ഷ്യമാക്കിയാണ് സാന്ദ്ര തോമസിന്റെ പരാതിയെന്നും ആരോപണം ശരിയല്ലെന്ന് താന്‍ തെളിയിക്കുമെന്നും വിജയ് ബാബു പറഞ്ഞിരുന്നു.
2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് സാന്ദ്ര തോമസ് സിനിമാനിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് വിജയ് ബാബുവുമൊത്തുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരേ കൂട്ടമണി, മുദ്ദുഗൗ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസാ’ണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
Post Your Comments