മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. പ്രേക്ഷകരുടെ ദൃശ്യാവകാശത്തെപ്പോലും വെല്ലുവിളിച്ച് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ തീയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. കഷ്ടപ്പെട്ട് പണം മുടക്കുന്ന നിര്‍മാതാവിന്റെ അത്താഴത്തില്‍ കൈയ്യിട്ടുവാരാനുള്ള സംഘടിത നീക്കം മാത്രമാണ് ഫെഡറേഷന്റെ നീക്കമെന്ന് ചുരുക്കി പറയാം. വിജയപരാജയങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ഒരു ഞാണിന്‍മേല്‍ കളിയാണ് ചലച്ചിത്ര നിര്‍മാണം എന്നിരിക്കേ അത്രത്തോളം വെല്ലുവിളി ഏറ്റെടുത്ത് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്ന നിര്‍മാതാക്കളോട് അമ്പതുശതമാനം ലാഭവിഹിതം ചോദിച്ചുവാങ്ങാന്‍ വെമ്പല്‍കൊള്ളുന്ന തീയേറ്റര്‍ ഉടമകളുടെ നിലപാട് ശുദ്ധഅസംബന്ധം തന്നെയാണ്. പല തീയേറ്ററുകളും പ്രേക്ഷകര്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ കൃത്യമായി ഒരുക്കാതെ നല്ലൊരു തുക ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. വിനോദ നികുതിയും സെസും സര്‍ക്കാരിന് കൃത്യമായി അടക്കാതെയും ടിക്കറ്റുകളില്‍ കൃത്രിമം കാണിച്ചും തീയേറ്റര്‍ ഉടമകള്‍ തട്ടിപ്പുനടത്തുകയാണെന്ന വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സ് തീയേറ്ററുകളില്‍ നടത്തിയ പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടുപിടിക്കുകയും ചെയ്തു.
സിനിമയുടെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി എ.കെ ബാലനും പിന്നേട് സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു അത്രേ! തികച്ചും കാര്യമാത്ര പ്രസക്തമായ ഒരാവശ്യത്തിനുവേണ്ടി മുഖ്യമന്ത്രി പോലും ഇടപെട്ട ചര്‍ച്ച കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സമൂഹത്തിന്റെ കലാസ്വാദനത്തെ ബാധിക്കുന്ന രീതിയില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു സ്വകാര്യസംഘടനയുടെ ദാര്‍ഷ്ട്യത്തിനു വിലങ്ങിടാന്‍ കഴിയുന്നില്ല എന്നു പറയുമ്പോള്‍ അവിടെ വെളിവാകുന്നത് ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മയാണ്. അടച്ചിട്ട് പ്രതിഷേധിക്കുന്ന തീയേറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള ആര്‍ജവം എന്തുകൊണ്ട് സര്‍ക്കാരിന് ഇല്ലാതെ പോകുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടച്ചിടുന്ന തീയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കി സര്‍ക്കാര്‍ മറ്റുസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അസോസിയേഷന്‍ ഭാരവാഹിയും മുഖ്യമന്ത്രിയും ഒരേ നാട്ടുകാരന്‍ ആണോ എന്നതൊന്നും ഇവിടെ പ്രസക്തമല്ല. സിനിമ കാണുന്നവരില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അണികളുണ്ടെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. അതോടൊപ്പം നിയമസംവിധാനത്തെ ഉപയോഗിച്ച് തീയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ആര്‍ജവവും സര്‍ക്കാരിന് ഉണ്ടാകണം. ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും ഉപയോഗിച്ച് തീയേറ്ററുകള്‍ പിടിച്ചെടുത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപരമായി സര്‍ക്കാരിന് ബാധ്യതയുണ്ട്. സംഘടിതമായ നീക്കത്തിലൂടെ നിര്‍മ്മാതാവിനെ കുത്തുപാള എടുപ്പിക്കാനും നികുതി വെട്ടിപ്പിലൂടെ സര്‍ക്കാരിന്റെ വരുമാനം ഗണ്യമായി അപഹരിക്കാനും ശ്രമിക്കുന്ന തീയേറ്റര്‍ ഉടമകളെ നിലക്ക് നിര്‍ത്താനും സര്‍ക്കാരിന് കഴിയണം.
നിര്‍ഭാഗ്യവശാല്‍ അത്തരം നീക്കങ്ങള്‍ക്കൊന്നും നില്‍ക്കാതെ സമര ഇടപെടലില്‍നിന്നും സര്‍ക്കാര്‍ പിന്നോക്കം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. തീയേറ്ററുകളില്‍നിന്നുള്ള വരുമാന വിഹിതമായി നിലവില്‍ തുടരുന്ന 40ശതമാനം തന്നെ തീയേറ്ററുകള്‍ക്ക് നല്‍കിയാല്‍ മതി എന്ന നിലപാട് തന്നെയാണ് സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. പ്രശ്‌നപരിഹാരത്തിനു കമ്മീഷനെ വയ്ക്കാമെന്നും സിനിമാ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാമെന്നും സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും അതിന് തള്ളിക്കളയുകയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയ്തത്. ഇത്തരം നിര്‍ദേശങ്ങളൊക്കെ സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഉള്‍പ്പെടുന്നതാണെന്നിരിക്കേ, തീരുമാനം എടുക്കുന്നതിനു പകരം സ്വകാര്യ സംഘടനകളുടെ ഔദാര്യത്തിനും അനുവാദത്തിനുമായി കാത്തുനില്‍ക്കുന്ന പ്രവണത സര്‍ക്കാരിനു ഭൂഷണമല്ല. ഏതായാലും ഒത്തുതീര്‍പ്പ് ഫോര്‍മുലകളെയൊക്കെ തള്ളി സമരം തുടരാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചതോടെ സിനിമാ സംഘടനകള്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹാരമുണ്ടാക്കട്ടെ എന്ന നിലപാടിലേക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചുവടുമാറ്റിയിരിക്കുന്നത്.
പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ഇത്രയേറെ ദിവസം കഴിഞ്ഞിട്ടും പരിഹാരത്തിന് ശ്രമിക്കാതെ പന്ത് സംഘടനകളുടെ കോര്‍ട്ടിലേക്ക് കൊടുക്കാനാണെങ്കില്‍ സിനിമക്കായൊരു വകുപ്പും അതിന് ചുമതലപ്പെട്ട ഒരു മന്ത്രിയും എന്തിനെന്ന് പൊതുജനം ചിന്തിച്ചുപോയാല്‍ കുറ്റം പറയാനാകില്ല. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള 360 തീയേറ്ററുകളാണ് അടച്ചിട്ടിരിക്കുന്നത്. ക്രിസ്മസ്- ന്യൂ ഇയര്‍ ലക്ഷ്യമാക്കി റിലീസ് ചെയ്യാനിരുന്ന നാലോളം ചിത്രങ്ങളാണ് സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടൊപ്പം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരുന്ന നിരവധി ചിത്രങ്ങളെയും സമരം ബാധിച്ചിട്ടുണ്ട്. അതേസമയം എ ക്ലാസ്സ് തീയേറ്ററുകളെ ഒഴിവാക്കി മള്‍ട്ടിപ്ലെക്‌സുകളിലും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള തീയേറ്ററുകളിലുമായി സിനിമകള്‍ റിലീസ് ചെയ്യാനുള്ള നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നീക്കം സ്വാഗതാര്‍ഹമാണ്.
Post Your Comments