GeneralNEWS

ഈ സമരം അനാവശ്യമാണ്, അരുതാത്തതാണ്, കൂടുതൽ നാണക്കേടിൽ നിന്ന് ഒഴിവാകാൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇനിയെങ്കിലും തീരുമാനം വൈകിക്കരുത്

കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പിടിവാശിമൂലം പ്രതിസന്ധിയിലായിരിക്കുന്ന മലയാള ചലച്ചിത്രമേഖലയുടെ സംരക്ഷണത്തിനായി സര്‍ക്കാരും വിവിധ രാഷ്ട്രീയ യുവജനസംഘടനകളും മുന്നോട്ടു വന്നിരിക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണ്. സിനിമകളുടെ തീയേറ്റര്‍ വിഹിതം 50:50 എന്ന അനുപാതത്തില്‍ വീതിക്കണമെന്ന തീയേറ്റര്‍ ഉടമകളുടെ പിടിവാശിയാണ് ആഴ്ചകളായി ചലച്ചിത്രമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍നിന്നും വന്‍തുക ടിക്കറ്റ് ചാര്‍ജും നികുതിയും കഫ്ടീരിയകളില്‍നിന്നും കൊള്ളലാഭവും പിഴിഞ്ഞെടുക്കുന്നതിനു പുറമേയാണ് നിലവില്‍ ലാഭവിവിഹിതമായി ലഭിച്ചുകൊണ്ടിരിക്കുന്ന നാല്‍പത് ശതമാനം തുക പത്തുശതമാനമായി വര്‍ധിപ്പിക്കണമെന്നു തീയേറ്റര്‍ ഉടമകള്‍ ബാലിശവാദം ഉന്നയിക്കുന്നത്. പണം മുടക്കുന്ന നിര്‍മാതാവിനെ നോക്കുകുത്തിയാക്കി കൊള്ളയടിക്കാനും ചലച്ചിത്രമേഖലയില്‍ താന്‍പോരിമ സൃഷ്ടിക്കാനുമുള്ള നീക്കം കാലാകാലങ്ങളിലൊക്കെ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്താറുണ്ട്. മലയാള സിനിമ സാമ്പത്തികമായി വിജയിക്കുമ്പോഴൊക്കെ മുരട്ടുന്യായങ്ങളുമായി സമരം പ്രഖ്യാപിക്കുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ കഴിഞ്ഞവര്‍ഷവും ക്രിസ്മസ്-പുതുവത്സര സീസണില്‍ സമരവുമായി എത്തിയിരുന്നു. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രങ്ങള്‍ക്കു തീയേറ്റര്‍ നല്‍കുന്ന നിലപാടാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഏതായാലും ഇക്കുറി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുട്ടുമടക്കി സ്വയം സമരം അവസാനിപ്പിക്കുന്ന സാഹചര്യമാണ് സമീപദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

അനാവശ്യവാദങ്ങള്‍ നിരത്തി ചലച്ചിത്രമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനും തീയേറ്ററുകള്‍ അടച്ചിടുന്നതിനുമെതിരേ സര്‍ക്കാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ യുവജന സംഘടനകളും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ രംഗത്തുവന്നിട്ടുണ്ട്. സമരം അടിയന്തിരമായി അവസാനിപ്പിച്ചില്ലെങ്കില്‍ ജില്ലാഭരണകൂടത്തെ ഉപയോഗിച്ച് തീയേറ്ററുകള്‍ പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടാകും. ഇതോടൊപ്പം തീയേറ്ററുകള്‍ക്കു മുന്നില്‍ പ്രക്ഷോഭവുമായി യുവജന സംഘടനകള്‍ അണിനിരന്നാല്‍ അതിനെ പ്രതിരോധിക്കുക തീയേറ്റര്‍ ഉടമകള്‍ക്ക് എളുപ്പമാകില്ല. നേരത്തെ സാംസ്‌കാരികമന്ത്രിയുമായും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വന്തം നിലപാടില്‍നിന്നും അണുവിട വ്യതിചലിക്കാന്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ തയ്യാറാകാതെ വന്നതോടെയാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ ആലോചിക്കുന്നത്. മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുകയും അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയു ചെയ്താല്‍ തീയേറ്ററുകള്‍ക്കു മുന്നില്‍ സമരം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസും എ.ബി.വി.പിയും അടക്കമുള്ള സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു. മലയാള സിനിമ വ്യവസായത്തെ തകര്‍ക്കാനുള്ള നീക്കമാണ് തീയേറ്റര്‍ ഉടമകളുടെ സമരത്തിനു പിന്നിലെന്നും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതെ ഇതരഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു. സമരം അവസാനിപ്പിക്കാത്തതിനു കാരണം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ പിടിവാശിയാണെന്നു കഴിഞ്ഞ ദിവസം ബി ക്ലാസ്സ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തുറന്നടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ലിബര്‍ട്ടി ബഷീര്‍ തലശ്ശേരിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിനു നിയമ നടപടി നോക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ആയിരക്കണക്കിനു ആളുകളുടെ ജീവിതമാര്‍ഗമായ സിനിമാവ്യവസായം തകര്‍ച്ചയും പ്രതിസന്ധിയും നേരിടുന്നതില്‍ സര്‍ക്കാരിനു താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ കര്‍ശന നിലപാടിലേക്കു പോകുന്ന സര്‍ക്കാര്‍ ഉടന്‍ തന്നെ സിനിമാരംഗത്തെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും. ചലച്ചിത്രരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു കേരള ഫിലിം റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക, ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണം നടപ്പാക്കുക, ബി ക്ലാസ്സ് ഉള്‍പ്പടെ മികച്ച തീയേറ്ററുകളില്‍ റിലീസ് സൗകര്യം ഒരുക്കുക എന്നിവയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹരിക്കുന്നതിനു പ്രത്യേകം കമ്മീഷനെ വയ്ക്കാമെന്ന സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ അവഗണിച്ച ഏക സംഘടനയും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മാത്രമാണ്. അതില്‍നിന്നുതന്നെ ഈ രംഗത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദശക്തിയായി എക്കാലവും നിലനില്‍ക്കണമെന്നും അവര്‍ വ്യക്തമാക്കി കഴിഞ്ഞു.

ഈമാസം പത്തിനു ചേരുന്ന ജനറല്‍ ബോഡി യോഗത്തിനുശേഷമേ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നാണ് ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഒരാഴ്ചകൂടി സമരം നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന നിലപാടാണ് ഇതര സിനിമാ സംഘടനകള്‍ക്കും പൊതുസമൂഹത്തിനു ഒന്നാകെയും ഉള്ളത്. പ്രേക്ഷകരുടെ ദൃശ്യാവകാശത്തിനുമേലുള്ള കടന്നുകയറ്റം കൂടിയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ കോണുകളില്‍നിന്നും പ്രതിഷേധം ഇരന്നുവാങ്ങി അപഹാസ്യരായി സമരം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി നാണം കെടുന്നതിനുമുമ്പേ പിടിവാശി കൈവെടിഞ്ഞ് അടിയന്തിരമായി സമരം അവസാനിപ്പിക്കുന്നത് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ഉചിതം.

shortlink

Related Articles

Post Your Comments


Back to top button