ഐ.വി.ശശി സംവിധാനം ചെയ്ത് മമ്മൂട്ടി, റഹ്മാൻ, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു “കാണാമറയത്ത്”. പത്മരാജനായിരുന്നു ചിത്രത്തിന്റെ രചന. ശോഭന ആദ്യമായിട്ടാണ് ഐ.വി.ശശിയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. അതു കാരണം അദ്ദേഹത്തിന്റെ ദേഷ്യ സ്വഭാവത്തെക്കുറിച്ച് ശോഭനയ്ക്ക് വലിയ പിടിയില്ലായിരുന്നു. ചിത്രീകരണം തുടങ്ങി ആദ്യദിനം തന്നെ ഗാനരംഗമായിരുന്നു എടുത്തത്. ഇറക്കം തീരെ കുറഞ്ഞ ഫ്രോക്ക് പോലെയുള്ള ഡ്രസ്സ് ധരിച്ചു കൊണ്ട് ശോഭന ഡാൻസ് ചെയ്യുന്നതായിരുന്നു രംഗം. അത്തരത്തിലുള്ള വസ്ത്രധാരണ രീതി തനിക്കു പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് ശോഭന ക്യാമറയ്ക്കു മുന്നിൽ വരാൻ മടിയോടു കൂടി നിന്നു. അതു കണ്ട് ദേഷ്യം പൂണ്ട ഐ.വി.ശശി “അങ്ങനെ പറ്റില്ല. എന്റെ നായികയുടെ വേഷം ഇതാണ്. ചെയ്തേ പറ്റൂ” എന്ന് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു.
എെ.വി ശശിയുടെ ദേഷ്യത്തിന്റെ അളവിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന, ലൊക്കേഷനിലെ മറ്റു താരങ്ങൾ ശോഭനയെ ഓരോന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയും, ഷോട്സിനു മുകളിലാണ് ഫ്രോക്ക് ഇടുന്നത് ദോഷം വരില്ല എന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. മനസ്സില്ലാ മനസ്സോടെ ആ രംഗത്ത് അഭിനയിച്ച ശോഭന പലപ്പോഴായി കാറ്റ് ശക്തിയായി വീശുമ്പോൾ കൈകൊണ്ട് ഫ്രോക്ക് ഒതുക്കി പിടിക്കാനായി ശ്രമിച്ചു. വീണ്ടും ഐ.വി.ശശി ഇടപെട്ട്, “അത് പറ്റില്ല” എന്ന് ആവശ്യപ്പെട്ടു. ഇത്തവണ ഡാൻസ് മാസ്റ്ററും അത് തന്നെ പറഞ്ഞു. ആവർത്തിച്ച് പറഞ്ഞിട്ടും ശോഭന വീണ്ടും ഫ്രോക്ക് കൈ കൊണ്ട് ഒതുക്കി തന്നെ ആ സീനിൽ പെർഫോം ചെയ്തു. ഒടുവിൽ സഹികെട്ട് ഐ.വി.ശശി പൊട്ടിത്തെറിച്ചു. സെറ്റിൽ എല്ലാവരും സ്തബ്ധരായി നിന്നു.
ശേഷം ടേക്കിന് പോയപ്പോൾ ശോഭന കൈകൊണ്ട് ഫ്രോക്ക് പിടിക്കാതെ തന്നെ, വേഗതയിൽ കറങ്ങി. ഐ.വി.ശശി ഉദ്ദേശിച്ച സ്വാഭാവികത ആ രംഗത്തിന് ലഭിച്ചു. ദേഷ്യത്തോടെ ക്യാമറയ്ക്കു മുന്നിൽ നിന്ന ശോഭന “എന്താ ഇത്രയും മതിയോ? ” എന്ന് ഉറക്കെ ചോദിച്ചിട്ടാണ് അവിടം വിട്ടത് !
Post Your Comments