കോട്ടയം : സിനിമാ തര്‍ക്കത്തിന്റെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് മുഖ്യമന്ത്രി, ഡി.ജി.പി, ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്കി.
ജയറാം ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം കുട്ടമ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ ശക്തമായി പ്രതികരിക്കണമെന്ന് മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. സിനിമാ തര്‍ക്കത്തില്‍ സിനിമാ ആസ്വാദകര്‍ കക്ഷിയല്ല. എന്നിട്ടും സ്വന്തം താത്പര്യസംരക്ഷണത്തിനായി താരങ്ങള്‍ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് ഫൗണ്ടേഷന് കുറ്റപ്പെടുത്തി. സാമൂഹ്യപ്രതിബദ്ധതയുള്ള താരങ്ങള്‍ തന്നെ ആരാധകരെ കലാപത്തിനു പ്രേരിപ്പിക്കുന്നത് മൂല്യച്യുതിയാണ്.
മലയാള ഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവില്‍ തര്‍ക്കത്തെ തങ്ങള്‍ക്കിഷ്ടമുള്ള വിധം തിരിച്ചുവിടാനാണ് മണിയന്‍പിള്ളയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല. തര്‍ക്കം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇതിനായി ഹീനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് താരങ്ങള്‍ അവസാനിപ്പിക്കണം. കലയെന്ന നിലയിലാണെങ്കില്‍ ഏതൊരു സിനിമയും കാണാന്‍ പ്രേക്ഷകന് അവസരമുണ്ടാകണം. മലയാള ഭാഷയെ സിനിമാ തര്‍ക്കവുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. ഭാഷയെയും പ്രേക്ഷകരെയും തര്‍ക്കത്തില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്താന്‍ തയ്യാറാകണം. ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ആര്. അജിരാജകുമാര്‍, ബിനു പെരുമന, ആല്ബിന് ജോസഫ്, സാംജി പഴേപറമ്പില്‍, സോണി ഫിലിപ്പ്, അനൂപ് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം എബി ജെ. ജോസ്
Post Your Comments