സക്കറിയാ പോത്തന്റെയും, സുഹൃത്തുക്കളുടെയും കോളേജ് ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ മനോഹരമായ ഗാനം. അവർ അങ്ങനെ കളിച്ചും, ചിരിച്ചും, രസിച്ചും ഇളകി മറിയുകയാണ്. എൺപതുകളിലെ കോളേജുകളിൽ കാണാവുന്ന രസകരമായ പതിവ് കാഴ്ച. നവാഗതനായ സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്ത്, ധ്യാൻ ശ്രീനിവാസൻ , അജു വർഗ്ഗീസ്, അർജുൻ നന്ദകുമാർ, ദീപക് പരമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച “ഒരേ മുഖം” എന്ന ചിത്രത്തിലെ ഹൈലൈറ്റായ ഗാനരംഗമാണിത്. ഗാനരചനയിൽ തുടക്കം കുറിയ്ക്കുന്ന ലാൽജി കാട്ടിപ്പറമ്പന്റെ വരികൾക്ക്, ബിജിബാലിന്റേതാണ് ഈണം. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിട്ടുള്ളത്.
വീഡിയോ കാണാം
എൺപതുകളില്‍ കോളേജ് കഥകൾ പറയുന്ന സിനിമകളിലെ ഗാനങ്ങളുടെ അതേ ഫോർമാറ്റിൽ, വ്യക്തമായ വേഗതയോടെ, ചടുലതയോടെ, രംഗം ആവശ്യപ്പെടുന്ന ഭാവത്തോടെ തയ്യാറാക്കപ്പെട്ട ഈ ഗാനം ഒറ്റത്തവണ കേൾക്കുമ്പോൾ തന്നെ ഇഷ്ടം തോന്നുന്ന തരത്തിലുള്ളതാണ്. ബിജിബാലിന്റെ വളരെ മികച്ച കമ്പോസിഷനും, ലാൽജിയുടെ വരികളും തമ്മിലുള്ള അപാരമായ ചേർച്ചയാണ് ഗാനത്തിന്‍റെ മര്‍മ്മം. വളരെ മനോഹരമായി പാടിയ വിനീത് ശ്രീനിവാസനും അഭിനന്ദനങ്ങൾ. യൂടൂബിൽ ഇതിനോടകം തന്നെ 10 ലക്ഷം വ്യൂസും കടന്ന് മുന്നേറുകയാണ് “സതിരുമായ്”. മലയാളസിനിമാ ഗാനശാഖയ്ക്ക് ഈ കഴിഞ്ഞ കുറേക്കാലമായി സംഭവിച്ചിട്ടുള്ള ഫോം ഔട്ട് എന്ന പ്രതിഭാസത്തിന് ഇതുപോലുള്ള രസകരമായ ഗാനങ്ങളിലൂടെ ഒരു മാറ്റമുണ്ടാകും. ഉറപ്പ്.
Post Your Comments