GeneralNEWS

മലയാള സിനിമ – 2016 ; പുതുമയോടെ തുടങ്ങി, നില നിന്നു, ഒടുവിൽ സമരം നടുവൊടിച്ചു!

മലയാള സിനിമയിൽ ഏറെ വിപ്ലവങ്ങൾക്ക് വഴി തെളിച്ച, പരീക്ഷണ ശ്രമങ്ങൾക്ക് നിറഞ്ഞ സ്വീകരണം ലഭിച്ച ഒരു വർഷമാണ് 2016. 141 സിനിമകൾ റിലീസായ 2015’നെ അപേക്ഷിച്ച് 23 സിനിമകളുടെ കുറവോടെ 118 എന്ന കണക്കിലാണ് 2016 അവസാനിച്ചത്. അവസാന സമയത്ത് പൊട്ടിപ്പുറപ്പെട്ട അനാവശ്യ സിനിമാ സമരം കാരണം ഏകദേശം അഞ്ചോളം സിനിമകളുടെ റിലീസ് മുടങ്ങിയതും എണ്ണം കുറയാൻ കാരണമായി. എന്നാലും കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, സിനിമ എന്ന ഘടകത്തിന് ഏറെ ഗുണം ചെയ്ത വർഷമായിരുന്നു 2016. പക്ഷെ, ഹിറ്റുകളുടെയും, ലാഭം നേടിയവയുടെയും എണ്ണത്തിൽ കാര്യമായ കുറവ് വന്നതു കാരണം ഒരു വ്യവസായം എന്ന നിലയിൽ കണക്കുകൾ സൂചിപ്പിക്കുന്നത് തകർച്ചയാണ്.

ജനുവരി

അന്യഭാഷാ മൊഴിമാറ്റം ഉൾപ്പെടെ 13 സിനിമകൾ റിലീസായ ജനുവരിയിൽ പൃഥ്വിരാജ് സിനിമയായ “പാവാട” മാത്രമാണ് ലാഭം നേടിയത്. മണിയൻപിള്ള രാജു നിർമ്മിച്ച്, ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത “പാവാട” സൂപ്പർഹിറ്റായിരുന്നു. ഏറെ പ്രതീക്ഷയോടെ വന്ന “മൺസൂൺ മാംഗോസ്”, “സ്റ്റൈൽ” എന്നിവയ്ക്ക് ജനപ്രീതി നേടാൻ കഴിഞ്ഞില്ല.

ഫെബ്രുവരി

10 സിനിമകളാണ് ഫെബ്രുവരിയിൽ റിലീസായത്. അവയിൽ “ആക്ഷൻ ഹീറോ ബിജു”, “മഹേഷിന്റെ പ്രതികാരം”, “വേട്ട” എന്നീ സിനിമകൾ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചു. “ആക്ഷൻ ഹീറോ ബിജു”, “മഹേഷിന്റെ പ്രതികാരം” എന്നിവ മികച്ച കളക്ഷൻ നേടി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളായി മാറി. ഈ രണ്ട് സിനിമകളിലൂടെ ‘റിയലിസ്റ്റിക്’ എന്ന രസകരമായ ശൈലിയ്ക്ക് മലയാള സിനിമയിൽ തുടക്കം കുറിച്ചു. യഥാക്രമം, സംവിധായകരായ എബ്രിഡ് ഷൈൻ, ദിലീഷ് പോത്തൻ എന്നിവരുടെ അടുത്ത സിനിമകൾക്ക് യാതൊരു വിധ പ്രൊമോഷന്റെയും ആവശ്യം വരില്ല. കാരണം ഈ രണ്ട് സിനിമകൾ ഇനി അവരെക്കുറിച്ച് ഏറെക്കാലം സംസാരിക്കും, ഉറപ്പ്. “പുതിയ നിയമം” എന്ന സിനിമയ്ക്ക് സൂപ്പർ താരം മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിട്ടും അധികം ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല.

മാർച്ച്

ഫെബ്രുവരിയ്ക്കു സമാനമായി 10 സിനിമകളായിരുന്നു മാർച്ചിലും റിലീസായത്. അവയിൽ സമീർ താഹിർ-ദുൽക്കർ സൽമാൻ ടീമിന്റെ “കലി”, ജിജോ ആന്റണി-പൃഥ്വിരാജ് ടീമിന്റെ “ഡാർവിന്റെ പരിണാമം” എന്നിവ മാത്രമായിരുന്നു തീയറ്ററിൽ പോയി കാണാനെങ്കിലും പ്രേക്ഷകർ താൽപ്പര്യം കാണിച്ചത്. രണ്ട് സിനിമകളും നിർമ്മാതാവിന് ലാഭം ലഭിക്കത്തക്ക അളവിൽ വിജയം കൈവരിച്ചില്ലെങ്കിലും, സംസാര വിഷയമായി മാറിയിരുന്നു. കൂട്ടത്തിൽ “കലി”യായിരുന്നു ഭേദം.

ഏപ്രിൽ

ടിക്കറ്റ് വെൻഡിംഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ പേരിലുണ്ടായ തർക്കം കാരണം രൂപപ്പെട്ട സിനിമാ സമരം നശിപ്പിച്ച ഏപ്രിലിൽ 8 സിനിമകൾ മാത്രമാണ് റിലീസായത്. പുതുമ തീരെ ഇല്ലായിരുന്നെങ്കിലും, ഒരു കൊമേഴ്‌സ്യൽ സിനിമയെന്ന നിലയിലും, സിദ്ദിക്ക്-ലാൽ-ദിലീപ് കൂട്ടുകെട്ടിന്റെ പേരിലും “കിംഗ് ലയർ” വിജയം നേടി. സമരം കാരണം ഇനിഷ്യൽ കളക്ഷനിൽ കുറവ് വന്നെങ്കിലും, പിന്നീടുള്ള തള്ളിക്കയറ്റം സിനിമയ്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി. വിനീത് ശ്രീനിവാസൻ – നിവിൻ പോളി ടീമിന്റെ സിനിമയായ “ജേക്കബിന്റെ സ്വർഗ്ഗരാജ്യം” മികച്ച ഇനിഷ്യൽ കളക്ഷൻ നേടിയെങ്കിലും, പ്രസ്തുത ടീമിന്റെ പതിവ് വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. പക്ഷെ സിനിമ ഹിറ്റാണ്. ക്ലാസ് എന്ന് പേരെടുത്ത രഞ്ജിത്ത് ചിത്രം “ലീല” ബോക്സ് ഓഫീസിൽ പരാജയമായി. ബാക്കി ഒന്നും തന്നെ പ്രേക്ഷരുടെ ഇഷ്ടം നേടിയില്ല.

മേയ്

ഫെബ്രുവരിയുടെയും, മാർച്ചിന്റെയും കൂട്ടുപിടിച്ച് 10 സിനിമകളാണ് മേയിൽ റിലീസായത്. രാജീവ് രവി-ദുൽക്കർ സൽമാൻ കൂട്ടുകെട്ടിൽ പിറന്ന “കമ്മട്ടിപ്പാടം” ഏറെ ജനശ്രദ്ധ നേടി, സൂപ്പർ ഹിറ്റായി. മണികണ്ഠൻ, വിനായകൻ എന്നീ നടന്മാർ പ്രത്യേക ഇമ്പാക്റ്റ് സൃഷ്ടിച്ചു. ന്യൂ ജനറേഷൻ ശൈലിയിലെ സിനിമയായ “ഹാപ്പി വെഡ്ഡിംഗ്” അപ്രതീക്ഷിത വിജയം നേടി. ഷറഫുദീൻ, സൗബിൻ ഷാഹിർ എന്നിവരുടെ സ്വാഭാവിക പ്രകടനം സിനിമയുടെ ജനപ്രീതിയ്ക്കു കാരണമായി. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ തുടക്കം കുറിച്ച “മുദ്ദുഗവ്വു” ചെറുതായി പോസിറ്റീവ് ഓളം സൃഷ്ടിക്കുകയും, സുജിത്ത് വാസുദേവ്- പൃഥ്വിരാജ് ടീമിന്റെ “ജെയിംസ് & ആലീസ്” ക്ലാസ് ചിത്രമെന്ന പേരെടുക്കുകയും ചെയ്തു. ഏറെ പ്രതീക്ഷയോടെ വന്ന റോഷൻ ആൻഡ്രൂസ്-ജയസൂര്യ-ബോബി-സഞ്ജയ്‌ ടീമിന്റെ “സ്‌കൂൾ ബസ്”, ഋഷി ശിവകുമാർ – കുഞ്ചാക്കോ ബോബൻ ടീമിന്റെ “വള്ളീം തെറ്റി പുള്ളീം തെറ്റി” എന്നീ സിനിമകൾ വൻപരാജയങ്ങളായിരുന്നു.

ജൂൺ

11 സിനിമകൾ റിലീസായ ജൂണിൽ സനൽ കുമാർ ശശിധരന്റെ “ഒഴിവുദിവസത്തെ കളി” ഏറെ ജനപ്രീതി നേടി. ആർട്ട് സിനിമാ കാറ്റഗറിയിൽ വരുന്ന സിനിമകൾക്കും തീയറ്ററിൽ “ഹൗസ് ഫുൾ” ബോർഡ് തൂങ്ങും എന്ന് പ്രസ്തുത സിനിമ തെളിയിച്ചു. റിയലിസ്റ്റിക് സമീപനമായിരുന്നു പ്രധാന ഹൈലൈറ്റ്. സംവിധായകന്‍ ആഷിക് അബുവിന്റെ പ്രൊമോഷന്‍ സഹകരണവും “ഒഴിവു ദിവസത്തെ കളി “യ്ക്കുണ്ടായിരുന്നു. ഒപ്പം നവാഗതനായ ജയപ്രകാശ നാരായണൻ സംവിധാനം ചെയ്ത “ലെൻസ്” എന്ന സിനിമയും പ്രേക്ഷകരെ ഞെട്ടിച്ചു. ഇത്തരം വിഷയങ്ങൾ സിനിമയാക്കാൻ ടീം ലെന്‍സ്‌ എടുത്ത ധൈര്യവും, അത് വിതരണം ചെയ്യാൻ തയ്യാറായ ലാൽജോസും ഏറെ അഭിനന്ദനങ്ങൾ നേടി. വേറെ ഒരു സിനിമയ്ക്കും തന്നെ പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല.

ജൂലൈ

7 സിനിമകൾ മാത്രമായിരുന്നു ജൂലൈയുടെ സമ്പാദ്യം. നവാഗതനായ ഷാനവാസ്.കെ.ബാവക്കുട്ടിയുടെ സംവിധാനത്തിൽ ഷെയിൻ നിഗം, ശ്രുതി മേനോൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തിയ “കിസ്മത്ത്” ഏറ്റവും മികച്ച വിജയം നേടി. ലോ ബഡ്ജറ്റ് ചിത്രമെന്ന നിലയ്ക്ക് ഗംഭീര കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചത്. ലാൽജോസായിരുന്നു വിതരണം. “അനുരാഗകരിക്കിൻ വെള്ളം” കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി. ബിജുമേനോൻ, ആസിഫ് അലി, റെജിഷ വിജയൻ, ആശാ ശരത് എന്നിവരുടെ മികച്ച പ്രകടനങ്ങൾ വിജയഘടകമായിരുന്നു. നവാഗത സംവിധായകൻ ഖാലിദ് റഹ്‌മാന്റെ ശൈലി ഏവർക്കും ഇഷ്ടമായി. ദീപു കരുണാകരൻ – മഞ്ജു വാരിയർ ടീമിന്റെ “കരിങ്കുന്നം സിക്സസ്” ശരാശരി വിജയം നേടി. കൊമേഴ്‌സ്യൽ ചേരുവകൾ മാത്രമുള്ള “കസബ” സൂപ്പർ താരം മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ തന്നെ “വൈറ്റ്” എന്ന സിനിമ സമ്പൂർണ്ണ പരാജയമായി മാറി. “ഷാജഹാനും പരീക്കുട്ടിയും”, “പാവ” എന്നീ സിനിമകൾ വൻപരാജയങ്ങളായിരുന്നു.

ആഗസ്റ്റ്

16 സിനിമകൾ റിലീസ് ചെയ്ത ആഗസ്റ്റിൽ ഗപ്പി, ആൻ മരിയ കലിപ്പിലാണ്, വിസ്മയം, മരുഭൂമിയിലെ ആന, പ്രേതം എന്നിവയിൽ മാത്രമാണ് പ്രേക്ഷക ശ്രദ്ധ പതിഞ്ഞത്. രഞ്ജിത്ത് ശങ്കർ-ജയസൂര്യ ടീമിന്റെ “പ്രേതം” പ്രതീക്ഷിച്ച വിജയം നേടി. തെലുങ്ക് ഡബ്ബിംഗ് ചിത്രമായ “വിസ്‌മയം ” മോഹൻലാലിൻറെ സാന്നിധ്യം കൊണ്ട് ഹിറ്റായി മാറി. മിഥുൻ മാനുവൽ തോമസിന്റെ “ആൻ മരിയ കലിപ്പിലാണ്” ഏറെ ജനപ്രീതി നേടിയെങ്കിലും, ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല. ജോൺ പോൾ ജോർജ്ജിന്റെ പരീക്ഷണ സിനിമയായ “ഗപ്പി” ക്ലാസ് സിനിമയെന്ന അഭിപ്രായം നേടിയെങ്കിലും, ബോക്സ് ഓഫീസിൽ പരാജയമായി. ശേഷം ഡി.വി.ഡി റിലീസിൽ “ഗപ്പി” ഏറെ ചർച്ച ചെയ്യപ്പെട്ടു. ബാക്കി 11 സിനിമകളും തീയറ്ററിൽ ആളില്ലാതെ ഹോൾഡ് ഓവർ ചെയ്യപ്പെട്ടു.

സെപ്റ്റംബർ

ഓണക്കാലമായ സെപ്റ്റംബറിൽ 13 സിനിമകൾ റിലീസായി. പതിവു രീതികളിൽ നിന്നു മാറി വ്യത്യസ്തമായ സമീപനത്തോടെ പ്രിയദർശൻ ചെയ്ത മോഹൻലാൽ ചിത്രമായ “ഒപ്പം” ഏറ്റവും മികച്ച കളക്ഷനോടെ ഗംഭീര വിജയം നേടി. കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ “ഒരു മുത്തശ്ശി ഗദ” സൂപ്പർ ഹിറ്റായി. തന്റെ മുൻകാല ചിത്രങ്ങളുടെ നിലവാരം നിലനിർത്താൻ കഴിയാതെ പോയതിനാൽ, ജീത്തു ജോസഫ് എഴുതി സംവിധാനം നിർവ്വഹിച്ച പൃഥ്വിരാജ് ചിത്രമായ “ഊഴം” ഇനിഷ്യൽ കളക്ഷൻ നേടിയതൊഴിച്ചാൽ പരാജയമായി മാറി. സിദ്ധാർത്ഥ് ശിവ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിന്റെ “കൊച്ചൗവ പോലോ അയ്യപ്പ കോലോ” ശരാശരി വിജയം നേടി.

ഒക്ടോബർ

വെറും 6 സിനിമകൾ മാത്രം റിലീസായ ഒക്ടോബർ, മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ – ടോമിച്ചൻ മുളകുപാടം ടീമിന്റെ “പുലിമുരുകൻ” നേടിയ അഭൂതപൂർവ്വമായ വിജയത്തിലൂടെ മലയാള സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ്വ് നൽകി. 150 കോടിയിൽ പരം കളക്ഷൻ നേടി ഏവർക്കും അത്ഭുതമായി മാറിയ “പുലിമുരുകൻ” ഇപ്പോഴും തീയറ്ററിൽ കളിക്കുന്നുണ്ട് എന്നത് രസകരമായ വസ്തുതയാണ്. പക്കാ കൊമേഴ്‌സ്യൽ സിനിമ എന്ന നിലയ്ക്ക് പുലിമുരുകന്റെ തെലുങ്ക് ഡബ്ബിംഗ് വേർഷനും അവിടെ ഗംഭീര വിജയം നേടിയിരുന്നു. ഒപ്പം റിലീസായ, മമ്മൂട്ടി – ജോണി ആന്റണി കൂട്ടുകെട്ടിന്റെ “തോപ്പിൽ ജോപ്പൻ” ഒരു എന്റർടെയിനർ എന്ന നിലയിലുള്ള വിജയം നേടി. വിനീത് ശ്രീനിവാസൻ നിർമ്മിച്ച്, ഗണേഷ് രാജ് സംവിധാനം നിർവ്വഹിച്ച “ആനന്ദം” ഏറെ ജനശ്രദ്ധയാകർഷിച്ചു. പുതുമുഖങ്ങളായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ലിജു തോമസ് – ബിജു മേനോൻ – ആസിഫ് അലി ടീമിന്റെ “കവി ഉദ്ദേശിച്ചത്” ശരാശരി വിജയം നേടി. ആസിഫ് അലിയായിരുന്നു സിനിമ നിർമ്മിച്ചത്.

നവംബർ

5 സിനിമകൾ മാത്രമായതിനാൽ, 2016’ൽ ഏറ്റവും കുറവ് റിലീസുണ്ടായ മാസം എന്നത് നവംബറായി മാറി. നായക സങ്കല്പം തന്നെ മാറ്റിമറിച്ച “കട്ടപ്പനയിലെ ഋത്വിക് റോഷൻ” ഗംഭീര വിജയം നേടി. സംവിധായകൻ നാദിർഷയ്ക്ക് വീണ്ടും പ്രേക്ഷകരുടെ കയ്യടി. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന, തിരക്കഥാകൃത്തുക്കളിൽ ഒരാളെ നായകനാക്കാൻ നാദിർഷ കാണിച്ച ധൈര്യം ഫലം ചെയ്തു. ജോസ് തോമസ് – ബിജു മേനോൻ ടീമിന്റെ “സ്വർണ്ണകടുവ” പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള “ബിജുമേനോൻ തരംഗം” കാരണം രക്ഷപെട്ടു.

ഡിസംബർ

തീയറ്ററുകൾക്ക് ലഭിക്കുന്ന കളക്ഷൻ നിരക്കിൽ വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തിയ അനിശ്ചിതകാല സമരം കാരണം ഡിസംബർ എന്ന മാസത്തിൽ മലയാള സിനിമയുടെ നടുവൊടിഞ്ഞു എന്നതാണ് വാസ്തവം! 8 സിനിമകൾ മാത്രമാണ് റിലീസായത്. ക്രിസ്മസ് ലക്ഷ്യമാക്കി റിലീസിന് തയ്യാറായിരുന്ന അഞ്ചോളം സിനിമകൾ സമരത്തിൽ മുങ്ങി ഇപ്പോഴും ത്രിശങ്കു സ്വർഗ്ഗത്തിലാണ്. റിലീസായ സിനിമകളിൽ നവാഗതനായ സജിത്ത് ജഗദ്‌നന്ദൻ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ “ഒരേ മുഖം” മികച്ച വിജയം നേടി. ധ്യാനിന്റെ വ്യത്യസ്തമായ മുഖം പ്രേക്ഷകർക്ക് ഈ സിനിമയിലൂടെ കാണാൻ കഴിഞ്ഞു. “ഒരേ മുഖം” ഒഴിച്ച് വേറെ ഒന്നിനും പ്രേക്ഷകരുടെ പ്രീതി നേടാൻ കഴിഞ്ഞില്ല. മുൻറിലീസുകളായ “പുലിമുരുകൻ”, “കട്ടപ്പനയിലെ ഋത്വിക് റോഷൻ” എന്നിവ തന്നെയാണ് ഒരേ മുഖത്തോടൊപ്പം ഇപ്പോഴും തീയറ്ററുകളിൽ തുടരുന്നത്.

shortlink

Related Articles

Post Your Comments


Back to top button