ഇന്ദ്രിയങ്ങളില്‍ പടരുന്ന ഇലഞ്ഞിപ്പൂമണത്തിന്‍റെ സുഗന്ധം തേടി ജർമനിയിൽ നിന്ന് ജെന്നിഫര്‍ എന്ന യുവതി.
എഴുപതുകളിൽ മലയാളി മനസ്സിനെ ഇമ്പം കൊള്ളിച്ച ഗാനമാണ് അയല്‍ക്കാരി എന്ന ചിത്രത്തിലെ ‘ഇലഞ്ഞിപ്പൂമണമൊഴുകി…’ ഈ ഗാനത്തിന്റെ രചയിതാവിനെ തേടിയെത്തിയിരിക്കുകയാണ് ജർമനിയിൽ നിന്ന് ജെന്നിഫര്‍ എന്ന യുവതി. രണ്ടുവർഷത്തിനു മുമ്പ് പാട്ട് കേട്ടപ്പോള്‍ മുതല്‍ മനസ്സിൽ കയറിയ ആഗ്രഹത്തിന്റെ സഫലീകരണമാണ് കഴിഞ്ഞ ദിവസം ശ്രീകുമാരൻ തമ്പിയുടെ വീട്ടില്‍ നടന്നത്.
ജർമനിയിലെ ഹാംബർഗ് സ്വദേശിയായ ജെന്നിഫര്‍ കുറച്ചുകാലം തിരുവനന്തപുരത്തെ ജർമന്‍ സാംസ്‌കാരികകേന്ദ്രത്തിൽ ജർമൻ ഭാഷ പഠിപ്പിക്കാനെത്തിയിരുന്നു. അക്കാലത്ത് താമസസ്ഥലത്തിനു സമീപത്തുനിന്ന് യാദൃച്ഛികമായാണ് അവര്‍ ഈ ഗാനം കേട്ടത്. നാട്ടിലേക്കു തിരിച്ചുപോയശേഷവും മനസ്സിൽ ഈ ഗാനം മായാതെനിന്നു. തുടർന്ന് യു ട്യൂബിൽ നിന്നും ഗാനം തപ്പിയെടുത്തു. ഇപ്പോൾ വീണ്ടും തിരുവനന്തപുരത്ത് അമ്മയോടൊപ്പം എത്തിയ ജെന്നിഫര്‍ പാട്ടിന്റെ ‘പിന്നിലുള്ളവരെ’ നേരില്‍കാണുവാനായി ആഗ്രഹിച്ചു. അതിനായി ഈ ഗാനം ആലപിച്ച യേശുദാസിനെ സമീപിച്ച ശേഷമാണ് ശ്രീകുമാരൻ തമ്പിയെ കാണാനുള്ള അവസരം അവര്‍ക്ക് ലഭിച്ചത്.
കാലില്‍ ഇലഞ്ഞിയെന്നു പച്ചകുത്തിയിട്ടുള്ള ജെന്നിഫര്‍ ഈ പാട്ട് കേട്ട ശേഷം തനിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പറയുന്നു. ഇന്ത്യന്‍ സംഗീതം വളരെ മഹത്വമുള്ളതാണെന്നു പറയുന്ന ജന്നിഫര്‍ ഓരോ നിമിഷവും ഈ ഗാനത്തിന്റെ ഓര്‍മയിലാണ് ജീവിക്കുന്നത്
ജെന്നിഫര്‍ മലയാള ഭാഷ പാട്ടിന്റെ സ്വാധീനത്തിലൂടെ പഠിച്ചതായി ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെടുന്നു . 1976-ല്‍ പുറത്തിറങ്ങിയ ‘അയല്‍ക്കാരി’ എന്ന ചിത്രത്തിലേതാണ് ഗാനം . ഈ പാട്ടിനു ഈണം നല്‍കിയത് ജി ദേവരാജനാണ്.
Post Your Comments