സ്നാപ് ഡീലിന്റെ അംബാസിഡർ സ്ഥാനത്ത് നിന്നും ആമിർ ഖാനെ നീക്കം ചെയ്തതിനു കാരണം ബി.ജെ.പിയാണെന്ന വാർത്ത തെറ്റാണെന്ന് പാർട്ടി ഐ.ടി സെൽ തലവൻ അരവിന്ദ് ഗുപ്ത ട്വിറ്ററിലൂടെ അറിയിച്ചു. ആമിർ ഖാനെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നത് വെറും കള്ളമാണെന്നും അദ്ദേഹം പറയുന്നു. മാധ്യമ പ്രവർത്തകയായ സ്വാതി ചതുർവേദി “ഐ ആം എ ട്രോൾ” എന്ന തന്റെ പുസ്തകത്തിൽ ആമിർ ഖാനെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തി എന്ന് പരാമർശിച്ചതിനെ ഉദ്ധരിച്ചാണ് അരവിന്ദ് ഗുപ്തയുടെ ട്വീറ്റ്. ബി.ജെ.പിയുടെ ഐ.ടി സെൽ വാളണ്ടിയർ സാധവി ഖോസ്ലെയുടെ വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാതി തന്റെ പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
സാധവി ഖോസ്ലെ എന്ന വ്യക്തി ബി.ജെ.പിയുടെ ഐ.ടി സെല്ലിന്റെ ഭാഗമല്ല എന്നാണ് അരവിന്ദ് ഗുപ്ത പറയുന്നത്. കോൺഗ്രസ് അനുഭാവിയാണ് സാധവിയെന്നും, ഇപ്പോൾ നടക്കുന്ന വിവാദങ്ങളെല്ലാം തന്നെ സ്വാതിയുടെ പുസ്തകത്തിന് ജനശ്രദ്ധ കിട്ടാനുള്ള തന്ത്രങ്ങളാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. പഞ്ചാബ് നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയ്ക്ക് വേണ്ടി വർക്ക് ചെയ്യാനായി സാധവി ആവശ്യപ്പെട്ടപ്പോൾ അത് പാർട്ടി നിരാകരിച്ചതു കൊണ്ടാണ് ഇത്തരം ദുഷ്പ്രചരണം ഉണ്ടായതെന്നും അരവിന്ദ് ഗുപ്ത പറയുന്നു.
2015 ‘ലെ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ച് രാജ്യത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയിൽ ആകുലത പ്രകടിപ്പിച്ചു കൊണ്ട് ആമിർ അഭിപ്രായം പറഞ്ഞത് വിവാദമായിരുന്നു. അതിനെത്തുടർന്ന് ആമിറിനോട് പാകിസ്ഥാനിലേക്ക് പോകണം എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ട്രോൾ അരവിന്ദ് ഗുപ്ത തങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു എന്നാണ് സാധവി നേരത്തേ വെളിപ്പെടുത്തിയത്.
Post Your Comments