2016 അവസാനിക്കുകയാണ്. ഈ വര്‍ഷം കടന്നു പോകുമ്പോള്‍ തന്റെ സിനിമ ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് പറയുകയാണ് മലയാളിയുടെ പ്രിയ താരം ജയസൂര്യ.
ദേശീയ തലത്തില്‍ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്ക്കാരം. ഇടി യിലെ പൊലീസുകാരനും പ്രേതത്തിലെ കഥാപാത്രവുമെല്ലാം വ്യതസ്തങ്ങളായിരുന്നു. വര്‍ഷാവസാനം സിദ്ധിഖിന്റെ സിനിമയില്‍ നായകനായി.
സിനിമ സ്വപ്നം കണ്ട് തുടങ്ങിയ കാലത്തേ സിദ്ധിഖ് ലാല്‍ സിനിമകളുടെ ലൊക്കേഷനില്‍ പോകുമായിരുന്നു ജയസൂര്യ . ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്നാം കോളനി, ഹിറ്റ്ലര്‍, കാബൂളിവാല അങ്ങനെ എത്ര ലൊക്കേഷനുകള്‍. വിയറ്റ്നാം കോളനിയുടെ ലൊക്കേഷനില്‍ കാത്ത് നിന്നിട്ടും കോളനിക്കാരില്‍ ഒരാളായിട്ട് പോലും ജയസൂര്യയെ പരിഗണിച്ചില്ല. ആലപ്പുഴയിലായിരുന്നു ചിത്രീകരണം അതുകൊണ്ട് അവിടുത്തുകാരെ മാത്രമേ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിപ്പിച്ചുള്ളൂ. എന്നാല്‍ ഫുക്രിയില്‍ നായകനാകാന്‍ സിദ്ധിഖ് വിളിച്ചപ്പോള്‍ അന്ന് നടന്നതിന്റെ ഗുണം ഇന്നാണ് ലഭിച്ചതെന്ന് ജയസൂര്യ പറയുന്നു. ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലുക്ക്മാന്‍ ഫുക്രി എന്ന കഥാപാത്രം വലിയ വെല്ലുവിളിയാണെങ്കിലും സരസനായത് കൊണ്ട് തനിക്ക് അനായാസം ചെയ്യാനായെന്ന് ജയസൂര്യ പറഞ്ഞു.
കോമഡി ഇഷ്ടമായ വ്യക്തിയാണ് ഞാന്‍ എന്നാല്‍ കഥാപാത്രത്തിന്റെ ഹ്യൂമര്‍ സെന്‍സും തന്റേതും കൂട്ടിക്കുഴച്ചിട്ടില്ലെന്നും താരം പറയുന്നു. നന്നായി കോമഡി പറയാനും എഴുതാനും അതിനേക്കാള്‍ മനോഹരമായി ചിത്രീകരിക്കാനും സിദ്ധിഖിന് അറിയാം. അതാണ് അദ്ദേഹത്തിന് ദൈവം നല്കിയ സമ്മാനം. നൂറ് കോടി കളക്ട് ചെയ്ത ബോഡിഗാഡ് സംവിധാനം ചെയ്ത ശേഷം അദ്ദേഹം ഏതോ ചാനലിലെ കോമഡി പരിപാടിയുടെ ജഡ്ജായി പോയിതിനെ ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ താന്‍ മിമിക്രിയില്‍ നിന്നാണ് വന്നതെന്നും അതിന്റെ ജഡ്ജായി പോകുന്നതില്‍ അഭിമാനമേ ഉള്ളൂ എന്നുമാണ് സിദ്ധിഖിന്റെ മറുപടി. നല്ല മനസുള്ള ഒരാള്‍ക്കേ ഇങ്ങിനെ പറയാനാകൂവെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. സംവിധായകന് എന്ന നിലയില്‍ ആര്‍ട്ടിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കും.
സിനിമയില്‍ ഗുരുസ്ഥാനത്ത് നമുക്ക് ആരെയും പ്രതിഷ്ഠിക്കാമെന്നും അതിന് പ്രത്യേക വയസോ പ്രായമോ വേണമെന്ന് തോന്നുന്നില്ലയെന്നും ജയസൂര്യ പറയുന്നു . ഗുരു സ്ഥാനത്ത് നമ്മള് കാണുന്ന ചിലര്‍ ചിലപ്പോള്‍ ഏറെ നാളത്തെ അനുഭവസമ്പത്തുള്ള പ്രതിഭയായിരിക്കാം. ചിലപ്പോള്‍ അത് ഒരു യുവതാരമായിരിക്കും. നമുക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ എല്ലാവരില്‍ നിന്നും കിട്ടും. എല്ലായിടത്തു നിന്നും കിട്ടും. അതിനുള്ള മനസുണ്ടായാല്‍ മാത്രം മതിയെന്നും അദ്ദേഹം പറയുന്നു.
Post Your Comments