അഴിയുംതോറും മുറുകുന്ന രീതിയിൽ തീരെ വഷളായിക്കൊണ്ടിരിക്കുന്ന സിനിമാ സമരം കാരണം മലയാള സിനിമാ മേഖല ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. റിലീസിന് തയ്യാറായിരുന്ന സിനിമകൾക്ക് പോലും സ്ക്രീനിലെത്താൻ കഴിയുന്നില്ല എന്നിരിക്കെ പ്രൊഡക്ഷൻ ഘട്ടത്തിലുള്ള സിനിമകളുടെ ഭാവിയിലും ബന്ധപ്പെട്ടവർക്ക് കടുത്ത ആശങ്കയാണിപ്പോൾ. ഈസ്റ്റ് കോസ്റ്റ് ഡെയിലി നടത്തിയ ഒരു സർവ്വേയിൽ അറിയാൻ കഴിഞ്ഞത് കേരളത്തിലെ തീയറ്റർ ഉടമകളിൽ ഒരു പകുതി ഈ സമരത്തെ യാതൊരു രീതിയിലും അനുകൂലിക്കുന്നില്ല എന്നാണ്. എന്നാലും നേതൃത്വം പറയുന്നത് അംഗീകരിക്കണമല്ലോ എന്ന പരമ്പരാഗത രീതിയ്ക്ക് വഴങ്ങിയാണ് പലരും തുറന്ന അഭിപ്രായങ്ങൾ പറയാത്തത്.
കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാറിനെക്കുറിച്ച് ചില കമന്റുകൾ നടത്തിയത് സോഷ്യൽ മീഡിയ വഴി ഏറെ പ്രചരിച്ചിരുന്നു. മകൾ കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ തമിഴ് സിനിമയ്ക്ക് കൂടുതൽ തീയറ്ററുകൾ കിട്ടാൻ വേണ്ടിയാണ് സുരേഷ് കുമാർ ഈ സമരം ഒത്തുതീർപ്പാക്കാത്തത് എന്നായിരുന്നു ലിബർട്ടി ബഷീറിന്റെ അഭിപ്രായം. ഇതിന്റെ സത്യാവസ്ഥ അറിയാനായി ജി.സുരേഷ് കുമാറുമായി ഈസ്റ്റ് കോസ്റ്റ് ഡെയിലിയിൽ നിന്നും ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
“സത്യം പറഞ്ഞാല്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ വിഷയത്തില്‍ പ്രതികരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. കാരണം, പച്ചക്കള്ളമായാലും അത് വായില്‍ തോന്നുന്നത് പോലെ വിളിച്ചു പറയാന്‍ ലിബര്‍ട്ടി ബഷീറിന് യാതൊരു മടിയും ഇല്ല. എന്തും പറയുന്ന ആളാണ്. അത്രത്തോളം തരം താഴാന്‍ എനിക്ക് പറ്റില്ല. ഞാന്‍ എന്താണെന്ന് നാട്ടുകാര്‍ക്ക് അറിയാം. 1977’ല്‍ സിനിമാ ഫീല്‍ഡില്‍ വന്നയാളാണ് ഞാന്‍. ഇപ്പോള്‍ ഏതാണ്ട് 40 വര്‍ഷക്കാലമായി. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെയാണ് ഇത്രയും കാലം ഇവിടെ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെ നീങ്ങും. പിന്നെ തെറ്റ് കണ്ടാല്‍ ആളുകളുടെ മുഖം നോക്കാതെ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്, പ്രതിഷേധിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ഇത്തരം അപവാദങ്ങളിലൂടെയും, യാതൊരു യുക്തിയും ഇല്ലാത്ത ഈ പറഞ്ഞ സമരങ്ങളിലൂടെയും മറ്റും ഒരുപാട് മാനസ്സിക ക്ലേശങ്ങള്‍ ഉണ്ടാകുന്നത്.
പിന്നെ, ഈ സമരത്തെ കുറിച്ച് പറഞ്ഞാൽ, ഇത് തെറ്റ് തന്നെയാണ്. ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഏകപക്ഷീയമായി എടുത്ത തീരുമാനമാണത്. അത് മറ്റുളളവരിൽ അടിച്ചേൽപ്പിക്കാനുള്ള ഒരു ശ്രമമാണ് നടക്കുന്നത്. ഒന്ന് പരിശോധിച്ച് നോക്കിയാൽ അറിയാം, അവരുടെ എല്ലാ തീയറ്ററുകളും ലാഭത്തിലാണ് ഓടുന്നത്. കെ.എസ്.എഫ്.ഡി.സി യുടെ തീയറ്ററുകളിൽ സ്റ്റാഫുകളുടെ വിവരങ്ങൾ പരിശോധിച്ച് നോക്കണം. അവിടെയൊക്കെ പി എഫ്, ഈ.എസ്.ഐ എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ കൃത്യമായി പരിഗണിച്ചാണ് നീങ്ങുന്നത്. മറ്റു തീയറ്ററുകൾ അങ്ങനെയാണോ? മറ്റുള്ള സ്ഥലങ്ങളിൽ നിന്നും റിട്ടയർ ചെയ്ത ജോലിക്കാരാണ് പകുതിയിൽ കൂടുതലും. ഏതെങ്കിലും കുറച്ച് പേർക്ക് ഈ പറഞ്ഞ പി.എഫ് ഒക്കെ കാണും എന്നല്ലാതെ വേറെ ഒന്നും ഉണ്ടാകില്ല. ശമ്പളം പോലും തീരെ ചെറുതാണ്. കറണ്ട് ചാർജ്ജും പതിവായിട്ടുള്ള റേറ്റിൽ തന്നെയാണ്. ഇക്കാലത്തെ എ.സി സിസ്റ്റം ഒക്കെ കുറച്ചു നേരം ഓടിച്ചാൽ ശേഷം കറണ്ട് ലാഭിക്കാവുന്ന തരത്തിലാണ്. ഇതിലൊന്നും പെടാത്ത എന്ത് അധിക ചെലവാണ് ഇവർക്കുള്ളത്?
പിന്നെ മെയിന്റനൻസ് കാശ് കൂടുതലാണ് എന്നാണ് അവർ പറയുന്നത്. ഒരു ഹോട്ടൽ ഉണ്ടാക്കി വച്ചിട്ട്, അതിന് ആവശ്യം വേണ്ട മെയിന്റനൻസ് ചെയ്യുമ്പോൾ അതെല്ലാം പകുത്തെടുത്ത് അവിടെ താമസിക്കാൻ വരുന്ന ആളുകളുടെ ബില്ലിൽ കയറ്റി വച്ചാൽ അവർ അത് അംഗീകരിക്കുമോ? ഇത് എവിടുത്തെ ന്യായം? സിനിമകൾ ഓടിയാൽ മാത്രമേ തീയറ്ററുകൾക്ക് പ്രസക്തിയുള്ളൂ, ബന്ധപ്പെട്ടവർക്ക് ജീവിക്കാൻ കഴിയൂ. സിനിമാ തീയറ്റർ എന്നാണ് പേര്. സിനിമ അവിടെ കളിച്ചാലേ തീയറ്ററിന് നിലനിൽപ്പുള്ളൂ. 100% റിസ്ക്കെടുത്ത് മറ്റുള്ളവർ ഒരു സിനിമ ഉണ്ടാക്കി അത് റിലീസ് ഘട്ടത്തിലെത്തുമ്പോൾ, ഇതുപോലെ അനാവശ്യ തടസ്സങ്ങളുമായി, പരിശ്രമം എന്ന വാക്കുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ വരും. ഒരു കാര്യം ആലോചിച്ച് നോക്കൂ, ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആകുന്ന സിനിമ പോലും തീയറ്ററുകാർക്ക് ലാഭമാണ്. നിർമ്മാതാക്കളുടെ മുതലിൽ നിന്നാണ് ആദ്യത്തെ ആഴ്ച 40% ഇവർക്ക് പോകുന്നത്. രണ്ടും, മൂന്നും ആഴ്ചകളിൽ അത് കൂടും. ഹോൾഡ് ഓവർ ആയാലും ലാഭം തീയറ്ററുകാർക്ക് തന്നെ. തീയറ്റർ ഡി.സി.ആർ പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
ഇവരൊക്കെ എന്നെ ഇതിനോടകം തന്നെ ഒരുപാട് ദ്രോഹിച്ചു. എന്റെ “ചട്ടക്കാരി” എന്ന സിനിമ ഇറങ്ങിയപ്പോൾ ഇതുപോലെ ഒരു സമരത്തിലൂടെ അതിന്റെ ഇനീഷ്യൽ കളക്ഷൻ ഇല്ലാതാക്കി. എനിക്ക് അത് വലിയൊരു നഷ്ടമായിരുന്നു. ഇതൊക്കെ ആരോട് പോയി പറയണം? പിന്നെ വേറൊരു കാര്യം, ഇവർ എന്തിനാണ് ടിക്കറ്റ് മെഷീനെ ഭയക്കുന്നത്? നികുതി വെട്ടിപ്പും മറ്റും നടക്കുന്നതിനെ ഇനിയും മറ്റുള്ളവർ കണ്ടില്ലെന്ന് നടിക്കണോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഞാൻ സാംസ്ക്കാരിക വകുപ്പ് ചെയർമാനായിരുന്നപ്പോൾ ഈ ടിക്കറ്റ് മെഷീൻ ആശയം പ്രാവർത്തികമാക്കാൻ തയ്യാറായതായിരുന്നു. പക്ഷെ ഈ ടീം അതിനെ അവരുടെ രാഷ്ട്രീയ പിൻബലത്തിൽ അട്ടിമറിച്ചു. ഇപ്പോഴുള്ള സർക്കാരിനെയും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്, ടിക്കറ്റ് മെഷീൻ എന്നത് ഒരിക്കലും നടക്കാത്ത ഒന്നാക്കി മാറ്റി.
ഈ വർഷം ഏതാണ്ട് 100 നിർമ്മാതാക്കൾ കടുത്ത നഷ്ടത്തിലാണ്. ഈ പറഞ്ഞ ഫെഡറേഷൻ അംഗങ്ങളുടെ ഏതെങ്കിലും ഒരു തീയറ്റർ പൂട്ടിയ ചരിത്രം ഉണ്ടോ? വൈഡ് റിലീസും മുടക്കത്തിലാക്കിയതോടെ, ലാഭം മുഴുവൻ ഇവർക്ക് തന്നെയാണ്. പേയാടും, കടയ്ക്കലും ഒക്കെ വന്ന പുതിയ തീയറ്ററുകളിൽ “പുലിമുരുകൻ” എന്ന സിനിമയിലൂടെ കിട്ടിയ ഷെയർ വളരെ വലുതാണ്. ജനങ്ങൾ തീയേറ്ററിലേക്ക് വരുന്ന പ്രവണത ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്ന ഈ സമയത്താണ് ഇങ്ങനെയൊരു അനാവശ്യ സമരം, അത് പറയാതെ വയ്യ. ക്ഷമിക്കുന്നതിനും, സഹിക്കുന്നതിനും ഒരു പരിധിയുണ്ട്. ഈ അവസ്ഥ മറികടക്കാനുള്ള ബദൽ സംവിധാനങ്ങൾ നമ്മൾ പ്ലാൻ ചെയ്യുകയാണ്. നടക്കുമോ എന്ന് നോക്കട്ടെ”
തയ്യാറാക്കിയത്
സുരേഷ് കുമാർ രവീന്ദ്രൻ
Post Your Comments