
ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ “നിനക്കായ്” സീരീസിന് ലോകമെമ്പാടും ധാരാളം മലയാളി ആരാധകരുണ്ട്. പലരുടെയും നൊസ്റ്റാൾജിക് ഓർമ്മകളുടെ പ്രധാന ഭാഗമാണത്. ഒരിക്കൽ സിനിമാ നടൻ ജയസൂര്യ പറഞ്ഞിട്ടുണ്ട്, തന്റെ ബെഡ്റൂമിൽ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന പാട്ടാണ് “ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം” എന്ന്. ഇതു പോലെ പലർക്കും, പല സാഹചര്യങ്ങളിൽ കേട്ട ഓർമ്മകളിലൂടെ ‘നിനക്കായ്’, ‘ആദ്യമായ്’, ‘ഓർമ്മക്കായ്’, ‘സ്വന്തം’, ‘ഇനിയെന്നും’ ‘എന്നെന്നും’ തുടങ്ങിയ ലാളിത്യം തുളുമ്പുന്ന, മനോഹരമായ ഗാനസമാഹാരങ്ങൾ എക്കാലവും നിലനിൽക്കും. ഇപ്പോഴിതാ ആ സീരീസിൽ പുതിയ ഒന്ന് കൂടി എത്തിയിരിക്കുകയാണ്, ‘എന്റെ മാത്രം’. അതിലെ അതീവ ഹൃദ്യമായ “ചിലരോട് നമ്മൾക്ക് ചില നേരമെപ്പൊഴോ” എന്ന ഗാനത്തിന്റെ വീഡിയോ യൂടൂബിൽ റിലീസായിരിക്കുകയാണ്. ഗാനത്തിന് തികച്ചും അനുയോജ്യമായ ചിത്രീകരണം.
വീഡിയോ കാണാൻ
വിജയൻ ഈസ്റ്റ് കോസ്റ്റ് എഴുതുന്ന വരികളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ ലാളിത്യമാണ്. അദ്ദേഹം ഒരിക്കലും ശ്രോതാക്കളെ ആശയക്കുഴപ്പത്തിൽ എത്തിക്കാറില്ല. ഒന്നിലും സാഹിത്യത്തിന്റെ അതിപ്രസരം ഉണ്ടാകാറില്ല. സാധാരണക്കാർക്കും രസിക്കാൻ കഴിയുന്ന തരത്തിൽ തികച്ചും ലളിതമായ കവിതകൾ, അതാണ് അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും. എല്ലാം വളരെ എളുപ്പത്തിൽ നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുന്നവയാണ്. “ചിലരോട് നമ്മൾക്ക് ചില നേരമെപ്പൊഴോ” എന്ന ഗാനവും അത്തരത്തിലൊന്നാണ്. ഇഷ്ടം എന്നതിന്റെ ഏറ്റവും മനോഹരമായ രീതികൾ പാട്ടിലുടനീളം കേൾക്കാൻ കഴിയുന്നു. ചിത്രീകരണം വളരെ നന്നായിട്ടുണ്ട്. പ്രേമം എന്ന ഭാവം വളരെ മികച്ച രീതിയിൽ കൺസീവ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ വിജയം. സംവിധാന മികവിനും വിജയൻ ഈസ്റ്റ് കോസ്റ്റിന് അഭിനന്ദനങ്ങൾ
പി.ജയചന്ദ്രൻ എന്ന നമ്മുടെ സ്വന്തം ഭാവഗായകന്റെ ശബ്ദത്തിൽ പ്രണയഗാനം കേട്ടാൽ ആ ദിവസം നമ്മുടേതായി മാറുന്ന പോലൊരു ഫീലാണ്. ഓരോ വരികളും അദ്ദേഹം കൊഞ്ചി കൊഞ്ചി പാടുകയാണ്. ഒപ്പം പുതുതലമുറയിലെ ഭാവഗായിക മഞ്ജരിയും ചേരുമ്പോൾ ആ കെമിസ്ട്രി സമ്പൂർണ്ണം. ഇത്തരം ഗാനങ്ങൾക്ക് ഏറ്റവും ആവശ്യവും കൃത്യമായ ഭാവങ്ങളും, ഫീലും ആണ്. അത് ഇവിടെ 100% ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ പല ആൽബങ്ങളിലും ഈ രണ്ടു പേരുടെ കോമ്പിനേഷനിൽ ഒരുപാട് നല്ല നല്ല ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും അത് തുടരട്ടെ. നല്ല ഗാനങ്ങൾ കേൾക്കുന്നതും, കാണുന്നതുമൊക്കെ ഒരു രസം തന്നെയാണ്.
പ്രശസ്ത ക്യാമറാമാൻ അനിൽ നായരുടെ സാന്നിധ്യം ഓരോ ഫ്രയ്മിലും അറിയാൻ സാധിക്കുന്നു. തികച്ചും ഗംഭീരമായ വർക്ക്. എഡിറ്റിങ്ങ് നിർവ്വഹിച്ച ഷിജി വെമ്പായത്തിനും അഭിനന്ദനങ്ങൾ. പ്രണയജോഡികളായി അഭിനയിച്ച രഞ്ജിത്തും, ഏക്തയും ഗാനം ആവശ്യപ്പെടുന്ന തരത്തിലുള്ള ഭാവങ്ങളോടെ സ്വന്തം സാന്നിധ്യം മനോഹരമാക്കി. ഇരുവർക്കും സ്പെഷ്യൽ അഭിനന്ദനങ്ങൾ. “നിനക്കായ്” സീരീസിന് ഒരു അവസാനമുണ്ടാകാതെ ഇനിയും ഇത്തരം സൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
Post Your Comments