അറുപത്തി നാലാമത് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനുള്ള നോമിനേഷന്‍ വിളിച്ചു തുടങ്ങിയപ്പോള്‍ തന്നെ വിവാദവും ആരംഭിക്കുകയാണ്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് രംഗത്ത് എത്തിയിരിക്കുന്നത്.
സിനിമയ്ക്കുള്ള ദേശീയപുരസ്‌കാരം നിശ്ചയിക്കുന്നത് ഇത്തവണയെങ്കിലും യോഗ്യതയുള്ള ജൂറിയാവണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജൂറിയെ തീരുമാനിക്കുന്നതിന് മുന്‍പ് അവരുടെ യോഗ്യത ജനത്തിന് മുന്‍പാകെ പരസ്യപ്പെടുത്തണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് അയച്ച കത്തില്‍ അടൂര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ തവണത്തെ ദേശീയ അവാര്‍ഡ് വിതരണത്തിലും ഇത്തവണത്തെ പനോരമ തെരഞ്ഞെടുപ്പിലുമുള്ള നിരാശയാണ് തന്നെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും അടൂര്‍ കത്തില്‍ കുറിക്കുന്നു.
കത്തിന്‍റെ പ്രസക്ത ഭാഗം :
“ചലച്ചിത്രം എന്ന മാധ്യമത്തിന്റെ നവഭാവുകത്വത്തെക്കുറിച്ച് അറിയാവുന്ന ഒരു സംവിധായകനാവണം ഇത്തവണത്തെ ജൂറിയുടെ അധ്യക്ഷന്‍. ജൂറിയെ തീരുമാനിക്കുന്നത് ഗൗരവത്തോടെ ആയിരിക്കണം. ഒരു സിനിമ പറയുന്ന വിഷയത്തിന്റെ പ്രാധാന്യം, അതിന്റെ സാമൂഹ്യ പ്രതിബന്ധത, സമീപനരീതി, സാങ്കേതിക മേന്മ എല്ലാത്തിലുമുപരി സൗന്ദര്യശാസ്ത്രപരമായ മികവ് ഇതെല്ലാം പരിഗണിച്ചാണ് ദേശീയ പുരസ്‌കാരം നല്‍കേണ്ടത്. പക്ഷേ 2015ലെ പുരസ്‌കാര നിര്‍ണ്ണയത്തില്‍ കണ്ടത് മറ്റൊന്നാണ്. മികച്ച ചിത്രവും മികച്ച സംവിധായകനും ഉള്‍പ്പെടെയുള്ള പ്രധാന അവാര്‍ഡുകളെല്ലാം മുഖ്യധാരാ സിനിമകള്‍ക്കാണ് നല്‍കപ്പെട്ടത്. ജൂറിയെ തെരഞ്ഞെടുക്കുന്നതിലെ പാളിച്ചയാണ് ഇതിനെല്ലാം കാരണം. സിനിമയുമായി വേണ്ടത്ര ബന്ധമില്ലാത്തവരെയാണ് ഇതിനായി നിശ്ചയിക്കുന്നത്. യഥാര്‍ഥ സിനിമാപ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് ഇതെല്ലാം. ഇത്തവണത്തെ ഇന്ത്യന്‍ പനോരമ തെരഞ്ഞെടുപ്പിലും ഇതുതന്നെ കണ്ടു. സത്യസന്ധവും ഒറിജിനലും കലാമൂല്യവുമുള്ളതായ വര്‍ക്കുകളെല്ലാം എന്തോ പകയോടെ ഒഴിവാക്കിയതുപോലെ തോന്നി. എന്തെങ്കിലും കാമ്പില്ലാത്ത അസംബന്ധജഡിലമായ സിനിമകളാണ് അതില്‍ ഇടംപിടിച്ചത്. ഇനി ആര്‍ക്കെങ്കിലും അക്കൂട്ടത്തില്‍ ഒരു മികച്ച സിനിമ കണ്ടെത്താനാകുമെങ്കില്‍ അത് അബദ്ധവശാല്‍ സംഭവിച്ചതുമാവും. ഗോവയില്‍ ഒഴിവാക്കിയ സിനിമകളെല്ലാം ചേര്‍ത്താല്‍ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ സിനിമകള്‍ ചേര്‍ത്ത് ഒരു ഫെസ്റ്റിവല്‍ ഒരുക്കാമെന്ന് നിരൂപകര്‍ക്ക് അഭിപ്രായമുണ്ട്. ഇത്തവണ ജൂറിയെ തീരുമാനിക്കുംമുന്‍പ് എന്താണ് അവരുടെ യോഗ്യതയെന്ന് പരസ്യമാക്കണം…”
22 ചിത്രങ്ങള്‍ ഇടംപിടിച്ച ഇത്തവണത്തെ ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍നിന്ന് മൂന്ന് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. എം.ബി.പത്മകുമാറിന്റെ ‘രൂപാന്തരം’, ജയരാജിന്റെ ‘വീരം’, ഡോ; ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’ എന്നിവ. സംവിധായകനും നിര്‍മ്മാതാവുമായ രാജേന്ദ്രസിങ് ബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്.
രമേഷ് സിപ്പി അദ്ധ്യക്ഷനായി 11 അംഗ ജൂറിയായിരുന്നു ദേശീയ പുരസ്കാരത്തിനുള്ള ചലച്ചിത്രങ്ങൾ വിലയിരുത്തിയത്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ബാഹുബലിയായിരുന്നു.
Post Your Comments