1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര് എന്ന സിനിമ മലയാളികള്‍ മറക്കില്ല. ആ ചിത്രം സംവിധാനം ചെയ്ത സിദ്ധിക്കും അതില്‍ അഭിനയിച്ച നടന് സിദ്ധിക്കും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടുമൊരു സിനിമയില്‍ ഒന്നിക്കുന്നത്. എറണാകുളത്ത് ഒരേ സ്ഥലത്ത് താമസിക്കുന്ന, നിരന്തരം കാണുന്ന, അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമയില്‍ സജീവമായി നില്ക്കുന്നവരുമാണ്. എന്നിട്ടും ഗോഡ്ഫാദറില് നിന്ന് ഫുക്രിയിലേക്കെത്താന് ഇരുപത്തിയഞ്ച് വര്‍ഷം അവര്‍ക്ക് വേണ്ടി വന്നു. ഈ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ഇരുവരും കീഴടക്കിയത് വന്മലകള് തന്നെയാണ്. സിദ്ധിക്ക് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ സിനിമയാണ് ഫുക്രി. ജയസൂര്യ നായകവേഷം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് സിദ്ധിക്കാണ്.
എന്തുതന്നെയായാലും ഇത്രയും വര്‍ഷത്തെ അകലം നിങ്ങള്‍ക്കിടയില്‍ എങ്ങനെയുണ്ടായി എന്ന് ചിന്തിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നടന് സിദ്ധിഖിന്റെ മറുപടിയിതാണ് … ”ഗോഡ്ഫാദറിനുശേഷം എട്ടോ ഒമ്പതോ സിനിമ സിദ്ധിക്ക് സംവിധാനം ചെയ്തിട്ടുണ്ടാകും. ഇതിലൊന്നും എന്നെ അഭിനയിക്കാന്‍ വിളിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് ആലോചിച്ചാല്‍, ഈ സിനിമകളിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആപ്റ്റായ അഭിനേതാക്കള്‍ മലയാളത്തില്‍ വേറെയുള്ളതുകൊണ്ടാണ് എന്നെ വിളിക്കാത്തത്. ഞാനാണ് ആപ്റ്റെങ്കില് എന്നെ വിളിക്കുമല്ലോ, വിളിച്ചിട്ടുണ്ടല്ലോ. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും കഥ പറയുകയുമൊക്കെയുണ്ട്. ലേഡീസ് ആന്റ് ജന്റില്‍മാന്റെ കഥയൊഴിച്ച് ബാക്കി എല്ലാകഥകളും സിദ്ധിക്ക് എന്നോട് പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ മാത്രം വിളിച്ചില്ല.
ഫുക്രി തുടങ്ങുന്നതിന് അഞ്ചാറ് മാസം മുമ്പ് ഒരു കല്യാണസ്ഥലത്ത് ഞങ്ങളൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ഇരട്ട ജീവപര്യന്തമെന്ന് പറയുന്നത് ഇരുപത്തിനാല് വര്‍ഷമാണ്, അത് കഴിഞ്ഞിട്ട്വോ. സിദ്ധിക്കിന്റെ പടത്തില്‍ അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷമായി. അതുകേട്ടപ്പോള്‍ സിദ്ധിക്കിന് അത്ഭുതമായിരുന്നു. എന്റെ പടത്തില്‍ അഭിനയിച്ചിട്ട് ഇരുപത്തിയഞ്ച് കൊല്ലമായോ? ഗോഡ്ഫാദര് കഴിഞ്ഞ് പിന്നെ അഭിനയിച്ചില്ലല്ലോ.
ഞങ്ങള്‍ കൂടെക്കൂടെ കാണുന്നവരായതുകൊണ്ടാകാം ഇരുപത്തിയഞ്ച് വര്‍ഷമെന്നുള്ളത് വലിയ പ്രശ്നമാകാതെ കടന്നുപോയത്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം സിദ്ധിക്കിന്റെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് വളരെ മികച്ച രീതിയിലുള്ള കഥാപാത്രം തന്നെയായിരിക്കും.
ഫുക്രി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെക്കാള്‍ ആപ്റ്റായ എത്രയോ പേരുണ്ടാകും എന്നിട്ടും എന്നെ വിളിച്ചു. അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. കാരണം, ഫുക്രി എന്ന കഥാപാത്രം ലാലിന്റെ അച്ഛനാണ്. ജയസൂര്യയുടെ മുത്തച്ഛനാണ്. ഇത്രയും പ്രായമുള്ള കഥാപാത്രത്തെ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. അങ്ങനെയൊരു വേഷം എന്നെ ഏല്‍പ്പിക്കണമെങ്കില്‍ അത്രയും വിശ്വാസം സിദ്ധിക്കിനുണ്ടാകണം.
ഞാന്‍ സിനിമയില്‍ വന്നിട്ട് മുപ്പത് വര്‍ഷമായി. ആദ്യമായിട്ടാണ് ടൈറ്റില്‍ റോള്‍ കിട്ടുന്നത്. ഒരുപാട് സന്തോഷങ്ങള്‍ നിറഞ്ഞ സിനിമയാണിത്. ഫുക്രിയെ അവതരിപ്പിക്കാന്‍ എന്നെ സെലക്ട് ചെയ്തത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോള്‍ സിദ്ധിക്ക് പറഞ്ഞ മറുപടി.. നോര്‍ത്തിന്ത്യയില്‍ വലിയ ബിസിനസ്സും കാര്യങ്ങളുമൊക്കെയുള്ള സമ്പന്നനാണ് ഫുക്രി. അതിന്റേതായ ഗ്രേയ്സും ലുക്കും അയാള്‍ക്ക് വേണം. സിദ്ധിക്കില്‍ നിന്ന് എനിക്കത് കിട്ടുമെന്ന് ഉറപ്പുണ്ട്.”
Post Your Comments