തെന്നിന്ത്യന്‍ താരം തമന്നയ്‌ക്കെതിരായ ലൈംഗീക അധിക്ഷേപ പരാമര്‍ശത്തില്‍ പ്രമുഖ സംവിധായകന്‍ സുരാജ് മാപ്പു പറഞ്ഞു. തമിഴ് താരം വിശാലിനൊപ്പം തമന്ന അഭിനയിച്ച കത്തിസണ്ടൈയുടെ പ്രമോഷന്‍ പരിപാടിയിലാണ് സുരാജ് വിവാദപ്രസ്താവന നടത്തിയത്. തുടര്‍ന്ന് തമന്നയ്ക്ക് പിന്തുണയുമായി വിശാലും നയന്‍താരയും രംഗത്തെത്തിയതോടെ സംവിധായകന്‍ മാപ്പു പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ചിത്രത്തില്‍ തമന്നയുടെ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കവെയാണ് സംവിധായകന്‍ അധിക്ഷേപ പ്രസ്താവന നടത്തിയത്. സിനിമാ ഇന്‍ഡസ്ട്രിയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി സുരാജ് മാപ്പു പറയണമെന്ന് തമന്ന ആവശ്യപ്പെട്ടെങ്കിലും മാപ്പു പറയാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് രംഗത്തെത്തിയ വിശാല്‍ തങ്ങള്‍ അഭിനേതാക്കളാണെന്നും ഉപഭോഗവസ്തുക്കളായി കാണാന്‍ പാടില്ലെന്നും ട്വീറ്റ് ചെയ്തു.
തമന്ന എപ്പോള്‍ വേണമെങ്കിലും തുണിയുരിഞ്ഞ് അഭിനയിക്കാന്‍ തയ്യാറാണെന്നും നടിമാര്‍ അങ്ങനെ അഭിനയിക്കേണ്ടിവരാണെന്നുമായിരുന്നു സുരാജിന്റെ പ്രസ്താവന. സിനിമയിലെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നയാള്‍ നായികയുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളുമായി എന്റെയടുത്തേക്ക് വന്നാല്‍ ഞാന്‍ ആദ്യം ആ ഡ്രസിന്റെ നീളം കുറയ്ക്കുമെന്നും സുരാജ് പറഞ്ഞിരുന്നു.
എന്റെ ചിത്രത്തിലെ നായികയ്ക്ക് ആ വസ്ത്രം അണിഞ്ഞ് അഭിനയിക്കാന്‍ ഇഷ്ടമാണോ എന്നത് എനിക്ക് വിഷയമാകില്ലയെന്നും നായികമാര്‍ ഇത്തരം ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാനാണ് പ്രേക്ഷകര്‍ പണം നല്‍കി സിനിമയ്ക്ക് കയറുന്നതെന്നും പറഞ്ഞ സുരാജ് നായികമാര്‍ക്ക് കോടികള്‍ പ്രതിഫലം നല്‍കുന്നതും അതിന് വേണ്ടി തന്നെയാണെന്നും പറഞ്ഞിരുന്നു.
തമന്നയോടും മറ്റ് നടിമാരോടും താന്‍ മാപ്പുപറയുന്നെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല താന്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം താന്‍ പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുന്നതായും സുരാജ് പറഞ്ഞതോടെയാണ് വിവാദം കെട്ടടങ്ങിയത്. മലയാളത്തില്‍ നിന്നും റിമ കലിംഗലും നായികമാരെ സപ്പോര്‍ട്ട് ചെയ്തു രംഗത്തെത്തിയിരുന്നു
Post Your Comments