1983’ൽ “പല്ലവി അനുപല്ലവി” എന്ന കന്നഡ ചിത്രത്തിലൂടെയാണ് മണിരത്നം എന്ന സംവിധായകൻ തുടക്കം കുറിച്ചത്. അനിൽ കപൂർ, ലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ്ഓഫീസിൽ അധികം കളക്ഷൻ നേടിയില്ലെങ്കിലും, അതിലൂടെ ആ വർഷത്തെ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള കർണ്ണാടക സംസ്ഥാന അവാർഡ് മണിരത്നത്തിന് ലഭിച്ചു.
“പല്ലവി അനുപല്ലവി” കണ്ട് ഒരുപാട് ഇഷ്ടമായ മലയാള സിനിമാ നിർമ്മാതാവ് എൻ.ജി.ജോൺ മണിരത്നത്തോട് ഒരു മലയാള സിനിമ ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി. സമ്മതം മൂളിയ മണിരത്നം നിർമ്മാതാവിനോട് ഒരു പ്രണയകഥ പറഞ്ഞു. “ദിവ്യ” എന്ന് പേരിട്ട ആ കഥയോട് അത്ര താൽപ്പര്യം തോന്നാത്തതിനാൽ അദ്ദേഹം മണിരത്നത്തോട് വേറൊരു കഥ പറഞ്ഞു, കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളികളുടെ കഥ. രാഷ്ട്രീയ സിനിമകളോട് ഒട്ടും മമതയില്ലെങ്കിലും, എൻ.ജി.ജോൺ എന്ന വമ്പൻ നിർമ്മാതാവിനെ പിണക്കാൻ മണിരത്നത്തിന് കഴിഞ്ഞില്ല. അങ്ങനെ ടി.ദാമോദരന്റെ രചനയിൽ മോഹൻലാൽ, രതീഷ്, സുകുമാരൻ, ബാലൻ.കെ.നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഉണരൂ” എന്ന പേരിൽ ആ ചിത്രം ആരംഭിച്ചു.
മണിരത്നം ആദ്യം പറഞ്ഞ “ദിവ്യ” എന്ന കഥയാണ് പിന്നീട് 1986’ൽ തമിഴിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ “മൗനരാഗം”. മോഹൻ, കാർത്തിക്, രേവതി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മൗനരാഗം, മണിരത്നം എന്ന സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.
Post Your Comments