NEWS

എം.ടി യുടെ തിരക്കഥയിൽ കൈ കടത്തിയ ലാൽ

“ദയ” എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. തിരക്കഥാകൃത്ത് എം.ടി.വാസുദേവൻ നായരും , സംവിധായകൻ വേണുവും ഗംഭീര ചർച്ചയിലാണ്. ലാൽ (സിദ്ദിക്ക്-ലാൽ) , മഞ്ജു വാരിയർ എന്നിവരുടെ ഒരു കോമ്പിനേഷൻ രംഗം എങ്ങനെ കണ്‍സീവ് ചെയ്യാം എന്ന ചർച്ചയാണ്. സാഹചര്യവശാലുള്ള കോമഡി ഏറ്റവും അധികം ആവശ്യമുള്ള ആ രംഗം, എങ്ങനെ മനോഹരമാക്കാം എന്ന ആ ചർച്ച ഏറെ നേരം നീണ്ടു നിന്നു. ഒരുപാട് ആലോചിച്ചിട്ടും , തിരക്കഥയിലെ ആ ഭാഗം എം.ടി.യ്ക്ക് സ്വയം തൃപ്തി തോന്നിയില്ല. വേണുവിനു കാര്യം മനസ്സിലായെങ്കിലും , സാക്ഷാൽ എം.ടി.യോട് ആ ഒരു അവസരത്തിൽ എന്ത് പറയാൻ എന്ന് ആലോചിച്ച് അദ്ദേഹം ശരിക്കും കുഴങ്ങി.

വിഫലമായ ചർച്ചയ്ക്കൊടുവിൽ , എം.ടി തിരക്കഥ മടക്കി വച്ചു. എന്നിട്ട് , ലാലിനെ തന്‍റെ അടുത്തേയ്ക്ക് വിളിപ്പിച്ചു. ഷൂട്ട്‌ ചെയ്യാൻ പോകുന്ന രംഗത്തിലേക്ക് നയിക്കുന്ന സാഹചര്യവും, ബന്ധപ്പെട്ട വസ്തുതകളും അദ്ദേഹം വളരെ വിശദമായി ലാലിന് വിവരിച്ചു കൊടുത്തു. ആക്ഷൻ കോമഡി ആവശ്യമായ ആ രംഗം, തന്‍റെ ശൈലിയ്ക്ക് ശരിയായി വരുന്നില്ല , അത് കൊണ്ട് ലാൽ തന്നെ അതൊന്നു എഴുതണം എന്ന് എം.ടി പറഞ്ഞു. ഇത് കേട്ട, ലാൽ ശരിക്കും അന്തം വിട്ടു പോയി !

എം.ടി.വാസുദേവൻ നായർ എന്ന ഇതിഹാസ എഴുത്തുകാരന്‍റെ തിരക്കഥ , അതിലൊരു ഭാഗം എഴുതാനുള്ള അവസരം , അതും സ്വന്തം തട്ടകമായ ആക്ഷൻ കോമഡി ! ഇത്രയും ആലോചിച്ചപ്പോൾ തന്നെ , തിരികെ ഒന്നും പറയാൻ സാധിക്കാതെ നിശബ്ദനായി നിന്ന ലാൽ, എം.ടി.യുടെ നിർദ്ദേശം സന്തോഷപൂർവ്വം സ്വീകരിച്ചു. അങ്ങനെ, സാക്ഷാൽ എം.ടി തിരക്കഥ എഴുതിയ “ദയ” എന്ന സിനിമയിലെ മർമ്മ പ്രധാനമായ ആ ഹാസ്യരംഗം തിരുത്തി എഴുതാനുള്ള അവസരം ലാലിന് കൈ വന്നു.

തനിക്ക് വ്യക്തതയില്ലാത്ത കാര്യം, അത് അറിയാം എന്ന് വിശ്വാസമുള്ള മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാനുള്ള സന്മനസ്സ് മാത്രമല്ല , ചുറ്റും നടക്കുന്ന മാറ്റങ്ങൾ ഓരോ നിമിഷവും മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന അപാര അറിവുമുള്ള ആളാണ്‌ എം.ടി.വാസുദേവൻ നായരെന്ന് ലാൽ അന്ന് മനസ്സിലാക്കി.

shortlink

Related Articles

Post Your Comments


Back to top button