1992-ലെ തുടക്കം. “അദ്വൈതം” എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം, കാലങ്ങൾക്കു ശേഷം, സമൂഹം ബഹുമാനിക്കുന്ന ഒരു സ്വാമിയായി തിരികെ വരുന്ന സാഹചര്യമാണ് ഷൂട്ട് ചെയ്യുന്നത്. മോഹൻലാൽ , രേവതി, സംവിധായകൻ പ്രിയദർശൻ, ക്യാമറാമാൻ എസ്.കുമാർ, കലാസംവിധായകൻ സാബു സിറിൾ തുടങ്ങി എല്ലാവരും സെറ്റിൽ സന്നിഹിതരാണ്. മന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലുമ്മൂടൻ എന്ന നടൻ, സ്വാമിയായ മോഹൻലാലിന്‍റെ കാൽക്കൽ വീണ് “സ്വാമീ…എന്നോട് പൊറുക്കണം” എന്ന് പറയുന്ന രംഗമാണ് അടുത്ത് ഷൂട്ട് ചെയ്യേണ്ടത്. തയ്യാറെടുപ്പുകൾക്കു ശേഷം, മോഹൻലാലിനും, ആലുമ്മൂടനും സംവിധായകൻ രംഗം വിവരിച്ചു കൊടുത്തു. രണ്ടു പേരും പൊസിഷനിലായി. ആക്ഷൻ പറഞ്ഞു.
സ്വാമിയുടെ മുന്നിൽ വന്ന മന്ത്രി , “സ്വാമീ…എന്നോട് പൊറുക്കണം” എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ കാൽക്കൽ വീഴുകയാണ്. കട്ട് പറഞ്ഞിട്ടും, കാൽക്കൽ നിന്നും ആലുമ്മൂടൻ എണീക്കുന്നില്ല. പിടിച്ച് എണീപ്പിക്കാനായി മോഹൻലാൽ കുനിഞ്ഞപ്പോൾ, ആലുമ്മൂടൻ മറിഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ബോധരഹിതനായി. എല്ലാവരും ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടു പോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡോക്ടർ പറഞ്ഞത്, ഷൂട്ടിംഗ് സ്പോട്ടിൽ തന്നെ മരണം സംഭവിച്ചു എന്നാണ്. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന, മോഹൻലാൽ ഇതു കേട്ട് പൊട്ടിക്കരയുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും, ആ ഷോക്കിൽ നിന്നും മോഹൻലാലിന് മുക്തനാകാൻ കഴിഞ്ഞില്ല.
Post Your Comments