പ്രവീണ്‍.പി നായര്‍
കാലങ്ങളായി മലയാള സിനിമയുടെ അവിഭാജ്യഘടകമായി അരങ്ങുവാഴുന്ന മോഹന്‍ലാലിനും, മമ്മൂട്ടിക്കും 2016 എന്ന കലണ്ടര്‍ വര്‍ഷം കരുതിവെച്ചതെന്താണ്?
പുതിയ നിയമം,വൈറ്റ്, കസബ, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് പോയവര്‍ഷം മമ്മൂട്ടിയെന്ന മെഗാതാരം മുഖം കാണിച്ചത്.
എ.കെ സാജന്‍ സംവിധാനവും രചനയും നിര്‍വഹിച്ച ‘പുതിയ നിയമ’മായിരുന്നു ഈ വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. വ്യത്യസ്ത രീതിയില്‍ കുറ്റാന്വേഷണകഥ വിവരിച്ച പുതിയ നിയമം ബോക്സ്‌ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. മോശമല്ലാത്ത തിരക്കഥയിലെ മോശം ആവിഷ്കാര രീതിയാണ് പുതിയ നിയമം പ്രേക്ഷകര്‍ക്ക് പകുത്തുനല്‍കിയത്. എ.കെ സാജന്‍ രചനമാത്രം നിര്‍വഹിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് ഉറക്കെവിളിച്ചു പറയുന്ന ചിത്രംകൂടിയാണ് പുതിയനിയമം. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം പതിവ് രീതിയില്‍ കാഴ്ചക്കാരിലേക്ക് എത്തിയപ്പോള്‍ കാര്യമായ പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ ചിത്രത്തിന് കഴിയാതെപോയി.
ഉദയ് അനന്ദന്‍ സംവിധാനം ചെയ്ത വൈറ്റാണ് ഈവര്‍ഷം പുറത്തിറങ്ങിയ മറ്റൊരു മമ്മൂട്ടി ചിത്രം. കാലങ്ങളായി മലയാള സിനിമയില്‍ കഴിവ്തെളിയിച്ച് തിളങ്ങിനില്‍ക്കുന്ന നടനില്‍നിന്ന് ഇത്തരമൊരു തട്ടുപൊളിപ്പന്‍ ചിത്രം പ്രേക്ഷകര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല, നിരൂപകര്‍ ഒന്നടങ്കം ചവറ്റുകൂനയിലേക്ക് വലിച്ചു എറിഞ്ഞ ചിത്രത്തിന് സീറോ മാര്‍ക്ക്പോലും നല്‍കാന്‍ പലര്‍ക്കും തോന്നിയില്ല എന്നതാണ് വാസ്തവം, കാരണം വൈറ്റ് എന്ന ചിത്രത്തിന്‍റെ നിലവാരം അത്രത്തോളം വികൃതമായിരുന്നു. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വത്സന്‍, ഉദയ് അനന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സിനിമാശാലയില്‍ പ്രേക്ഷകര്‍ക്ക് സുഖിച്ച് ഇരുന്നു ഉറങ്ങാന്‍ വേണ്ടിമാത്രമാണ് ഈമൂവര്‍ സംഘം രചന നടത്തിയതെന്ന് തോന്നിപോകുംവിധമായിരുന്നു ചിത്രത്തിന്‍റെ രചനാരീതി. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബോക്സ്‌ഓഫീസ് ദുരന്തമായി മാറിയ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ അത്രത്തോളം നാണിപ്പിക്കുന്നതായിരുന്നു.
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ അടിമുടി മാറ്റവുമായി എത്തിയ ചിത്രമായിരുന്നു കസബ. ഇതുവരെയും പ്രേക്ഷകര്‍ക്ക് പരിചിതമാകാതിരുന്ന മമ്മൂട്ടി കഥാപാത്രമാണ് കസബയില്‍ പ്രത്യക്ഷപ്പെട്ടത്. രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രമായിരുന്നു കസബ .ആദ്യദിന കളക്ഷനില്‍ ചിത്രം കരുത്തറിയിച്ചെങ്കിലും തുടര്‍ദിനങ്ങളില്‍ കാര്യമായ സ്വീകാര്യതയൊന്നും പ്രേക്ഷകര്‍ നല്‍കിയില്ല. മമ്മൂട്ടിയുടെ കഥാപത്രം വ്യത്യസ്ത പുലര്‍ത്തിയെങ്കിലും മലയാളികണ്ടു മടുത്ത കൊമേഴ്സ്യല്‍ വിഭവം തന്നെയായിരുന്നു കസബ. അവതരണത്തിലെ പുതുമയാണ് കുറച്ചുവിഭാഗം പ്രേക്ഷകരെയെങ്കിലും സിനിമയിലേക്ക് ആകര്‍ഷിച്ചു നിര്‍ത്തിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തില്‍ കടന്നുകൂടിയതാണ് കസബയെ സാരമായി ബാധിച്ച മറ്റൊരു ഘടകം. ചിത്രത്തിലെ മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം സ്ത്രീകളോട് നടത്തുന്ന പെരുമാറ്റവും സമീപനവുംമൊക്കെയാണ് കേരളത്തിലെ മഹിളാ സംഘടനകളെ ചൊടിപ്പിച്ചത്. ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട വിജയം നേടിയെടുത്തതിനപ്പുറം പ്രേക്ഷകരുടെ പ്രിയങ്കരമായ വിനോദ സിനിമയായിമാറാന്‍ കസബയ്ക്ക് കഴിഞ്ഞില്ല.
ഈവര്‍ഷം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു തോപ്പില്‍ ജോപ്പന്‍. നിഷാദ് കോയ രചന നിര്‍വഹിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ ജോണി ആന്‍റണി ആയിരുന്നു. ഒരു വിനോദസിനിമയെന്ന നിലയില്‍പോലും പ്രേക്ഷക സ്വീകാര്യതനേടാന്‍ കഴിയാതെപോയ ബിലോ ആവറേജ് ചിത്രമായിരുന്നു ജോപ്പന്‍. എന്നാല്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ ഭേദപ്പെട്ട ബോക്സ്‌ഓഫീസ് വിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു ഇതെന്നും എടുത്തുപറയേണ്ടവസ്തുതയാണ്. തുറുപ്പു ഗുലാനിലും, പട്ടണത്തില്‍ ഭൂതത്തിലുമൊക്കെ കണ്ടുമടുത്ത കോപ്രായ വേഷങ്ങള്‍പോലെ മറ്റൊരു മമ്മൂട്ടി കഥാപാത്രമായിരുന്നു ജോപ്പന്‍. ഒരു മെഗാതാര ഇമേജിന്റെയോ, അല്ലെങ്കില്‍ കരുത്തുറ്റ അഭിനേതാവിന്‍റെയോ ചട്ടം മറന്നു വരുന്നതെന്തും സ്വീകരിച്ച് പ്രേക്ഷകരെ നിരാശയിലേക്ക് ഇറക്കിയാല്‍ മമ്മൂട്ടി എന്ന നടനെ പ്രേക്ഷകര്‍ കൈവിട്ടു തുടങ്ങും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. 2016 മമ്മൂട്ടി എന്ന നടന് നല്ല കഥാപാത്രങ്ങളോ നല്ല സിനിമകളോ സമ്മാനിക്കാതെയാണ് കടന്നുപോകുന്നത്. നല്ല ചിത്രങ്ങളുടെ തേരിലേറി മമ്മൂട്ടി എന്ന നടന്ന് വരും വര്‍ഷങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയട്ടെ….
2016 മോഹന്‍ലാലിന്‍റെ വര്‍ഷമായിരുന്നു തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ലാല്‍ വര്‍ഷം. ഒരു വര്‍ഷത്തില്‍ ആദ്യമായിട്ടാണ് ഒരു മോഹന്‍ലാല്‍ സിനിമ ഇത്രയും വൈകിയെത്തുന്നത്. വര്‍ഷത്തിന്റെ തുടക്കത്തിലോ, വിഷുനാളിലോ ഒരു മോഹന്‍ലാല്‍ ചിത്രവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയില്ല, ഓണത്തിനെത്തിയ ഒപ്പമാണ് മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രം.
പ്രിയദര്‍ശന്‍ മോഹന്‍ലാലുമായി നേരെത്തെ ഒന്നിച്ച ഗീതാഞ്ജലി സമ്പൂര്‍ണ്ണ പരാജയം രുചിച്ച സാഹചര്യത്തില്‍ പ്രേക്ഷകര്‍ ഒപ്പത്തിനു അമിത പ്രതീക്ഷകള്‍ നല്‍കിയിരുന്നില്ല, എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് ഒപ്പം ഗംഭീര റിപ്പോര്‍ട്ട് നേടി. ആദ്യ ദിവസം തന്നെ ചിത്രത്തിന്‍റെ കളക്ഷന്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ത്രില്ലര്‍ സ്വഭാവത്തില്‍ പറഞ്ഞു നീങ്ങിയ കഥയുടെ പുതുമയാണ് ഏവരെയും ആകര്‍ഷിച്ചത്. ഒരു സംവിധായകനെന്നനിലയില്‍ മാറ്റമുള്‍ക്കൊണ്ട് പ്രിയദര്‍ശന്‍ പുത്തന്‍മേക്കിംഗ് ശൈലി സ്വീകരിച്ചപ്പോള്‍ നല്ലൊരു കലാസ്വദനമാണ് പ്രേക്ഷകര്‍ക്ക് ഹൃദ്യമായി മാറിയത്. അന്ധനായ മോഹന്‍ലാലിന്‍റെ പ്രകടനമാണ് ത്രില്ലര്‍ സ്വഭാവമുള്ള സിനിമയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നത്. മോഹന്‍ലാലിന്റെ ജയരാമന്‍ എന്ന കഥാപാത്രത്തിന് എം.ജി ശ്രീകുമാറിന്റെ മധുരശബ്ദം ചേര്‍ന്നപ്പോള്‍ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറി. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ രണ്ടാമതാണ് ഒപ്പത്തിന്റെ സ്ഥാനം. അന്‍പത് കോടി ക്ലബ്ബില്‍ കയറിയ ഒപ്പമെന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്‍റെ അപ്രതീക്ഷിത കുതിപ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തി.
മോഹന്‍ലാല്‍ തെലുങ്കിലേക്കും സാന്നിധ്യം അറിയിച്ച വര്‍ഷമായിരുന്നു 2016 . വിസ്മയം, ജനതാഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറുകകയായിരുന്നു മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍.
മോഹന്‍ലാലും ഗൗതമിയും മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട വിസ്മയം കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചപ്പോള്‍ ജനതാഗാരേജ് ആക്ഷന്‍ മൂഡിലുള്ള മാസ് ചേരുവയായിരുന്നു.
ഇരു ചിത്രങ്ങളിലെയും മോഹന്‍ലാലിന്റെ പ്രകടനം വളരെയധികം പ്രശംസനേടിയെടുത്തപ്പോള്‍ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടനായകനായി മോഹന്‍ലാല്‍ മാറിയ വര്‍ഷം കൂടിയാണ് 2016. വിസ്മയം കേരളത്തില്‍ ശരാശരി വിജയം നേടിയെടുത്തപ്പോള്‍, ജനതാഗാരേജ് കേരളത്തില്‍ മികച്ച കളക്ഷനോടെ മുന്നേറി. തെലുങ്കാനയിലടക്കം റെക്കോര്‍ഡ് കളക്ഷിനിട്ട ചിത്രം ടോളിവുഡിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായി മാറുകയായിരുന്നു.
ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാലിന്റെ കരിയറിലെ ചരിത്ര സിനിമയായ പുലിമുരുകന്‍ പിറക്കുന്നത് . അതുവരെയും 100 കോടി എന്നത് മലയാളസിനിമയെ സംബന്ധിച്ചിടത്തോളം കയ്യെത്തിപിടിക്കാനാകാത്ത ഒരു ലക്ഷ്യമായിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം നൂറ്കോടി ക്ലബ്ബില്‍ ഇടംനേടിയതോടെ മലയാള സിനിമാ വ്യവസായാത്തിനു പുത്തന്‍ ഉണര്‍വ്വാണ് പുലിമുരുകനിലൂടെ വന്നുചേര്‍ന്നത്.
പുതുനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ വൈശാഖ് മോഹന്‍ലാല്‍ എന്ന താരവിസ്മയവുമായി ചേര്‍ന്ന് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ പടുത്തിയര്‍ത്തിയത് ആരും കൊതിക്കുന്ന അസൂയാവഹമായ നേട്ടമാണ്. മൂന്ന് മാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞും ഹൗസ്ഫുളായി തുടരുന്ന ചിത്രത്തിന് ഗള്‍ഫ് നാടുകളിലും വന്‍സ്വീകര്യതയാണ് ലഭിച്ചത്. സൂപ്പര്‍താരമെന്ന നിലയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ളില്‍ ഭദ്രമായി നിലയുറപ്പിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. താരപ്രൌഡിയോടെ പുലിമുരുകനില്‍ ആവേശം തീര്‍ത്ത മോഹന്‍ലാലിനോടുള്ള ആരാധന പ്രേക്ഷകര്‍ക്കുള്ളില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
Post Your Comments