‘ഇരുപതാം നൂറ്റാണ്ട്’ കാണാന്‍ പോയ ആദിവസം എന്റെ ജീവിതത്തിലെ കറുത്ത ഞായറാഴ്ച ആയിരുന്നു; ജി.എസ് പ്രദീപ് പങ്കുവെയ്ക്കുന്നു
കൈരളി ടിവിയിലെ ‘അശ്വമേധം’ ഗെയിം ഷോയിലൂടെ ശ്രദ്ധേയനായ ജി.എസ് പ്രദീപ് തന്റെ ജീവിതത്തിലെ ഒരു ദുരനുഭവത്തെക്കുറിച്ചു വിവരിക്കുകയാണ് .
1987 ജൂണ്‍മാസം പതിനാലാം തീയതിയാണ് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ദുരനുഭവം ഉണ്ടാകുന്നത്. അന്നൊരു ഞായറാഴ്ച ആയിരുന്നു ഞാന്‍ തിരുവനന്തപുരം ധന്യ തീയേറ്ററില്‍ ‘ഇരുപതാം നൂറ്റാണ്ട് ‘ എന്ന ചിത്രം കാണാന്‍പോയി. പത്താംതരത്തിലാണ് ഞാന്‍ അന്ന് പഠിക്കുന്നത്. ചിത്രം കണ്ടുവന്ന ശേഷം ഞാന്‍ അച്ഛനോടും അമ്മയോടും ചിത്രത്തിന്‍റെ കഥ പറയാന്‍ ആരംഭിച്ചു. ലിഫ്റ്റ് ഇറങ്ങിവന്നു മോഹന്‍ലാല്‍ കൂളിംഗ് ഗ്ലാസെടുത്ത് കണ്ണില്‍വെച്ച് സാഗര്‍ ഏലിയാസ് ജാക്കി എന്നൊക്കെ പറയുന്നത് ഞാന്‍ അഭിനയിച്ചു കാണിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു “നീ അഭിനയിക്കണ്ട കഥ പറഞ്ഞാല്‍ മതിയെന്ന്‍”. കഥ പറഞ്ഞുകൊണ്ടിരിക്കെ, അവര്‍ കഥകേട്ട് കൊണ്ടിരിക്കെ പെട്ടന്നൊരു നെഞ്ച് വേദനവന്ന്‍ കുഴഞ്ഞുവീണു എന്റെ അമ്മ. കുഴഞ്ഞു വീണ അമ്മ എനിക്ക് വയ്യല്ലോ എന്ന് പറഞ്ഞതും,
മുന്‍വശത്ത് ആ സമയത്ത് ഞങ്ങളുടെ ഒരു അംബാസിഡര്‍ കാര്‍ ‘8224’ എന്ന നമ്പരുള്ള കാര്‍, ശശി എന്ന ഡ്രൈവര്‍ ഓടിച്ചിരുന്ന കറുത്ത കാര്‍ വന്നതും എന്റെ അച്ഛനും ചേട്ടനും അമ്മയെ താങ്ങിയെടുത്ത് കാറിലേക്ക് ഇരുത്തി. ഞാന്‍ വീടിനു മുന്‍വശത്തെ ഇടനാഴിയിലെ റോഡില്‍ അമ്മ വരുന്ന കറുത്തകാര്‍ കാത്തുനിന്നു. കുറച്ചു നേരങ്ങള്‍ കഴിഞ്ഞപ്പോള്‍ കാത്തുനിന്ന എന്റെ കണ്ണിലേക്ക്, കാത്തുനിന്ന എന്റ കാഴ്ചയിലേക്ക്, കാത്തുനിന്ന എന്റെ മനസ്സിലേക്ക് ഒരു തീവണ്ടി ഇരമ്പലോടെ വന്നുനിന്നത് കറുത്ത കാര്‍ ആയിരുന്നില്ല വെളുത്ത ആംബുലന്‍സ് ആയിരുന്നു.1987 ജൂണ്‍ മാസം പതിനാലാം തീയതി ഞായറാഴ്ച ഞാനെന്ന പത്താം ക്ലാസ്സുകാരന് ഞാനെന്ന പതിനാലു വയസ്സുകാരന് അന്ന് അമ്മയെ നഷ്ടമായി. വെളുപ്പിനേക്കാളേറെ കറുപ്പ് എന്ന നിറത്തോട് എന്റെ പ്രിയം ജീവിതത്തില്‍ ആരംഭിച്ചത് ആ ശപിക്കപ്പെട്ട ഞായറാഴ്ചയാണ്.
(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ നിന്ന്)
Post Your Comments