റിലീസ് ചെയ്ത് ഒരു ദിവസം മാത്രമായ “ദംഗൽ” അഭൂതപൂർവ്വമായ ജനപ്രീതി നേടിക്കൊണ്ട് കുതിക്കുകയാണ്. ലോകമെമ്പാടും ഒരേ ദിവസം തന്നെ റിലീസ് ചെയ്ത ചിത്രം എല്ലായിടത്തും മികച്ച പ്രതികരണമാണ് നേടുന്നത്. പ്രധാനപ്പെട്ട ഓൺലൈൻ സിനിമാ മാധ്യമങ്ങളെല്ലാം തന്നെ അഞ്ചിൽ നാലോ, അതിനു മുകളിലോ റേറ്റിംഗ് കൊടുത്തുകൊണ്ടാണ് നിരൂപണം നടത്തിയിട്ടുള്ളത്. കൈകാര്യം ചെയ്യുന്ന പ്രമേയത്തിൽ വ്യത്യസ്തത അവകാശപ്പെടാൻ കഴിയുന്നില്ലെങ്കിലും, ഹൃദയത്തെ സ്പർശിക്കുന്ന തരം ഫീലോടെ ചിത്രം കൺസീവ് ചെയ്യാൻ കഴിഞ്ഞതാണ് ടീം ദംഗലിന്റെ വിജയം.
മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രമായി അമീർ ഖാൻ ശരിക്കും ജീവിക്കുകയായിരുന്നു. ആ കഥാപാത്രം ദേശീയ ഗുസ്തി ചാമ്പ്യനായിരിക്കുമ്പോഴുള്ള യുവത്വം നിറഞ്ഞ ശരീര ഭാഷ, വിവാഹം കഴിഞ്ഞതിനു ശേഷമുള്ളത്, കുട്ടികൾ ജനിച്ചതിനും ശേഷം, മൂത്ത കുട്ടികളുടെ ഗുസ്തി പരിശീലകനാകുന്ന കാലം, ഇതൊക്കെ തന്റെ ശരീരത്തിൽ വ്യക്തമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അമീർ ഖാൻ ഏവരെയും ശരിക്കും ഞെട്ടിക്കുകയാണ്. താൻ പഠിപ്പിച്ച്, പരിശീലനം നൽകിയ മകൾ തന്നെ അയാളെ ഗുസ്തിയിൽ തോൽപ്പിക്കുമ്പോൾ, അമീർ ഖാന്റെ ആ കഥാപാത്രത്തിനോടൊപ്പം എല്ലാവരും മനസ്സിൽ കരഞ്ഞു പോകും. അത്രയ്ക്കും ഹൃദ്യമാണത്.
ഒരു പ്രധാന സീനിൽ, ദേശീയ ഗാനം കേൾക്കുന്ന ഉടൻ പരപ്രേരണയില്ലാതെ വികാരാധീനനായി എണീറ്റ് നിന്ന് അത് ശ്രദ്ധിക്കുന്ന മഹാവീർ സിംഗിനെ കാണുമ്പോൾ ഇക്കാലത്തെ അനാവശ്യ വിവാദങ്ങൾ എല്ലാം വെറുതെയാണ് എന്ന ചിന്ത പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിക്കയറും, ഉറപ്പ്. അതൊരു പ്രത്യേക കാഴ്ച തന്നെയായിരുന്നു. ഇത്തരത്തിൽ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിലുള്ളവയായിരുന്നു. നിലവിൽ ഒരു ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്നത് അമീർ ഖാന്റെ തന്നെ “പീ കേ” എന്ന ചിത്രത്തിനാണ്. ഇപ്പോൾ കിട്ടുന്ന ഇനീഷ്യൽ കളക്ഷൻ വച്ച് “ദംഗൽ” ആ റെക്കോർഡ് തകർക്കും എന്നാണ് അറിയാൻ കഴിയുന്നത്.
Post Your Comments