Movie Reviews

“എന്റെ സുഹ്‌റാ” – മ്യൂസിക് വീഡിയോ റിവ്യൂ

ശ്രവണമധുരമായ നിരവധി മാപ്പിളപ്പാട്ടുകളിലൂടെ ശ്രോതാക്കളുടെ മനസ്സിൽ കുളിരു കോരിയിട്ട ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വീണ്ടും ആ പഴയ സുവർണ്ണ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുകയാണ്. ഒരു മാപ്പിളപ്പാട്ടിനു വേണ്ട അഴകും, ഭാവവും, മനസ്സിന്റെയുള്ളിൽ തൊടുന്ന ഫീലും ഒക്കെ ചേർത്ത് അതിമനോഹരമായൊരു മ്യൂസിക് വീഡിയോയാണ് “എന്റെ സുഹ്‌റാ” എന്ന ഈസ്റ്റ് കോസ്റ്റിന്റെ പഴയ മാപ്പിളപ്പാട്ട് ആൽബത്തിലെ “എന്റെ ഖല്ബിന്റെ മുത്തായ സുഹ്‌റാ” ഈ ഗാനത്തിന്റേത്.

വീഡിയോ കാണാം

ജീവിതത്തിൽ അനുഭവിക്കുന്ന വേദനകളിൽ ഏറ്റവും അസഹ്യമായ ഒന്നാണ് പ്രണയവേദന. ശരീരത്തിൽ പൊള്ളലേറ്റ് വീങ്ങിയിരിക്കുന്ന ഭാഗം ചേർത്ത് തറയിലോ, മതിലിലോ ഉരയ്ക്കപ്പെട്ടാൽ എത്രത്തോളം വേദന തോന്നും, അതിന്റെ ഒരു നൂറിരട്ടി ഹൃദയത്തിന് ഏൽക്കുന്ന വേദനയാണത്. ഉയിര് പൊള്ളുന്ന അവസ്ഥ. ഇവിടെ തന്റെ പ്രാണപ്രേയസിയെ പിരിയേണ്ടി വരുന്ന സാഹചര്യത്തിൽ അവൻ ഹൃദയ വേദനയോടെ പാടുകയാണ് “എന്റെ സുഹ്‌റാ” എന്ന്. താൻ സ്നേഹിച്ച പെണ്ണിന് വേറെ വിവാഹാലോചന വന്നു എന്ന് അറിഞ്ഞത് മുതൽ അവന് വിഷമം, അത് ആലോചിച്ച് അവൾ കരയുന്നു. സാന്ത്വനിപ്പിക്കാൻ കൂട്ടികാരിയുണ്ടെങ്കിലും അതൊരു പരിഹാരമാകുന്നില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളെ, പ്രണയത്തിന്റെ നോവ് നിറഞ്ഞ വികാരങ്ങളെ അതിമനോഹരമായി കൺസീവ് ചെയ്യാൻ കഴിഞ്ഞു എന്നതാണ് വിജയൻ ഈസ്റ്റ് കോസ്റ്റ് എന്ന സംവിധായകന്റെ വിജയം. പുതിയകാല ശൈലികൾ അവലംബിച്ച്, ഇന്നിന്റെ വീഡിയോ ആൽബം തയ്യാറാക്കാൻ അദ്ദേഹത്തിന് സാധിച്ചു. അഭിനന്ദനങ്ങൾ.

ജലീൽ.കെ.ബാവ എഴുതി, അബ്ദുൽ ഖാദർ കാക്കനാട് സംഗീതം നിർവ്വഹിച്ച്, വിധു പ്രതാപ് ആലപിച്ചതാണ് ഈ ഗാനം. പ്രശസ്ത സിനിമാട്ടോഗ്രാഫർ അനിൽ നായരാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. പാട്ടിന് ആവശ്യമായ രീതിയിൽ സദാ ചലിക്കുന്ന ഫ്രെയിംസിലൂടെ മൊത്തത്തിലൊരു പുതുമ നിലനിർത്താൻ സാധിച്ചു. ഡ്രോൺ ഷോട്സും മനോഹരം. എഡിറ്റിങ്ങ് നിർവഹിച്ച ഷിജി വെമ്പായത്തിനും അഭിനന്ദനങ്ങൾ. പ്രണയനായകനായി അഭിനയിച്ച രഞ്ജിത്തിന്റെ എക്സ്പ്രെഷൻസ് തികച്ചും യോജിച്ചതായിരുന്നു. ഫാജിയ, ഏക്ത എന്നിവരും നല്ല പ്രകടനം കാഴ്ച വച്ചു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ഇതുപോലുള്ള പഴയ ഗാനങ്ങൾക്ക് ദൃശ്യഭാഷ്യം നൽകുന്ന പ്രവണത ഇനിയും തുടരണം എന്നാണ് പറയാനുള്ളത്. ഇത്തരം ഗാനങ്ങൾ ദൃശ്യങ്ങളിലൂടെ എക്കാലവും മനസ്സിൽ തുടരും.

രാജീവ് കരുമം

shortlink

Related Articles

Post Your Comments


Back to top button