CinemaGeneralNEWS

സര്‍ക്കാരും കൈയ്യൊഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഭാവി ഇനിയെന്താകും? ആഷിക് അബു

കോടതിക്കും ആശുപത്രിക്കും എന്തിന് കൊച്ചി മെട്രോക്കുവരെ വേണ്ടിയിരുന്നത് മഹാരാജാസിന്റെ ഭൂമി, സര്‍ക്കാരും കൈയ്യൊഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഭാവി ഇനിയെന്താകും?: ആഷിക് അബു

മഹാരാജാസ് കോളേജിലെ ചുവരെഴുത്തു വിവാദവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ ആഷിക് അബു. ഫേസ്ബുക്ക് പേജിലാണ് ആഷിക് അബു തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ആഷിക് അബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോടതിക്കും ആശുപത്രിക്കും കൊച്ചി മെട്രോക്കും അങ്ങനെ പലതിനും ഭൂമി ആവശ്യം വന്നപ്പോള്‍ പകുത്തുകൊണ്ടുപോയത് സര്‍ക്കാര്‍ കലാലയമായ എറണാകുളം മഹാരാജാസ് കോളേജിന്റെ ഭൂമിയാണ്. GCDA കാലാവധി കഴിഞ്ഞും കൈവശം വെച്ചിരുന്ന മഹാരാജാസ് കോളേജ് സ്റ്റേഡിയം ഒരു കാലത്തെ വലിയ വിദ്യാര്‍ത്ഥി സമരത്തിന് ശേഷമാണ് കോളേജിന് വിട്ടുകിട്ടിയത്. ഇപ്പോള്‍ ആ സ്റ്റേഡിയം ആരുടെ നിയന്ത്രണത്തിലാണ് എന്നറിയില്ല. അതിദാരുണമാണ് ഹോസ്റ്റലുകളുടെ സ്ഥിതി എല്ലാ കാലവും. മഹാരാജാസ് കോളേജ് പുനരുദ്ധാരണം എന്ന പേരില്‍ തേക്കും വീട്ടിയും മാറ്റി വെയിലേറ്റാല്‍ വളയുന്ന, മഹാഗണി എന്ന പേരില്‍ ഏതോ തട്ടിപ്പുമരം കൊണ്ട് കോണ്‍ട്രാക്ടര്‍ നന്നായി.

ഒന്നാന്തരം അക്കാദമിക് നിലവാരം എല്ലാ കാലവും ഈ ക്യാമ്പസ് നിലനിര്‍ത്തിപോന്നു. കലയും സാഹിത്യവും രാഷ്ട്രീയവും കലഹവും സിനിമയും ശാസ്ത്രവും ഗണിതവും ഒരുപോലെ കണ്ടിരുന്ന സംസ്കാരം. ദാ ഇപ്പോ സ്വയംഭരണ പദവി ചാര്‍ത്തികൊടുത്ത സര്‍ക്കാരും കൈ കഴുകി. ഇനി മഹാരാജാസിന്റെ ഭാവി നിശ്ചയിക്കുക അവിടുത്തെ സാറന്മാരാണ്. അതായത് എന്തൊക്കെയോ സീനിയോറിറ്റി മാത്രം മാനദണ്ഡമായി വരുന്ന ‘നിയമനങ്ങള്‍’ തീരുമാനിക്കും കുട്ടികളുടെ ജീവിതം. ഇതിനെയാണ് ആ ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ കുറെ കാലങ്ങളായി എതിര്‍ക്കുന്നത്.

ചുവരില്‍ പച്ചത്തെറികളും, ടോയ്ലറ്റ് സാഹിത്യവും എല്ലായിടത്തും കാണും, കാമ്പസുകളില്‍ മാത്രമല്ല. ചുവരില്‍ കുറച്ചുപേര്‍ എഴുതിവെച്ച വൃത്തികേടുകള്‍ മായ്ക്കുകയാണ് അവിടുത്തെ പുരോഗമന വിദ്യാര്‍ഥിസമൂഹം ചെയ്തത്. അത് ചെയ്തവരെ മാതൃകാപരമായി തിരുത്തണം എന്നും ആ വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കുന്നു. ജയിലില്‍ ഇടുന്നതിനുമുന്‍പ് കൗമാരപ്രായക്കാരെ തിരുത്താന്‍ വഴികള്‍ ഒരുപാടുണ്ടല്ലോ !

shortlink

Related Articles

Post Your Comments


Back to top button