മിമിക്രിയിലൂടെ മലയാള സിനിമയില്‍ കടന്നുവന്ന വ്യക്തിയാണ് ജയസൂര്യ. അപരന്മാര്, കാലചക്രം തുടങ്ങിയ ചില ചിത്രങ്ങളില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച ജയസൂര്യയുടെ കരിയറിന് ബ്രേക്ക് നല്കിയ ചിത്രമായിരുന്നു ഊമ പെണ്ണിന് ഉരിയാട പയ്യന്. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. പിന്നീട് ജയസൂര്യ അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടി.
സ്വപ്നക്കൂട്, പുലിവാല് കല്യാണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു ചതിക്കാത്ത ചന്തു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ജയസൂര്യയുടെ കരിയറിന് വലിയൊരു മൈലേജ് നല്കിയ ചിത്രം കൂടിയായിരുന്നു. എന്നാല്‍ ജയസൂര്യയുടെ കരിയര്‍ രക്ഷപ്പെടാന്‍ നടന് ദിലീപും ഒരു കാരണമായിരുന്നുവത്രേ.
2004ല്‍ റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ ചതിക്കാത്ത ചന്തുവില്‍ ആദ്യം നായകനായി തീരുമാനിച്ചത് ദിലീപിനെയായിരുന്നു. തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ വച്ചൊരു ചിത്രമൊരുക്കാനായിരുന്നു തീരുമാനം. ജോഷി, കമല്‍, ടിവി ചന്ദ്രന്, ഫാസില്‍ തുടങ്ങിയവരുടെ പ്രോജക്ടുകളുടെ തിരക്കിലായിരുന്ന ദിലീപ് മറ്റ് ചിത്രങ്ങളൊന്നും ആ സമയത്ത് സ്വീകരിച്ചില്ല.
ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് ശേഷമാണ് ഇരട്ട സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍ ജയസൂര്യയെ സമീപിക്കുന്നത്. ചിത്രം വന്‍ വിജയമായി. ജയസൂര്യ, വിനീത്, ലാല്‍, നവ്യ നായര്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചതിക്കാത്ത ചന്തു 2004ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം കൂടിയായിരുന്നു.
Post Your Comments