“ചിത്രം” എന്ന സിനിമയുടെ പ്ലാനിംഗ് നടക്കുന്ന കാലം. മോഹൻലാലിന്റെ ജോഡിയായി രേവതിയായിരുന്നു സംവിധായകൻ പ്രിയദർശന്റെ മനസ്സിൽ. അതിനായി അദ്ദേഹം, രേവതിയെ നേരിട്ട് കണ്ട് കഥ പറഞ്ഞു.”കല്യാണി”യെന്ന കഥാപാത്രത്തെക്കുറിച്ച് വളരെ വിശദമായ രീതിയിൽ പ്രിയൻ രേവതിയോട് വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ്, അൽപ്പ നേരത്തെ ആലോചനയ്ക്കു ശേഷം രേവതി പറഞ്ഞു,
“സോറി പ്രിയൻ. മൂന്നോളം മലയാള സിനിമകളും, ഒരു തെലുങ്ക് സിനിമയും കരാറിലാണ്. ഫാസിൽ സാർ നിർമ്മിക്കുന്ന ഒരു സിനിമയുടെ വർക്ക് തുടങ്ങാൻ പോകുന്നു. അങ്ങനെ, കോൾ ഷീറ്റ് പ്രശ്നമാണ്. എന്നോട് ഒന്നും തോന്നരുത്. പ്ലീസ്”.
അതോടെ രേവതി തന്റെ “കല്യാണി”യാകണം എന്ന ആഗ്രഹം പ്രിയദർശൻ ഉപേക്ഷിച്ചു. ആ സ്ഥാനത്ത് രഞ്ജിനിയെ കാസ്റ്റ് ചെയ്തു. “ചിത്രം” ഷൂട്ട് തുടങ്ങി. പിന്നെ സംഭവിച്ചത് ചരിത്രമാണ്. മലയാള സിനിമ അന്നോളം കണ്ടിട്ടില്ലാത്ത അത്രയും ഗംഭീര വിജയമാണ് “ചിത്രം” നേടിയത്. എല്ലായിടത്തും ചർച്ച “ചിത്രം” മാത്രം. ചില തീയറ്ററുകളിൽ ഒരു വർഷം വരെ “ചിത്രം” പ്രദർശിപ്പിച്ചു. പിന്നീട് അതിന്റെ ആഘോഷവേളയിൽ രേവതി പ്രിയദർശനെ കണ്ടു. കുശലാന്വേഷണത്തിനിടയിൽ രേവതി പ്രിയനോട് പറഞ്ഞു.
“പ്രിയൻ, ദയവു ചെയ്ത് നിങ്ങൾ ഇനി എന്നോട് കഥ പറയരുത്. എത്ര ദിവസ്സത്തെ കോൾ ഷീറ്റ് വേണം, എന്ന് ഷൂട്ട് തുടങ്ങുന്നു, എന്നു മാത്രം പറഞ്ഞാൽ മതി ! സത്യം പറഞ്ഞാൽ , അന്ന് താങ്കൾ കഥ പറഞ്ഞത് കേട്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ലെന്ന് മാത്രമല്ല, ശരിക്കും കണ്ഫ്യൂഷനാവുകയും ചെയ്തു. അതാ ഞാൻ പിൻമാറിയത്. ഇപ്പോൾ അതിൽ ഏറെ ദുഃഖം തോന്നുന്നു”.
പ്രിയദർശൻ എന്ന പ്രതിഭാശാലിയായ ക്രാഫ്റ്റ്സ്മാൻ , കഥ പറയുന്നതിൽ അത്രത്തോളം പ്രതിഭയല്ല എന്നുള്ളതിന്റെ തെളിവാണ് ഇത്. ബോളിവുഡിലെ അക്ഷയ് കുമാർ ഉൾപ്പെടെ പലരും പറഞ്ഞിട്ടുണ്ട്, കഥ പറയുന്നതിൽ പ്രിയൻ തീരെ മോശമാണെന്ന്! പക്ഷെ അത് സിനിമയാക്കി മാറ്റുമ്പോൾ അത്രത്തോളം ഗംഭീരമായാത് വേറെ കാണില്ല എന്നതാണ് സത്യം. ഓരോരുത്തർക്കും ഓരോ ബലഹീനത ഉണ്ട് എന്നത് മഹാസത്യമാണ്.
Post Your Comments