“32 വർഷങ്ങളായുള്ള ബന്ധമാണ് ഞാനും മോഹൻലാലും തമ്മിൽ. ആദ്യമായി നമ്മൾ തമ്മിൽ കാണുന്നത് ‘പടയോട്ടം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. നവോദയ അപ്പച്ചൻ നിർമ്മിച്ച്, മകൻ ജിജോ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘പടയോട്ടം’. ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ” എന്ന ലോക പ്രശസ്ത നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള രചനയായിരുന്നു പടയോട്ടത്തിന്റേത്. പക്ഷെ ചിത്രത്തിൽ ഞാൻ അഭിനയിച്ച ‘കമാരൻ’ എന്ന കഥാപാത്രം നോവലിൽ ഇല്ലായിരുന്നു. അത് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതായിരുന്നു. ചിത്രത്തിലെ എന്റെ വേഷത്തെക്കുറിച്ച് സംസാരിക്കാനായി അപ്പച്ചൻ എന്നെ അദ്ദേഹത്തിന്റെ ഗസ്റ്റ് ഹൗസിൽ വിളിപ്പിച്ചു. അവിടെ വച്ചാണ് ഞാൻ മോഹൻലാലിനെയും, ശങ്കറിനെയും ആദ്യമായിട്ട് കാണുന്നത്.
അപ്പച്ചൻ, ജിജോ , സഹസംവിധായകനായ സിബി മലയിൽ, സ്ക്രിപ്റ്റ് അസിസ്റ്റന്റായ പ്രിയദർശൻ തുടങ്ങിയവരോടൊപ്പം മോഹൻലാലും, ശങ്കറും അവിടെ ഗസ്റ്റ് ഹൗസിലെ റൂമിൽ ഉണ്ടായിരുന്നു. എന്റെ അറിവില്ലായ്മയാണോ, വിവരക്കേടാണോ, അതോ എന്നിൽ അലിഞ്ഞു ചേർന്ന സ്വഭാവ രീതിയാണോ എന്നറിയില്ല, മുറിയിൽ കടന്ന പാടേ അവിടെയുണ്ടായിരുന്ന സോഫയിൽ കയറി കിടക്കുകയായിരുന്നു ഞാൻ ! വെറുതെ കിടക്കുകയായിരുന്നില്ല, ഒപ്പം അപ്പച്ചനോട് ‘തിരക്കഥ എവിടേ ?’ എന്ന് ചോദിക്കുകയും ചെയ്തു ! കുറച്ചു സിനിമകളിൽ ചില അപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പരിചയം മാത്രമുള്ള ഒരു നടനെന്ന നിലയ്ക്ക് ഒരു രീതിയിലും എനിക്ക് അവകാശപ്പെടാൻ കഴിയാത്ത ഒന്നായിരുന്നു അത്. അൽപ്പം ഈർഷ്യ ഭാവത്തോടെ, ‘താൻ റൂമിൽ പോകൂ. അറിയിക്കാം’ എന്നായിരുന്നു അപ്പച്ചൻ അപ്പോൾ പറഞ്ഞത്. ‘ഇവൻ ആരെടാ’ എന്ന ഭാവത്തിൽ അവരെല്ലാം എന്നെ നോക്കുന്നുണ്ടായിരുന്നുവെങ്കിലും, ഞാൻ വളരെ ഈസിയായി ഓരോരുത്തരെയായി പരിചയപ്പെട്ട് അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
മോഹൻലാലും, ശങ്കറും എല്ലാം അപ്പച്ചനെ ‘പപ്പ’ എന്നായിരുന്നു വിളിച്ചിരുന്നത്. കാരണം, സ്വന്തം മകനായ ജിജോയെ കാണുന്നത് പോലെയാണ് അദ്ദേഹം അവരെ കണ്ടിരുന്നത്. പക്ഷെ, ഞാൻ അപ്പോഴും ‘അപ്പച്ചൻ’ എന്നാണു വിളിച്ചിരുന്നത്. മനസ്സിൽ ബഹുമാനമോ, ആദരവോ ഇല്ലാത്തതു കൊണ്ടല്ല, അങ്ങനെ വിളിച്ചു പോയതാണ്. ആ സെറ്റിൽ വച്ചാണ് മോഹൻലാലിനെയും സംഘത്തെയും ഞാൻ ശരിക്കും പരിചയപ്പെടുന്നത്. കോളേജ് പിള്ളേരെ പോലെയാണ് അവർ പെരുമാറിയിരുന്നത്. ബലം പിടിച്ച് നിന്നിരുന്ന എന്നെപ്പോലും അവർ വെറുതേ വിടുമായിരുന്നില്ല. തമാശയും, ബഹളങ്ങളും, കളിചിരികളുമായി മോഹൻലാൽ എന്നെ അയാളിലേക്ക് കൂടുതൽ അടുപ്പിച്ചു. ഒടുവിൽ , ആ സെറ്റിൽ വച്ചു ഞാൻ അറിയാതെ പറഞ്ഞു പോയി, ‘ഇവൻ തിക്കുറിശ്ശിയ്ക്ക് അടൂർ ഭാസിയിൽ ഉണ്ടായ മകൻ’ ആണ് എന്ന്.”
ഒരു പ്രമുഖ ചാനലിലെ അഭിമുഖ സംഭാഷണത്തിനിടെ മോഹൻലാലിനെക്കുറിച്ച് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ അഭിപ്രായമാണിത്.
Post Your Comments