പണ്ട് ലോഹിതദാസിന്റെ വീട്ടിൽ സ്ഥിരമായി ഒരു ചെറുപ്പക്കാരൻ വരുമായിരുന്നു.കലാസാഹിത്യ വിഷയങ്ങളോട് ഏറെ താൽപ്പര്യമുള്ളയാളായതു കൊണ്ട് അദ്ദേഹം അയാളെ സന്തോഷത്തോടെ സ്വീകരിച്ച്, ഒപ്പമിരുന്ന് പല ചർച്ചകളും നടത്തുന്നത് പതിവായിരുന്നു.
ഒരു ദിവസം ലോഹിതദാസിനോട് ആ ചെറുപ്പക്കാരൻ പറഞ്ഞു,
“സാറിന്റെ യഥാർത്ഥ ശത്രുക്കളാരെന്നറിയാമോ ?”
“അതൊക്കെ വെറുതേ പറയുന്നതാണ്. എനിക്ക് ശത്രുക്കളില്ല.”
“ഉണ്ട് സാറേ” അയാൾ ഉറപ്പിച്ച് പറഞ്ഞു. “അത് മറ്റാരുമല്ല, മമ്മൂട്ടിയും, മോഹൻലാലുമാണ്.”
ലോഹിതദാസ് പൊട്ടിച്ചിരിച്ചു പോയി. അയാൾ ഗൗരവം വിടാതെ പറഞ്ഞു.
“സാറ് ചിരിക്കണ്ട. സാറിന്റെ യഥാർത്ഥ ശത്രുക്കൾ മമ്മൂട്ടിയും, മോഹൻലാലുമാണ്.”
ഇതുകേട്ട ലോഹിതദാസ് ശരിക്കും വിഷമത്തിലായി. ജേഷ്ഠസഹോദരനെപ്പോലെയുള്ള മമ്മൂട്ടിയും , ഒരിക്കലും പിരിയാൻ കഴിയാത്ത വണ്ണം അടുപ്പമുള്ള മോഹൻലാലും എങ്ങനെ തന്റെ ശത്രുക്കളാവും എന്ന ചിന്ത അദ്ദേഹത്തെ ശരിക്കും അലട്ടി. ഒടുവിൽ, ആ ചെറുപ്പക്കാരൻ തന്നെ അതിന് വിശദീകരണവും കൊടുത്തു.
“സാറ് തനിയാവർത്തനത്തിലെ ബാലൻ മാസ്റ്ററെയുണ്ടാക്കിയത് മമ്മൂട്ടിയെ വെല്ലുവിളിക്കാനാണ്. താൻ കുറേക്കാലമായല്ലോ അഭിനയിക്കാൻ തുടങ്ങിയിട്ട്, അത്ര വല്യ ആളാണെങ്കിൽ ഇതൊന്നു ചെയ്തു കാണിക്ക്. അങ്ങനെയൊരു വാശി, അഹങ്കാരം, സാറിന്റെ ഉള്ളിലുണ്ട്. മമ്മൂട്ടി പുഷ്പം പോലെ ബാലൻ മാസ്റ്ററെ സാറിന്റെ മുന്നിലേക്കിട്ടു തന്നു. സാറ് പരാജയപ്പെട്ടു. സാറിന്റെ തല താഴ്ന്നു. പിന്നെ മമൂട്ടിയെ വച്ച് സിനിമയെടുക്കുമ്പോൾ സാറിന്റെ ലക്ഷ്യം ഇനി അയാളെ എങ്ങനെ പരാജയപ്പെടുത്താം എന്നാണ്. അതിനുള്ള കഥയും, കഥാപാത്രത്തെയുമാണുണ്ടാക്കുന്നത്. അങ്ങനെ മൃഗയയിലെ വാറുണ്ണി വരുന്നു, അമരത്തിലെ അച്ചൂട്ടി വരുന്നു, മുക്തിയിലെ ഹരിദാസൻ വരുന്നു, മഹായാനത്തിലെ ചന്ദ്രു വരുന്നു, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ വരുന്നു, വാത്സല്യത്തിലെ മേലേടത്തു രാഘവൻ നായർ വരുന്നു, അരയന്നങ്ങളുടെ വീട്ടിലെ രവി വരുന്നു.
മോഹൻലാലിനേയും സാറ് ഓരോ ചിത്രത്തിലൂടെ വെല്ലുവിളിക്കുകയായിരുന്നു. കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, അബ്ദുള്ള, ഭാരതത്തിലെ കലൂർ ഗോപിനാഥൻ, കമലദളത്തിലെ നന്ദഗോപൻ, ധനത്തിലെ ശിവശങ്കരൻ, ഓരോ പ്രാവശ്യവും മോഹൻലാൽ കൂളായി സാറിനെ പരാജയപ്പെടുത്തി.
നിങ്ങൾ തമ്മിലുള്ള ഈ വെല്ലുവിളികളും, ശത്രുതയുമാണ് മലയാളത്തിന്റെ ഭാഗ്യമായത്. അവരാണ് സാറിന്റെ യഥാർത്ഥ ശത്രുക്കൾ. സാറ് ഇനിയും അവരെ വെല്ലുവിളിക്കണം. പരാജയപ്പെടുത്തണം.”
ഇത്രയും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു. ലോഹിതദാസ് അയാളെ ആദരവോടെ , സ്നേഹത്തോടെ നോക്കിയിരുന്നു.
(കടപ്പാട് :- ലോഹിതദാസ് എഴുതി ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച “കാഴ്ചവട്ടം” എന്ന ഓർമ്മക്കുറിപ്പിലെ ചില വാചകങ്ങൾ)
Post Your Comments