Movie Gossips

സുരേഷ് ഗോപി അഭിനയം നിർത്തിയതായി പ്രഖ്യാപിച്ചു. ശേഷം സംഭവിച്ചത് ?

കുറച്ചു കാലം മുൻപ്, ഊട്ടിയിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. സുരേഷ് ഗോപിയാണ് സിനിമയിലെ നായകൻ. ഷൂട്ടിങ്ങ് ഏതാണ്ട് പൂർത്തിയായ മട്ടാണ്. ഇനി ക്ലൈമാക്സ് ആണ് ബാക്കി. പറഞ്ഞ സമയത്ത് തന്നെ ഷൂട്ടിങ്ങ് തീർക്കാൻ കഴിയും എന്ന സന്തോഷത്തിൽ എല്ലാവരും ഉഷാറായി ജോലി ചെയ്യുന്ന സമയത്താണ് ആ വാർത്ത വന്നത്. സുരേഷ് ഗോപിയുടെ അച്ഛൻ മരിച്ചു പോയി ! ഇത് കേട്ട അദ്ദേഹം ശരിക്കും തളർന്നു പോയി. സെറ്റിൽ എല്ലാവർക്കും അത് ഒരുപാട് വിഷമം ഉണ്ടാക്കി. അങ്ങനെ, കുറച്ച് ദിവസത്തെ ബ്രേക്ക് പറഞ്ഞ്, ഷൂട്ട്‌ മതിയാക്കി എല്ലാവരും പിരിഞ്ഞു. സുരേഷ് ഗോപി അദ്ദേഹത്തിന്‍റെ വീട്ടിലും പോയി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ്, ആ സിനിമയുടെ സംവിധായകൻ സുരേഷ് ഗോപിയെ ഫോണ്‍ ചെയ്തു.

“സുരേഷേട്ടാ…കാര്യങ്ങളൊക്കെ ഓക്കെ അല്ലെ ? നമുക്ക് ആ ക്ലൈമാക്സ് അങ്ങ് തീർത്തു കൂടെ ? അതിന്‍റെ തീയതിയും, കാര്യങ്ങളും ഒന്ന് നിശ്ചയിക്കണം. സുരേഷേട്ടനോട് ചോദിച്ചിട്ടാവാം എന്ന് വിചാരിച്ചു. അപ്പൊ, എങ്ങനെയാ ? ”

“അപ്പൊ താൻ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ? ”

“ഇല്ല ചേട്ടാ. എന്താ ? ”

“ഞാൻ അഭിനയം നിർത്തി ! ഇനി അഭിനയിക്കുന്നില്ല എന്നു തീരുമാനിച്ചു. എനിക്ക് വേറൊന്നും പറയാനില്ല. ഫോണ്‍ വച്ചോളൂ”

ഇത് കേട്ട് സംവിധായകൻ ഞെട്ടി ! ക്ലൈമാക്സ് മാത്രം ഷൂട്ട്‌ ചെയ്യാൻ ബാക്കിയുള്ള ഒരു സിനിമയിലെ നായകൻ അഭിനയം നിർത്തുകയോ ? അയാൾക്ക്‌ അത് ചിന്തിക്കാനാകുന്നില്ല. ശേഷം, എത്ര വിളിച്ചിട്ടും സുരേഷ് ഗോപിയുടെ ഫോണ്‍ അനങ്ങുന്നില്ല. സംവിധായകൻ, ആ സിനിമയുടെ നിർമ്മാതാവിനെ വിട്ട് സുരേഷ് ഗോപിയെ വിളിപ്പിച്ചു.

“സുരേഷ് സാർ…എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? അപ്പൊ നമുക്ക് ആ ക്ലൈമാക്സ് അങ്ങ് തീർത്തു കൂടെ. ദിവസങ്ങൾ ഇങ്ങനെ നീളുകയാണ് സാർ”.

“അപ്പൊ, നിങ്ങൾ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ? ”

“ഇല്ല സാർ…എന്താ ? ”

“ഞാൻ അഭിനയം നിർത്തി ! ഇനി അഭിനയിക്കുന്നില്ല എന്നു തീരുമാനിച്ചു. എനിക്ക് വേറൊന്നും പറയാനില്ല. ഫോണ്‍ വച്ചോളൂ”

നിർമ്മാതാവ് രണ്ടു മൂന്നു പ്രാവശ്യം ഞെട്ടി ! കോടികൾ മുടക്കി ചെയ്ത പടം പെരുവഴിയിലോ ? അദ്ദേഹത്തിന് അത് വിശ്വസിക്കാനായില്ല. ഒട്ടും താമസിയാതെ തന്നെ, അദ്ദേഹം ആ സിനിമയിൽ സഹനായകനായിട്ട് അഭിനയിക്കുന്ന സീനിയർ നടനെ ഫോണ്‍ ചെയ്ത്, എങ്ങനെയെങ്കിലും ഈ സംഭവം ഒന്ന് പരിഹരിക്കാൻ പറഞ്ഞു. സഹനായകൻ സുരേഷ് ഗോപിയെ വിളിച്ചു.

“സുരേഷേട്ടാ…എന്താണ് ? വിളിയും ഒന്നും ഇല്ലല്ലോ. നമ്മുടെ സിനിമ പാതി വഴിയിലാണ്. ആ ക്ലൈമാക്സ് അങ്ങ് തീർത്താൽ എല്ലാം തീരും. എപ്പൊ തുടങ്ങാനാ ? ”

“അപ്പൊ, നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ ? ”

“ഇല്ല. എന്താ ചേട്ടാ ? ”

“ഞാൻ അഭിനയം നിർത്തി ! ഇനി അഭിനയിക്കുന്നില്ല എന്നു തീരുമാനിച്ചു. എനിക്ക് വേറൊന്നും പറയാനില്ല. ഫോണ്‍ വച്ചോളൂ”

സഹനായകന് ചെറുതായിട്ട് ദേഷ്യം തോന്നി. പുള്ളിക്കാരനുമായി നല്ല ബന്ധമുള്ളതു കൊണ്ട് വേറെ പ്രശ്നമൊന്നും ഉണ്ടാവില്ല എന്ന ധൈര്യത്തിൽ അദ്ദേഹം വീണ്ടും വിളിച്ചു. സുരേഷ് ഗോപി ഫോണ്‍ എടുത്തു.

“ചേട്ടാ എന്താ പ്രശ്നം ? ഒരു ക്രൂ മുഴുവൻ ചേട്ടനു വേണ്ടി കാത്തിരിക്കുകയാ. കാശും മുടക്കി, ഇനി എന്ത് ചെയ്യണം എന്നറിയാതെ ഒരു നിർമ്മാതാവും. എന്താ പ്രശ്നം? പ്രശ്നം പറയൂ. പറഞ്ഞാലല്ലേ അത് അറിയാൻ കഴിയൂ, ഒപ്പം പരിഹരിക്കാനും അവസരം കിട്ടൂ.”

ഇത് കേട്ടതും, സങ്കടം വന്ന് സുരേഷ് ഗോപി കരയുകയായിരുന്നു. ശരിക്കും, ദുഃഖം നിറഞ്ഞ കരച്ചിൽ ! ശേഷം അദ്ദേഹം പറഞ്ഞു.

“നിങ്ങൾക്കറിയാമോ ? എന്‍റെ അച്ഛൻ മരിച്ചിട്ട്, ഈ സിനിമ എന്നു പറയുന്ന വൃത്തികെട്ട ലോകത്ത് നിന്നും ഒറ്റൊരുത്തനോ, ഒറ്റൊരുത്തിയോ, എന്‍റെ വീട്ടിൽ വന്നിട്ടില്ല ! ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞിട്ടില്ല. അത്രയ്ക്കും നീചമായ ആ ലോകത്ത് ഞാൻ എന്തിന് ഇനി തുടരണം. എനിക്ക് വയ്യ. ഞാൻ അഭിനയം നിർത്തുകയാണ്. താങ്കൾക്ക് ഒന്നും തോന്നരുത്”

ഇത്രയും കേട്ടതോടെ, ആ സഹനായകന് ഉള്ളിലൊരു കൊള്ളിയാൻ പാഞ്ഞ പോലെ തോന്നി. ശരിക്കും വിഷമമായി. തികച്ചും നിഷ്ക്കളങ്കമായി, സുരേഷ് ഗോപി എന്ന പച്ചയായ ആ പാവം മനുഷ്യൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തെ ശരിക്കും വേദനിപ്പിച്ചു. ഒടുവിൽ, ഒരുപാട് നേരം സംസാരിച്ച്, എല്ലാം പറഞ്ഞ് പരിഹരിച്ച്, ഏറെ നിർബന്ധിച്ചാണ് ആ സിനിമയുടെ സെറ്റിൽ അദ്ദേഹത്തെ എത്തിച്ചതത്രെ ! സഹൃദയർക്ക് സിനിമാ ഫീൽഡിൽ എത്രത്തോളം പിടിച്ച് നിൽക്കാൻ കഴിയും, കഴിയില്ല, എന്നുള്ളതിന്‍റെ ഒരു തെളിവായിരുന്നു ആ സംഭവം.

shortlink

Related Articles

Post Your Comments


Back to top button