1989-ൽ , പവിത്രൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഉത്തരം” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. എം.ടി.വാസുദേവൻ നായരുടേതാണ് സ്ക്രിപ്റ്റ്. കോളേജിൽ മമ്മൂട്ടിയുടെ സീനിയറായി പഠിച്ചയാളാണ് പവിത്രൻ. അതു കൊണ്ട് തന്നെ, അവർ തമ്മിൽ വലിയ സൗഹൃദവും ഉണ്ടായിരുന്നു.
“ഒരു വടക്കൻ വീരഗാഥ” എന്ന ചിത്രം കഴിഞ്ഞ് മമ്മൂട്ടി ചെയ്യുന്ന സിനിമയാണ് “ഉത്തരം”. കോണി ഇറങ്ങി വരുന്നൊരു ഷോട്ടിൽ മമ്മൂട്ടിയുടെ കൈ സ്ഥിരമായി പോക്കറ്റിലേക്കു പോകുന്നു. രണ്ടു മൂന്നു തവണ ഷോട്ട് എടുത്തിട്ടും മമ്മൂട്ടിയുടെ കൈ പോക്കറ്റിലേക്കു പോയപ്പോൾ പവിത്രൻ ചൂടായി, “എടാ, നീയാ കൈ പോക്കറ്റിൽ നിന്നെടുക്ക്”. പരസ്യമായി അത് കേൾക്കേണ്ടി വന്നതിൽ, മമ്മൂട്ടിയ്ക്ക് ശരിക്കും നിരാശയും, ദേഷ്യവും തോന്നി. ഉടൻ തന്നെ മറുപടിയും കൊടുത്തു, “എടാ, അതെന്റെയൊരു ശീലമാ”. എന്നാൽ ആ സമയത്ത് മമ്മൂട്ടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു, പവിത്രന്റെ അടുത്ത വാക്കുകൾ
“അപ്പോപ്പിന്നെ വടക്കൻ വീരഗാഥ ചെയ്യുമ്പോൾ നിനക്ക് എവിടെയായിരുന്നെടോ പോക്കറ്റ് ? ” !
ആ ഒരു ചോദ്യം കേട്ട മമ്മൂട്ടി, ദേഷ്യമൊക്കെ അപ്പാടെ മറന്ന് പൊട്ടിച്ചിരിച്ചു പോയി. അങ്ങനെ അവർ തമ്മിലുണ്ടായ ആ ഒരു ചെറിയ വഴക്ക് അവസാനിച്ചു.
കടപ്പാട് :- ഗായകൻ ജി.വേണുഗോപാൽ എഴുതി, ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച “ഓർമ്മച്ചെരാതുകൾ” എന്ന ആത്മകഥാപുസ്തകം
Post Your Comments