കഴിഞ്ഞ ദിവസമാണ് നടന് രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ രജനികാന്ത് തന്റെ Standing on an Apple Box എന്ന കൃതി പുറത്തിറക്കിയത്. ഈ പുസ്തകം ആത്മകഥയോ അച്ഛന്റെ ജീവചരിത്രമോ അല്ലായെന്നു പറയുമ്പോഴും പുസ്തകത്തില്‍ വെള്ളിത്തിരക്ക് പിന്നില്‍ പച്ചയായ മനുഷ്യനായി, സ്നേഹം തുളുമ്പുന്ന അച്ഛനായി മാറുന്ന രജനി നിറയുന്നുണ്ട്.
തിങ്കളാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ തെലുങ്ക് നടൻ റാണ ദഗുബാട്ടി, ഐശ്വര്യ റായ് തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകത്തിന്റെ ടൈറ്റിലിനെക്കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെയാണ്. ഞാൻ എല്ലായ്പോഴും അപ്പാവിനോടൊപ്പം ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നു. വിവാഹ ശേഷം ധനുഷിനോടൊപ്പവും സെറ്റിൽ പോകുമെങ്കിലും ആപ്പിൾ കൂടയിലെ എന്റെ സ്ഥാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് സ്വന്തമായി സിനിമകൾ സംവിധാനം ചെയ്തപ്പോഴും ഞാൻ ഉണ്ടായിരുന്നു അവിടെ. പല തരത്തിലുള്ള ബഹളങ്ങളും സംഘർഷങ്ങളും നിറഞ്ഞ ദിവസങ്ങൾ. പക്ഷെ എന്നും എപ്പോഴും ആ സ്ഥാനം അവിടെത്തന്നെയുണ്ടായിരുന്നു.
ചെറുപ്പത്തിൽ എന്റെ അപ്പ ഇത്രയും വലിയ മനുഷ്യനാണെന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. മാധ്യമങ്ങളിൽ നിന്നും സിനിമ നൽകുന്ന വെള്ളിവെളിച്ചത്തിൽ നിന്നും അകന്നു നിൽക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. സൂപ്പർ സ്റ്റാറെന്ന നിലക്കല്ല, വെറും സാധാരണക്കാരനായാണ് അദ്ദേഹം വീട്ടിലെത്തിയത്. അതുകൊണ്ട് വളരെ സാധാരണമായ ഒരു ബാല്യമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ഇന്ന് ഒരു സൂപ്പർസ്റ്റാറിന്റെ ഭാര്യയാണ് ഞാൻ . രണ്ടു കുട്ടികളുടെ അമ്മ. എന്റെ ജീവിതം അതേപടി ആവർത്തിക്കുകയാണ് എന്റെ മക്കളുടെ കാര്യത്തിലും.
എന്റെ രണ്ട് ആൺകുട്ടികളേയും ഫെമിനിസ്റ്റായാണ് ഞാൻ വളർത്തുന്നത്. ഫെമിനിസം എന്നത് വെറുക്കപ്പെടേണ്ട വാക്കല്ലെന്നും സ്ത്രീശാക്തീകരണത്തിന്റെ യു.എൻ അംബാസഡറായ ഐശ്വര്യ പറഞ്ഞു. പെൺകുട്ടികളെ ബഹുമാനിക്കാൻ പഠിപ്പിച്ചുകൊണ്ടാണ് മക്കളെ എല്ലാ അമ്മമാരും വളർത്തേണ്ടതെന്നും ഐശ്വര്യ പറഞ്ഞു.
Post Your Comments