
രാജ്യസ്നേഹം എന്നത് ഏറ്റവും വലിയ പാപമാണെന്ന രീതിയിലുള്ള പ്രചരണം നടക്കുന്ന, തീരെ മോശപ്പെട്ട ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇവിടെ ഒന്നിനോടും കറകളഞ്ഞ സ്നേഹം പാടില്ല, ഉടനേ തന്നെ വൃത്തികെട്ട ചില പുരോഗമനവാദങ്ങളുമായി ഒരു കൂട്ടർ ഇറങ്ങും. തർക്കിച്ചും, വാദിച്ചും, ന്യായീകരിച്ചും അവർ നമ്മുടെ സൽചിന്തകളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ ആവശ്യപ്പെടും. എന്തിനാണ് ഇതൊക്കെ? ആരെ സഹായിക്കാനാണ് ഇവരിങ്ങനെ പെരുമാറുന്നത്? ഒരു യഥാർത്ഥ രാജ്യസ്നേഹിയ്ക്ക് അമ്മയും, വീടും , നാടും ഒരേ പോലെയാണ്. ഈ മൂന്നിലേതിനെ തൊട്ടാലും പൊള്ളും. തൊടാൻ അനുവദിക്കരുത്, ഒരു ദുഷ്ടശക്തിയേയും. “ഭാരതം ഞങ്ങളുടെ മണ്ണാണ്” എന്ന മ്യൂസിക് വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ രോമാഞ്ചം തോന്നുന്നു. ഇതിലെ വരികൾ മനസ്സിനുള്ളിലേക്ക് ഓടിക്കയറി, ആഴങ്ങളിലെത്തി അവിടെ സ്ഥിരതാമസമാക്കിയ മട്ടാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിനും, വിജയൻ ഈസ്റ്റ് കോസ്റ്റിനും നന്ദി.
വർഷങ്ങൾക്കു മുൻപ് ഈസ്റ്റ് കോസ്റ്റിന്റെ കാസറ്റിൽ കേട്ടതാണ് “ഭാരതം ഞങ്ങളുടെ മണ്ണാണ്” എന്ന ഗാനം. ഇരുമ്പനം ഗോപാലൻ ഗാനങ്ങളെഴുതി ഫ്രാൻസിസ് വലപ്പാട് സംഗീതം നിർവ്വഹിച്ച “കാൽപ്പാടുകൾ” എന്ന ആൽബത്തിലെ ഏറ്റവും ആകർഷണീയമായ ഒന്ന്. കെസ്റ്റർ, ദലീമ, സൗദ എന്നിവരാണ് ഇത് പാടിയത്. ഇപ്പോഴിതാ അതിന്റെ മനോഹരമായ ദൃശ്യഭാഷ്യവും കൂടെ ചേർന്നപ്പോൾ ഉദ്ദേശിച്ച ഫലം ഉണ്ടായി എന്നതാണ് സത്യം. കവിതയായി വായിക്കുമ്പോൾ മനസ്സിൽ ആവേശം തോന്നുകയും, പാട്ടായി കേൾക്കുമ്പോൾ ആ ആവേശം ഇരട്ടിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഈ ഒരു സ്‌പെഷ്യൽ സംഗതി ഇപ്പോൾ കണ്ണുകളിൽ തിളക്കവും സമ്മാനിക്കുകയാണ്. സംവിധാന മികവിന് വിജയൻ ഈസ്റ്റ് കോസ്റ്റിന് ഒരായിരം അഭിനന്ദനങ്ങൾ. ക്യാമറ കൈകാര്യം ചെയ്ത അനിൽ നായർക്ക് നിലയ്ക്കാത്ത കയ്യടികൾ. എഡിറ്റിങ് നിർവ്വഹിച്ച ഷിജി വെമ്പായം, അഭിനയിച്ച രഞ്ജിത്ത്, ദ്വീപു, പ്രശാന്ത്, ഏക്ത, വിദ്യ , ഫജിയ എന്നിവർക്കും ആശംസകൾ.
പാട്ടിൽ പറയുന്നുണ്ട്, “ഭാരതം നമ്മുടെ മണ്ണാണ്, മനസ്സാണ്, സ്വത്താണ്, നിത്യമാം ശക്തിയാണ്” എന്ന്. പരമമായ സത്യമല്ലേ ഇത്? സ്വന്തം മണ്ണിനോടും, മനസ്സിനോടും, ശക്തിയോടും, സ്വത്തിനോടുമൊക്കെ സ്നേഹം തോന്നുന്നത് തെറ്റാണോ? ഒരിക്കലുമല്ല. സ്നേഹം തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും മഹത്തായ വികാരം. സ്നേഹമാണ് ദൈവം. അത് മാതൃരാജ്യത്തോട് തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം. ഈ വിഷയത്തിൽ തെറ്റായ ചിന്തകൾ കലർത്തി, അപക്വമായ പെരുമാറ്റങ്ങളിലൂടെ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് തന്നെയാണ് വിളിക്കേണ്ടത്. അതിൽ ഒട്ടും സംശയം വേണ്ട. ലോകത്ത് ആർക്കും അവകാശപ്പെടാൻ കഴിയാത്ത അത്ര മഹത്തായ സംസ്ക്കാരവും, പാരമ്പര്യവുമുള്ള നമ്മുടെ നാടിന്റെ ശാന്തിയേയും, സമാധാനത്തെയും തകർക്കാൻ ശ്രമിക്കുന്നത് ആരായാലും ശക്തമായ രീതിയിൽ തടയണം. പിടിച്ചു കെട്ടി അനങ്ങാൻ പോലും അനുവദിക്കാതെ ശിക്ഷിക്കണം.
ഈ ഒരു വീഡിയോ കൊണ്ട് നാടിനെ തിരുത്താം എന്ന് ബന്ധപ്പെട്ടവർ പോലും വിചാരിക്കുന്നുണ്ടാവില്ല. പക്ഷെ, ഇത് ഒരു തുടക്കമാകട്ടെ. മനോഹരമായൊരു തുടക്കം! ഇങ്ങനെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും പോസിറ്റീവ് അഭിപ്രായങ്ങൾ ഉയരുമ്പോൾ ദേശീയത എന്നത് അർഹിക്കുന്ന സ്ഥാനം നേടും, എല്ലാവരുടെയും മനസ്സിൽ. ഉറപ്പ്. നാടിന്റെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പണിയെടുത്ത്, ഒടുവിൽ ജീവത്യാഗം പോലും ചെയ്യേണ്ടി വന്ന മഹത്‌വ്യക്തികൾക്കു വേണ്ടി സമർപ്പിക്കണം ഈ മ്യൂസിക് വീഡിയോ. സത്യം. വളരെ നന്ദി
രമാകാന്തൻ നായർ
Post Your Comments