എൺപതുകളിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിരുന്നു ഇളയരാജ. അദ്ദേഹം ഒരു ദിവസം പത്തും, പതിനഞ്ചും സിനിമകളുമായി ബന്ധപ്പെട്ട് പാട്ടുകളും, റീ-റെക്കോർഡിങ്ങ് ജോലിയും ചെയ്തിരുന്നു. ഇളയരാജ പത്ത് സിനിമകൾ ചെയ്‌താൽ, മറ്റുള്ളവർ രണ്ടോ മൂന്നോ എണ്ണം എന്നതായിരുന്നു ശരാശരി അനുപാതം. സ്വയം എല്ലായിടത്തും ശ്രദ്ധ കൊടുക്കാൻ കഴിയാത്തതിനാൽ വിശ്വസ്തരായ സഹായികളെ വച്ചായിരുന്നു അദ്ദേഹം തന്റെ ജോലി ചെയ്തു തീർത്തിരുന്നത്. പ്രധാനപ്പെട്ട സിനിമകൾക്ക് നേരിട്ടും, അല്ലാത്തവയ്ക്ക് സഹായികളും എന്ന കണക്കിൽ അധികം പരാതികളില്ലാതെയായിരുന്നു പദ്ധതികൾ.
ആയിടയ്ക്ക് നെപ്പോളിയൻ എന്നൊരു പുല്ലാങ്കുഴൽ വാദകൻ ഇളയരാജയുടെ ടീമിൽ ഉണ്ടായിരുന്നു. ഗായകരുടെ ശബ്ദമിശ്രണത്തിന്റെ മേൽനോട്ടം നെപ്പോളിയനായിരുന്നു നടത്തിയിരുന്നത്. നല്ലൊരു ഗായകൻ കൂടിയായ നെപ്പോളിയൻ “അരുൾമൊഴി” എന്ന പേരിൽ ധാരാളം ഗാനങ്ങൾ പാടിയിട്ടുമുണ്ട്. ഒരിക്കൽ ഏ.വി.എം സി തീയറ്ററിൽ ഇളയരാജയുടെ പാട്ടിന്റെ ട്രാക്ക് മിക്സിങ്ങിന് എസ്.പി.ബാലസുബ്രമണ്യമെത്തി. നെപ്പോളിയന്റെ മേൽനോട്ടത്തിൽ എസ്.പി.ബി എല്ലാ നിർദ്ദേശങ്ങളും പാലിച്ചു പാട്ടു പാടി റെക്കോർഡിങ്ങ് പൂർത്തിയാക്കി. എന്നാൽ, പിന്നീട് പാട്ടു കേട്ട ഇളയരാജ അതു ശരിയായില്ലെന്നും വീണ്ടും എസ്.പി.ബി വന്നു പാടണമെന്നും നിർദ്ദേശിച്ചു. ഇളയരാജ ചുമതലപ്പെടുത്തിയ വ്യക്തിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പാടിക്കഴിഞ്ഞതു വീണ്ടും മാറ്റിപ്പാടാൻ എസ്.പി.ബി തയ്യാറായില്ല. പ്രശ്നം വഷളായി.
ആ സമയത്ത് തോന്നിയ ദേഷ്യത്തിൽ ഇളയരാജ സ്വയം ഒരു തീരുമാനമെടുത്തു, “ബാലു ഇനി എൻ്റെ പാട്ടുകൾ പാടണ്ട” എന്ന്. വല്ലപ്പോഴും ഒന്നോ രണ്ടോ പാട്ടു പാടി ഒതുങ്ങിക്കഴിഞ്ഞിരുന്ന മനോ എന്ന ഗായകന്റെ ശക്തമായ തള്ളിക്കയറ്റമാണ് പിന്നീട് തമിഴകം കണ്ടത്. ഇളയരാജയുടെ സംഗീതത്തിൽ എസ്.പി.ബാലസുബ്രഹ്മണ്യം പാടേണ്ടിയിരുന്ന നിരവധി ഗാനങ്ങൾ മനോയുടെ ശബ്ദത്തിൽ പുറത്തു വന്നു. പിന്നീട് ചെറിയൊരു കാലയളവിനു ശേഷം ഇളയരാജ – എസ്.പി.ബാലസുബ്രഹ്മണ്യം സഖ്യം പിണക്കം മാറി വീണ്ടും ഒന്നിച്ചു.
(ആശയം & ചില വരികൾ കടപ്പാട്:- ഡി സി ബുക്സ്, “കോടമ്പാക്കം കുറിപ്പുകൾ” – എസ്.രാജേന്ദ്രബാബു)
Post Your Comments