പ്രശസ്ത സിനിമാപിന്നണി ഗായിക ലതികയുടെ സഹോദരൻ എസ്.രാജേന്ദ്ര ബാബുവിന്റെ ആത്മകഥാപുസ്തകമാണ് ഡി സി ബുക്ക്സ് പുറത്തിറക്കിയ “കോടമ്പാക്കം കുറിപ്പുകൾ”. അതിൽ, “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം അടുത്ത അവസരത്തിനായി കാത്തിരിക്കുന്ന മോഹൻലാലിനെ നേരിൽ കാണാനിടയായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്,
“റോയപ്പേട്ടയിൽ നിന്നു വളരെയടുത്താണ് ട്രിപ്ലിക്കേൻ. ഒരിക്കൽ ഗൾഫ് പര്യടനം കഴിഞ്ഞു വന്ന കാലമായിരുന്നു അത്. അവിടത്തെ ഒരു ഇടുങ്ങിയ തെരുവിലെ മലയാളി ഹോട്ടലിൽ നിന്നു ഉച്ചഭക്ഷണം കഴിച്ച ശേഷം നടൻ മാളയും, ഞാനും സ്വാമീസ് ലോഡ്ജിലെ മുറിയിൽ വെടി പറഞ്ഞിരിക്കുമ്പോൾ വെള്ളമുണ്ടും, അരക്കൈയ്യൻ വെള്ള ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ മുറിയിൽ കടന്നു വന്നു. അപ്പോഴും ഞങ്ങൾ തമാശകൾ പൊട്ടിച്ചു ചിരിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ ഞാൻ മേശപ്പുറത്ത് ഊരി വെച്ചിരുന്ന റേബാൻ സൺഗ്ലാസ്സ് ആ ചെറുപ്പക്കാരൻ എടുത്ത് അയാളുടെ മുഖത്ത് വച്ചത് എനിക്ക് തീരെ രസിച്ചില്ല. “ഇതുപോലൊന്ന് എനിക്കുമുണ്ടായിരുന്നു. താഴെ വീണു ഉടഞ്ഞു പോയി” എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ ഗ്ലാസ്സ് ഊരി മുണ്ടിൽ തുടച്ചു മേശപ്പുറത്തു വെച്ചു. എന്റെ മുഖഭാവം ശ്രദ്ധിച്ച മാള എന്നോട് ചോദിച്ചു:
“ആളെ മനസ്സിലായില്ല അല്ലേ? പുതിയ നടനാണ്. ഒരു പടം ചെയ്തത് ഹിറ്റ്. മിടുക്കനാണ്. പ്രതീക്ഷ അർപ്പിക്കാവുന്ന നടൻ.”
“എന്താ പേര്? തികഞ്ഞ നിസ്സംഗതയോടെ ഞാൻ ചോദിച്ചു.
അൽപ്പം നാണത്തോടെ അയാൾ മറുപടി പറഞ്ഞു: “മോഹൻലാൽ”
(ആശയം & ചില വരികൾക്ക് കടപ്പാട്:- ഡി സി ബുക്സ്, “കോടമ്പാക്കം കുറിപ്പുകൾ” – എസ്.രാജേന്ദ്രബാബു)
Leave a Comment