സിനിമാ ഫീൽഡിൽ മത്സരങ്ങൾ പതിവാണെങ്കിലും, കാലങ്ങൾക്കു മുൻപ് അതിന്റെ വീര്യം വളരെ കൂടുതലായിരുന്നു. ഇന്ന് പല വഴികളിലൂടെ അവസരം ലഭിക്കുന്നതിനാൽ പോരും, വെല്ലുവിളിയുമൊക്കെ വെറും നാമമാത്രമാണ്. എന്നാൽ പണ്ട് അങ്ങനെയല്ല, ഈഗോയുടെ ബലത്തിൽ കലാകാരന്മാർ തമ്മിലുള്ള ചേർച്ചയില്ലായ്മ ഒരു പതിവായിരുന്നു. മലയാളസിനിമാ സംഗീതാ ശാഖയിലെ മുടിചൂടാ മന്നന്മാരായിരുന്ന ദേവരാജൻ, ബാബുരാജ്, സലീൽ ചൗധരി, ബാബുരാജ് തുടങ്ങിയവർ തമ്മിൽ ശക്തമായ മത്സരമുള്ള ഒരു കാലമുണ്ടായിരുന്നു. ഇവരിൽ ഓരോരുത്തർക്കും പാട്ടെഴുതാനും, കൂടെ സഹകരിക്കാനും പ്രത്യേകം ടീം ഉണ്ടായിരുന്നു. ഒപ്പം, ഒരു ടീമില്‍ വര്‍ക്ക് ചെയ്യുന്ന ആളെ അടുത്ത ടീമില്‍ ചേര്‍ക്കില്ല, തുടങ്ങിയ അലിഖിത നിയമങ്ങളും. മാധ്യമങ്ങള്‍ അത്ര കണ്ട് ശക്തിയാര്‍ജ്ജിക്കാത്തൊരു കാലമായതിനാല്‍ ഇതൊന്നും വിശദമായി പുറത്ത് ആരും അറിയാറില്ല എന്ന് മാത്രം.
അടുത്തിടെ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലിന്റെ “ഓര്‍മ്മചച്ചെരാതുകള്‍” എന്ന ആത്മകഥയില്‍ പഴയ കാലത്തെ സംഗീതജ്ഞരുടെ ഈഗോ ക്ലാഷുമായി ബന്ധപ്പെട്ട ചെറിയൊരു വിശേഷം അദ്ദേഹം എഴുതിയിരുന്നു. 1986’ൽ റിലീസായ “ഒന്ന് മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലെ “രാരീരാരീരം” എന്ന പാട്ടു പാടി വേണുഗോപാൽ ജനപ്രീതി നേടി നിൽക്കുന്ന കാലം. ആയിടെ ഒരിക്കൽ അദ്ദേഹത്തിന് ദേവരാജൻ മാസ്റ്ററെ കാണാനുള്ള ഭാഗ്യമുണ്ടായി. “രാരീരാരീരം” എന്ന പാട്ടിനെ കുറിച്ച് കടുത്ത വിമർശങ്ങൾ വഴി അഭിപ്രായം പങ്കിട്ട ദേവരാജൻ മാസ്റ്റർ പറഞ്ഞ കാര്യങ്ങൾ വേണുഗോപാൽ പൂർണ്ണ മനസ്സോടെ സ്വീകരിച്ച് അനുഗ്രഹം വാങ്ങി.
ശേഷം മാസ്റ്റർ തൻ്റെ സമകാലീനരായ സംഗീതജ്ഞരെക്കുറിച്ച് പറയുകയുണ്ടായി. മറ്റുള്ളവർ ഈണം നൽകിയ പാട്ടുകൾ കേൾക്കുന്ന പതിവ് മാസ്റ്റർക്ക് അധികം ഇല്ലായിരുന്നു. അക്കാരണത്താൽ അതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും, തനിക്ക് ഏറ്റവും ഇഷ്ടമുള്ള അഞ്ച് പാട്ടുകളിൽ ഒന്ന് ബാബുരാജിന്റെ “താമരക്കുമ്പിളല്ലോ മമഹൃദയം” എന്നാണെന്ന് മാസ്റ്റർ പറയുകയുണ്ടായി. രാഘവൻ മാസ്റ്റർ എന്ന വ്യക്തിയുടെ മഹത്വവും പറഞ്ഞ മാസ്റ്റർ അടുത്തു പറഞ്ഞ അഭിപ്രായം സ്വൽപ്പം കടുത്തു പോയതായി ജി.വേണുഗോപാൽ പറയുന്നു. “സലിൽ ചൗധരിയുടെ സംഗീതം ബംഗാളിലെ കാപ്പിക്കടയിൽ കേൾക്കുന്ന പാട്ടാണ്” എന്ന് മാസ്റ്റർ തുറന്നടിച്ചു! അത് കേട്ടിരുന്ന വേണുഗോപാലിന്റെ ഉള്ളം തകർന്നു പോയി എന്നാണ് പുസ്തകത്തിൽ പറയുന്നത്.
ഉത്തരേന്ത്യൻ സംഗീതത്തെ അതിന്റെ എല്ലാ ഭംഗിയോടും കൂടി മലയാളിക്ക് സമ്മാനിച്ച സലിൽ ചൗധരിയെക്കുറിച്ചുള്ള മാസ്റ്ററിന്റെ വിലയിരുത്തൽ വിഷമം തോന്നിച്ചെങ്കിലും, വേണുഗോപാൽ അത് തിരുത്താൻ മുതിർന്നില്ല. മലയാളം മുഴുവൻ വന്ദിക്കുന്ന ഒരു സംഗീതജ്ഞനെ തിരുത്താൻ താൻ ആരാണ് എന്ന തോന്നലാണ് തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചതെന്നും വേണുഗോപാൽ പറയുന്നു.
(ആശയം കടപ്പാട് :- “ഓർമ്മച്ചെരാതുകൾ” (സ്മരണകളുടെ സംഗീത യാത്ര), ജി.വേണുഗോപാൽ / ശ്രീജിത്ത്.കെ.വാരിയർ, ലിറ്റ്മസ് – ഡി.സി.ബുക്‌സ്)
Post Your Comments