![](/movie/wp-content/uploads/2016/12/murukan.jpg)
2014 ഡിസംബറിലാണ് “പുലിമുരുകൻ” എന്ന ചിത്രത്തെ സംബന്ധിച്ച യഥാർത്ഥ ചർച്ചകൾ ആരംഭിക്കുന്നത്. സംവിധായകൻ വൈശാഖിന്റെ “കസിൻസ്” എന്ന ചിത്രം റിലീസായി കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണത്. വൈശാഖിനോട് ഉദയകൃഷ്ണ ഒരു കഥ പറയുകയുണ്ടായി. കാടിനടുത്തുള്ള ഒരു ഗ്രാമത്തിൽ പുലിയിറങ്ങി ആളുകളെ കൊല്ലുന്നതും, അതിനെ കീഴ്പ്പെടുത്താനായി ഒരു വേട്ടക്കാരൻ എത്തുന്നതും ആണ് കഥ. പുലികളോട് സ്വതവേ പ്രതികാരബുദ്ധിയുള്ള ആ വേട്ടക്കാരനായിരുന്നു കഥയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. തീം കേട്ടപ്പോൾ തന്നെ വൈശാഖിന് സംഗതി വളരെ ഇഷ്ടമായി. അധികം താമസിയാതെ വൈശാഖും, ഉദയ്കൃഷ്ണയും ചേർന്ന് ഒരു വൺ ലൈൻ തയ്യാറാക്കി. അവരുടെ അടുത്ത ചിന്ത, ഈ പ്രോജക്റ്റ് യാഥാർത്ഥ്യമാകണമെങ്കിൽ ചെലവാക്കേണ്ടി വരുന്ന വൻ തുകയെക്കുറിച്ചായിരുന്നു.
എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് തന്നെ ഇരുവരും ചേർന്ന് മുളകുപാടം ഫിലിംസിന്റെ ടോമിച്ചനെ കണ്ട് കഥ പറഞ്ഞു. “തൽക്കാലം ഇതിനെക്കുറിച്ച് ചിന്തിക്കണ്ട, നമുക്ക് ഒരു മാസം സമയം തരൂ. അതിനു ശേഷം നേരിൽ കാണാം, എല്ലാം വിശദമാക്കാം” എന്ന് വൈശാഖ് ടോമിച്ചനോട് പറഞ്ഞു. പിന്നെയുള്ള ഒരു മാസം വൈശാഖും, ഉദയകൃഷ്ണയും നീണ്ട യാത്രകളും, ഒട്ടേറെ ചർച്ചകളും, ബന്ധപ്പെട്ട പഠനങ്ങളും ഒക്കെ നടത്തി തങ്ങളുടെ സിനിമ എന്താകണം എന്ന ഒരു ഔട്ട് ലൈൻ ഉണ്ടാക്കി. അതിനു ശേഷം അവർ വീണ്ടും ടോമിച്ചൻ മുളകുപാടത്തെ കണ്ടു, ഇത്തവണ ഗംഭീര വിശദീകരണമായിരുന്നു. ഒപ്പം ഒരു അപേക്ഷയും, “ഈ സിനിമയ്ക്ക് പ്രത്യേക തീയതി, ഇത്രേം കാശ് എന്നിങ്ങനെയുള്ള നിയമങ്ങളൊന്നും വയ്ക്കരുത്. അപ്പപ്പോൾ വേണ്ടി വരുന്ന കാര്യങ്ങളാണ് ഇവ രണ്ടും” എന്ന്. സിനിമാനിർമ്മാണത്തിന്റെ മർമ്മം അറിയാവുന്ന ടോമിച്ചൻ അത് സമ്മതിച്ചു.
പിന്നീടാണ് സംവിധായകനും, തിരക്കഥാകൃത്തും ചേർന്ന് യഥാർത്ഥ പുലിമുരുകനായ മോഹൻലാലിനെ കാണുന്നത്. ഉദയകൃഷ്ണ വഴി കഥയുടെ പ്ലോട്ട് മോഹൻലാലിന് നേരത്തേ അറിയാമായിരുന്നു. എന്നാലും, സിനിമ തുടങ്ങി ആദ്യത്തെ 15 മിനിറ്റിൽ സംഭവിക്കാൻ പോകുന്ന ഉദ്വേഗജനകമായ നിമിഷങ്ങൾ അതേപടി വൈശാഖ് മോഹൻലാലിന് പറഞ്ഞു കൊടുത്തു. സൂപ്പർ താരത്തിന് പൂർണ്ണസമ്മതം. കഥ പറഞ്ഞ സിനിമ, അത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക ഗുണങ്ങളോടും കൂടി എങ്ങനെ ചെയ്യും എന്ന സംശയം മാത്രം മോഹൻലാൽ പ്രകടിപ്പിച്ചു. വൈശാഖിനും അത് തോന്നി. എന്തായാലും മോഹൻലാൽ അതിൽ അഭിനയിക്കാമെന്ന് ഏറ്റു. ടോമിച്ചനോട് വൈശാഖും, ഉദയകൃഷ്ണയും പറഞ്ഞ പോലെ, അവരോടു മോഹൻലാൽ പറഞ്ഞു, “എന്റെ ഡേറ്റും കാര്യങ്ങളും നേരത്തേ തീരുമാനിച്ച് ഉറപ്പിച്ച് വയ്ക്കേണ്ട. ഞാൻ അത് കൃത്യമായും ചെയ്യാം. നിങ്ങൾ പറഞ്ഞാൽ മതി”. അങ്ങനെ പ്രോജക്റ്റ് ഓൺ ആയി.
അടുത്തതായിരുന്നു തിരക്കഥാ രചനയുടെ ഘട്ടം. അതിനായി വൈശാഖും, ഉദയകൃഷ്ണയും ചേർന്ന് വയനാട്ടിലെ ഉൾപ്രദേശത്ത് ഒരു ചെറിയ വീട് തിരഞ്ഞെടുത്തു. ശേഷം മൂന്നു മാസം അവിടെ. എഴുതി തീരുന്ന ഭാഗങ്ങൾ ഷൂട്ട് ചെയ്യേണ്ട വിധം തീരുമാനിക്കാനായി പലയിടങ്ങളിലായി യാത്രകളും നടത്തി. എന്നാലും അവർക്ക് സംശയം പിന്നെയും ബാക്കി, ഇതൊക്കെ സങ്കൽപ്പത്തിൽ കണ്ടാൽ ഒരിക്കലും പ്രോജക്റ്റ് നേരാംവണ്ണം നടക്കില്ല. ആയതിനാൽ ഗ്രാഫിക്സ് പ്രതിഭകളെ വച്ച്, ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റോറി ബോർഡ് തന്നെ അവർ സൃഷ്ടിച്ചെടുത്തു. അപ്പോഴും അതിലെ ഹൈലൈറ്റ് സംഗതിയായ ഫൈറ്റ് രംഗങ്ങൾ ആര് ചെയ്യും എന്ന സംശയമായി. മോഹൻലാലിന്റെ നിർദ്ദേശപ്രകാരം തായ്ലാൻഡിലുള്ള കെച്ച എന്നൊരു ഫൈറ്റ് മാസ്റ്ററുമായി അവർ ബന്ധപ്പെട്ടു. മൃഗങ്ങൾക്കായുള്ള ഫൈറ്റിൽ സ്പെഷ്യൽ കഴിവുള്ള കെച്ച സമ്മതം മൂളിയെങ്കിലും, വർക്ക് ചെയ്യാനായി നാല് വർഷങ്ങൾ സമയം ചോദിച്ചു! അങ്ങനെയാണ് ഏറ്റവും ഒടുവിൽ കെച്ചയെ ഉപേക്ഷിച്ച് പീറ്റർ ഹെയിനിൽ എത്തിച്ചേർന്നത്. അവിടം മുതലാണ് യഥാർത്ഥ “പുലിമുരുകൻ” തുടങ്ങുന്നത്. പിന്നീട് വൈശാഖ്-ഉദയകൃഷ്ണ ടീമിന് യാതൊരു വിധ സംശയങ്ങളും ഇല്ലായിരുന്നു. അന്നുമുതൽ അവർ വ്യക്തമായി കണ്ടു തുടങ്ങി, മനസ്സിൽ ഉദ്ദേശിച്ച “പുലിമുരുകൻ”.
പിന്നീട് സംഭവിച്ചത് ചരിത്രമാണ്. ഇന്ന് “പുലിമുരുകൻ” എന്ന സിനിമ 150 കോടി കളക്ഷനും നേടി ജൈത്രയാത്ര തുടരുകയാണ് .
Post Your Comments