CinemaGeneralNEWS

ലാലേട്ടന്റെ സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണത് സംവിധായകന്‍ ബ്ലസ്സി പറയുന്നു

ലാലേട്ടന്റെ സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണത് സംവിധായകന്‍ ബ്ലസ്സി പറയുന്നു.

പത്മരാജന്‍ സാറിന്റെ കീഴില്‍ സംവിധാനസഹായിയായിട്ടു മലയാള സിനിമയില്‍ കടന്നു വന്ന ബ്ലസ്സി തന്റെ സിനിമാ ജീവിതത്തിന്‍റെ തുടക്കം ഓര്‍മ്മിക്കുന്നു. 1986ല്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങില്‍ ആദ്യമായി ജോലി തുടങ്ങുന്ന തനിക്ക് കിട്ടിയത് ഒരു ഗംഭീര തുടക്കമായിരുന്നുവെന്നാണ് ബ്ലസ്സി പറയുന്നത്. ലാലേട്ടന്റെ മുഖത്ത് ക്ലാപ് ബോര്‍ഡ് പിടിച്ചുകൊണ്ടായിരുന്നു ആദ്യത്തെ ഷോട്ട്.

അതിനു ശേഷം മലയാളത്തിലെ മികച്ച സംവിധായകന്‍ ആയി മാറിയ ബ്ലസ്സി ലാലേട്ടനെ വച്ച് ചെയ്ത ആദ്യത്തെ ചിത്രം തന്മാത്രയായിരുന്നു. കഥാപാത്രത്തെക്കുറിച്ചും അതിലെ ചില സന്ദര്‍ഭങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചു. അത് അദ്ദേഹത്തിനിഷ്ടമായി. ആകെയൊരു സംശയം ലാലേട്ടന്‍ പ്രകടിപ്പിച്ചത്, അതില്‍ രമേശന്‍ നായരും ഭാര്യയും കുട്ടികളുമായുള്ള ചില കുസൃതിത്തരങ്ങള്‍ നിറഞ്ഞ സീനുകളുണ്ട്. ഏത് വീടുകളിലും അത് നടക്കുന്നതാണ്. അതൊക്കെ അതേപടി ഷൂട്ട് ചെയ്യാന്‍ സാധിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. തന്മാത്രയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അത് ആദ്യം വായിച്ചത് നിര്‍മ്മാതാവും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ്. അപ്പോള്‍ അവര്‍ക്ക് സംശയം. ‘ഇതില്‍ ലാലേട്ടന് ചെയ്യാന്‍ ഒന്നുമില്ലല്ലോ.’ ഞാന്‍ ആകെ തകര്‍ന്നുപോയി. ആ ഹൃദയഭാരത്തോടെയാണ് ഞാന്‍ ലാലേട്ടനെ തിരക്കഥ വായിച്ചുകേള്‍പ്പിക്കാന്‍ പോയതും. ‘നരന്റെ’ ലൊക്കേഷനിലായിരുന്ന അദ്ദേഹത്തോട് നിര്‍മ്മാതാവിന്റെ അഭിപ്രായം പറഞ്ഞു.

ഒരു സന്ധ്യാസമയത്ത് വായിക്കാന്‍ തുടങ്ങിയ തിരക്കഥ രാത്രി വളരെ വൈകിയിട്ടും പൂര്‍ത്തിയാക്കാനായില്ല. അടുത്തദിവസം രാവിലെ അദ്ദേഹം എന്നെ വിളിച്ചുണര്‍ത്തി വീണ്ടും വായന തുടര്‍ന്നു. രാവിലെ ഏഴുമണിയോടെ തിരക്കഥ വായിച്ചുതീര്‍ത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു. ‘ഇതില്‍നിന്ന് ഒരക്ഷരം മാറ്റിയെഴുതിയാല്‍ ഞാനീ സിനിമയില്‍ അഭിനയിക്കുകയില്ല’.

എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞുകാണാന്‍ കഴിയുന്ന നടനാണ് ലാലേട്ടനെന്ന്. എഴുത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാനുള്ള അവബോധം ലാലിനുണ്ട്. അതുകൊണ്ടാണ് ആ സിനിമയിലദ്ദേഹം നഗ്നനായി അഭിനയിക്കാന്‍ പോലും മുന്നോട്ടുവന്നത്. സാധാരണഗതിയില്‍ ഇത്തരമൊരു സാഹചര്യം മറ്റ് നടന്മാരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ഏറെ പ്രയാസമാണ്. പരന്ന വായനയും സാഹിത്യത്തിലുള്ള അഭിരുചിയും കൊണ്ടായിരിക്കാം അദ്ദേഹത്തിന് ഇതൊക്കെ വേഗത്തില്‍ സാദ്ധ്യമാകുന്നതെന്നും ബ്ലസ്സി പറയുന്നു. 35 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടാകാമെന്നും ബ്ലസ്സി അഭിപ്രായപ്പെടുന്നു. തന്മാത്രയുടെ അവസാനഭാഗത്ത് മകനെ കാണുമ്പോള്‍ രമേശന്‍ നായര്‍ ചോദിക്കുന്നുണ്ട് ‘സാര്‍ ആരാ?’ എന്ന്. മകനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിന്റെ ഒരു എക്‌സ്പ്രഷനാണ് അവിടെയുണ്ടാകുന്നത്. ഏതെങ്കിലും രീതിക്ക് ഒരഭിനേതാവ് അത് പ്രകടിപ്പിക്കുകയും ചെയ്യും. ആ എക്‌സ്പ്രഷന്‍ എന്നുപറയുന്നത് ഒരാള്‍ ചിന്തിച്ച് ചെയ്യുന്നതാണ്. എന്നാല്‍ അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ആ ചിന്ത പോലും അയാള്‍ക്കില്ല. അങ്ങനെയൊരു എക്‌സ്പ്രഷനാണ് ആ കഥാപാത്രത്തില്‍നിന്നുമുണ്ടാകേണ്ടതും. അതൊരു ആക്ടറെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ലാലേട്ടന്റെ സൂക്ഷ്മാഭിനയത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ആ സീന്‍.

shortlink

Related Articles

Post Your Comments


Back to top button