NEWS

“റോജ”യിൽ നിന്നും ഇളയരാജ ഔട്ടാകാനുണ്ടായ കാരണം എന്താണ്?

“ദളപതി” എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മണിരത്നം കരാറിലേർപ്പെട്ടത് കെ.ബാലചന്ദറിന്റെ കവിതാലായ പ്രൊഡക്ഷൻസിനു വേണ്ടിയുള്ള ചിത്രമാണ്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരു സിനിമ നിർമ്മിക്കണം എന്ന കെ.ബാലചന്ദറിന്റെ ആഗ്രഹവും, താൻ സിനിമയിൽ വരാൻ തന്നെ കാരണമായ ഗുരുവിനു വേണ്ടി സിനിമ ചെയ്യണം എന്ന മണിരത്നത്തിന്റെ ആഗ്രഹവും ചേർന്നപ്പോൾ “റോജ” എന്ന പ്രോജക്റ്റിന് തുടക്കമായി. സന്തോഷ് ശിവനെ ക്യാമറാമാനായി തീരുമാനിച്ചു. എക്കാലത്തെയും പോലെ ഇളയരാജ തന്നെയായിരുന്നു സംഗീത സംവിധായകൻ.

“റോജ”യുടെ സംഗീത വിഭാഗത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി മണിരത്നവും, കെ.ബാലചന്ദറും ഇളയരാജയെ കാണാൻ പോയി. സ്റ്റുഡിയോയിൽ കമ്പോസിംഗ് സെഷനിലായിരുന്ന ഇളയരാജ അവരോട് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്. പക്ഷെ പറഞ്ഞ സമയം കഴിഞ്ഞിട്ടും ഇളയരാജ പുറത്തിറങ്ങി വന്നില്ല. ആളെ വിട്ട് സ്റ്റുഡിയോ റൂമിൽ അറിയിച്ചപ്പോൾ ഇനിയും വൈകും, അവരോട് കാത്തിരിക്കാൻ പറയൂ എന്നാണ് നിർദ്ദേശം വന്നത്. ആ ഒരു നിമിഷം മണിരത്നത്തിന്റെ മനസ്സിൽ തോന്നിയ കാര്യം അദ്ദേഹം ബാലചന്ദറിനോട് പറഞ്ഞു, “ഇനിയും ഇങ്ങനെ പോയാൽ ശരിയാകില്ല. ഈ വിഷയത്തിൽ ഒരു മാറ്റം വരണം. പുതിയ ആളുകൾ വരണം. എന്നാലേ ഇത്തരം ശീലങ്ങൾ അവസാനിക്കൂ”. അതിന് ബാലചന്ദർ സമ്മതം മൂളി. ഉടൻ തന്നെ ഇളയരാജയെ അറിയിക്കാതെ ഇരുവരും സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങി.

തിരികെ കവിതാലയയുടെ ഓഫീസിൽ വന്നതിനു ശേഷം മണിരത്നവും, സന്തോഷ് ശിവനും തമ്മിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു. അങ്ങനെ ഒടുവിൽ സന്തോഷ് ശിവൻ ഒരാളുടെ പേര് നിർദ്ദേശിച്ചു, ദിലീപ്! ആ സമയത്ത് “തുള്ളി നീലം ഹായ് റീഗൽ തുള്ളി നീലം” എന്ന ജിംഗിള്‍ ഉള്‍ക്കൊണ്ട പരസ്യം ചെയ്തു കൊണ്ടിരുന്ന ദിലീപിന് അവിടെ കവിതാലയയുടെ ഓഫീസിൽ നിന്നും ഫോൺ കോൾ പോയി. “ദിലീപ് നിങ്ങളാണ് എന്റെ അടുത്ത പടത്തിലെ സംഗീത സംവിധായകൻ. ബാക്കി എല്ലാം നേരിൽ കണ്ട് സംസാരിക്കാം” എന്ന് മണിരത്നം ദിലീപിനോട് പറഞ്ഞു.

പിന്നീട് നടന്നത് ചരിത്രമാണ്. ദിലീപ് എന്നത് എ.ആർ.റഹ്‌മാനായി മാറി. ഇന്ന് അദ്ദേഹം ഇരട്ട ഓസ്‌ക്കാർ അവാർഡുകളും സ്വന്തമാക്കി, അടുത്ത ഓസ്‌ക്കാറിനുള്ള നോമിനേഷനിൽ ഉൾപ്പെട്ട് ലോക സിനിമാസംഗീത ഭൂപടത്തിൽ തന്റേതായ സ്ഥാനം നേടി നെഞ്ചുറപ്പോടെ നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button