പരസ്പരം അഭിനന്ദനങ്ങളുമായി കരണ്‍ ജോഹറും, ദുല്‍ക്കര്‍ സല്‍മാനും

“ഓക്കേ കണ്മണി” എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കുമായി സംവിധായകന്‍ ഷാദ് അലിയും ടീമും എത്തുകയാണ്. “ഓക്കേ ജാനു” എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. മണിരത്നവും, കരണ്‍ ജോഹറും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ചിത്രത്തില്‍ ആദിത്യ റോയ് കപൂറാണ് തമിഴില്‍ ദുല്‍ക്കര്‍ ചെയ്ത ആദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിത്യ മേനന്റെ കഥാപാത്രം ശ്രദ്ധ കപൂര്‍ അവതരിപ്പിക്കുന്നു. “ആഷിക്കി 2” എന്ന ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡിയായി മാറിയ ആദിത്യ റോയ് കപൂറും, ശ്രദ്ധ കപൂറും “ഓക്കേ ജാനു”വിലൂടെ ഏവരുടെയും മനം കവരാനുള്ള പ്ലാനിലാണ്.

“ഓക്കേ ജാനു”വിന്‍റെ ട്രെയിലര്‍ പ്രൊമോട്ട് ചെയ്തതിനൊപ്പം ദുല്‍ക്കര്‍ ഫേസ്ബുക്കില്‍ കരണ്‍ ജോഹറിനും, ടീമിനും തികച്ചും പോസിറ്റീവായ രീതിയില്‍ ആശംസകള്‍ പറഞ്ഞിരുന്നു. തിരികെ കരണ്‍ ജോഹറും, നായിക ശ്രദ്ധാ കപൂറും ട്വിറ്ററിലൂടെ അതിന് മറുപടി കൊടുത്തു. “വളരെ നന്ദി ദുല്‍ക്കര്‍. നിങ്ങള്‍ വളരെ വലിയ ലെവലിലാണ് ആ സിനിമ ചെയ്തത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്” എന്ന് കരണും, “ഓക്കേ കണ്മണിയെ സ്വീകരിച്ചതു പോലെ ഓക്കേ ജാനുവിനെയും പ്രേക്ഷകര്‍ സ്വീകരിക്കട്ടെ, വളരെ നന്ദി” എന്ന് ശ്രദ്ധയും ട്വീറ്റ് ചെയ്തു.

ഗുല്‍സാറിന്റെ വരികള്‍ക്ക് ഏ.ആര്‍.റഹ്മാന്‍ തന്നെയാണ് ഗാനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. റഹ്മാന്റെ തന്നെ പഴയ സൂപ്പര്‍ ഹിറ്റായ “ഹമ്മ ഹമ്മ” എന്ന ഗാനത്തിന്‍റെ റീമിക്സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ ഒന്നേകാല്‍ കോടിയോളം ആളുകള്‍ “ഓക്കേ ജാനു”വിന്‍റെ ട്രെയിലര്‍ കണ്ടിട്ടുണ്ട്.

Share
Leave a Comment