ശ്രീനിവാസൻ തിരക്കഥയും, സംഭാഷണവും രചിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച് 1988’ൽ റിലീസായ ചിത്രമാണ് “മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു”. 1983’ൽ റിലീസായ “കഥ” എന്ന ഹിന്ദി ചിത്രത്തിന്റേതായിരുന്നു കഥ. മോഹൻലാലും, രഞ്ജിനിയുമായിരുന്നു “മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു” എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായകനോളം പ്രാധാന്യമുള്ള നെഗറ്റീവ് വേഷത്തിൽ ശ്രീനിവാസനും അഭിനയിച്ചു. ക്ളൈമാക്സ് ഒഴികെ ബാക്കി എല്ലാ രംഗങ്ങളിലും സമ്പൂർണ്ണ പരാജയമായി മാറുന്ന മുകുന്ദൻ കർത്താ എന്നൊരു പാവത്താൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മുകുന്ദനെ പറ്റിച്ച് ജീവിക്കുന്ന, സുഹൃത്തെന്ന സെന്റിമെൻറ്സിൽ പരമാവധി ചതിക്കുന്ന വിശ്വനാഥൻ എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു ശ്രീനിവാസന്റേത്. ഈ ചിത്രം പരാജയപ്പെടുവാൻ എന്താണ് കാരണം, ശ്രീനിവാസന്റെ കഥാപാത്രത്തിനുള്ള അമിത പ്രാധാന്യം ഒരു പ്രശ്നമായിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് അടുത്തിടെ ഒരു സ്വകാര്യ ടി.വി ചാനലിൽ ശ്രീനിവാസൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു,
“മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന നെഗറ്റീവ് അഥവാ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആദ്യം ചോദിച്ചത് മോഹൻലാലിനോടാണ്. സംവിധായകനായ പ്രിയദർശന്റെ സമ്മതത്തോടെയായിരുന്നു അതിനു മുതിർന്നത്. കഥ എന്നൊരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയ്ക്കാണ് നമ്മൾ ആ ചിത്രം പ്ലാൻ ചെയ്തത്. ആ ചിത്രത്തിൽ നസറുദീൻ ഷാ ആയിരുന്നു നായകനെങ്കിലും സ്‌കോർ ചെയ്യുന്നത് മുഴുവൻ ഫാറൂഖ് ഷെയ്ക്ക് ആയിരുന്നു. ഫാറൂഖ് ഷെയ്ക്കിന്റെ റോളാണ് മോഹൻലാലിനോട് ചെയ്യാമോ എന്ന് ചോദിച്ചത്. അവസാനം ഒരു രംഗത്ത് മാത്രം തിരിച്ചടി കിട്ടുന്ന ഒരു കഥാപാത്രം. എന്നാൽ മോഹൻലാൽ അത് സമ്മതിച്ചില്ല.
ഞാൻ മനസ്സിലാക്കിയത്, ആ സമയത്ത് മോഹൻലാലിന് പ്രേക്ഷകർക്കിടയിൽ ജനപ്രിയനായകൻ എന്നൊരു ഗംഭീര ഇമേജ് ഉണ്ടായിരുന്നു. അതിനു കോട്ടം വരുമോ എന്ന് ഭയന്നിട്ടാവാം മോഹൻലാൽ അന്നത് സമ്മതിക്കാത്തത്. അങ്ങനെ വിശ്വനാഥൻ എന്ന ആ കഥാപാത്രത്തെ ഞാൻ ചെയ്തു. സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ അതിന് ഇതൊരു കാരണമാണെന്ന് ഞാൻ കരുതുന്നില്ല.”
Post Your Comments