സൂപ്പർ താരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ വീണ്ടും അഭിനയരംഗത്തേക്ക് കടക്കുന്നു എന്നത് ഈയിടെ ഏറ്റവും പ്രചാരത്തിലായ വാർത്തയായിരുന്നു. ജീത്തു ജോസഫിന്റെ സംവിധാനത്തിലാണ് പ്രണവിന്റെ രണ്ടാം വരവ്. നേരത്തേ ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രണവ് വളർന്ന ശേഷം ആദ്യമായാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. സൂപ്പർ താരത്തിന്റെ പുത്രൻ എന്ന ലേബലിലുള്ള പ്രണവിന്റെ ഈ എൻട്രിയെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ഓൺലൈൻ പത്രത്തിന് മോഹൻലാൽ നൽകിയ മറുപടി ഇപ്രകാരമാണ് ,
“മോഹൻലാലിന്റെ മകൻ എന്ന സമ്മർദ്ദം അപ്പുവിൽ (പ്രണവ്) ഉണ്ടാകാം, പക്ഷെ ഞാൻ ഒരിക്കലും അതിനെക്കുറിച്ച് അവനോട് ചർച്ച ചെയ്യാറില്ല. എന്റെ മകനാണ് എന്ന കാരണം കൊണ്ട് മാത്രം അവൻ മികച്ച അഭിനേതാവാകണം എന്ന് നിർബന്ധമില്ല. അത് ആള് സ്വയം തെളിയിക്കേണ്ടതാണ്. അവന്റെ ഈ പ്രായത്തിൽ ഞാൻ രാജാവിന്റെ മകൻ എന്ന സിനിമ ചെയ്തു കഴിഞ്ഞു. ഇപ്പോൾ അവൻ തുടങ്ങുകയാണ്. എന്താണ് കഴിയുക എന്നു വച്ചാൽ അത് ചെയ്യട്ടെ. എനിക്ക് അവനു വേണ്ടി ചെയ്യാൻ കഴിയുന്ന ഒരേ ഒരു ഉപകാരം സ്വന്തമായി സിനിമകൾ നിർമ്മിച്ച് അവനെ അതിൽ അഭിനയിപ്പിക്കുക എന്നതാണ്. പക്ഷെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുക എന്നത് എന്റെ കയ്യിലല്ല. സിനിമയിൽ വിജയിച്ചാൽ അപ്പു ഇവിടെ നിൽക്കും, അല്ലെങ്കിൽ വേറെ മേഖലയിലേക്ക് തിരിയും. അത്രേയുള്ളൂ.”
Post Your Comments