“എന്നോ ഞാനെന്റെ മുറ്റത്ത്” എന്നൊരു ഗാനം ആലപിക്കപ്പെടാത്ത ഗാനമേളകളോ, അവാർഡ് ദാന ചടങ്ങുകളോ, സ്വകാര്യ പരിപാടികളോ, റെസിഡൻസ് അസോസിയേഷൻ മീറ്റിങ്ങുകളോ ഈ കഴിഞ്ഞ വർഷം നടന്നിട്ടില്ല എന്നത് വലിയൊരു നഗ്ന സത്യമാണ്. അത്രയ്ക്കും സൂപ്പർ ഹിറ്റായിരുന്നു അത്. മിമിക്രി എന്ന കലയിലെ അപാരമായ മികവു കൊണ്ട് പ്രേക്ഷക മനസ്സിൽ എന്നും ഒരു സ്ഥാനം നേടിയിട്ടുള്ള കലാകാരനാണ് നാദിർഷ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത “അമർ അക്ബർ അന്തോണി” എന്ന സിനിമ 2015 -ലെ ഏറ്റവും വലിയ ഹിറ്റും, റെക്കോർഡ് കളക്ഷൻ നേടുകയും ചെയ്ത ഒന്നാണ്. അതിനോടൊപ്പം തന്നെ ആ സിനിമയിലെ മൂന്നു ഗാനങ്ങൾ, എല്ലാ രീതിയിലും സൂപ്പർ ഹിറ്റുകളായിരുന്നു. ടെലിവിഷൻ, റേഡിയോ, കോളർ ട്യൂൺ തുടങ്ങി ഒരു ഗാനം പരമാവധി പ്രചരിക്കുന്ന എല്ലായിടത്തും “അമർ അക്ബർ അന്തോണി”യിലെ ഗാനങ്ങൾ ഒഴുകി നടക്കുകയായിരുന്നു.
ഇപ്പോഴിതാ ഈ വർഷം, “കട്ടപ്പനയിലെ ഋത്വിക് റോഷൻ” എന്ന തന്റെ രണ്ടാമത്തെ സംവിധാന സംരംഭവുമായി എത്തിയ നാദിർഷ കഴിഞ്ഞ വർഷത്തെ അതേ വിജയം വീണ്ടും ആവർത്തിക്കുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തിനകം 25 കോടിയിലധികം കളക്ഷൻ നേടിക്കൊണ്ട് “കട്ടപ്പനയിലെ ഋത്വിക് റോഷൻ” ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ്ജ് എന്നിവരിൽ വിഷ്ണുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. സിനിമ പോലെ തന്നെ അതിലെ മൂന്ന് ഗാനങ്ങളും ഏറെ ജനപ്രീതി നേടുകയാണ്. നാദിർഷ തന്നെയാണ് സംഗീതം നിർവഹിച്ചിട്ടുള്ളത്.
സന്തോഷ് വർമ്മ എഴുതി റിമി ടോമിയും, വൈക്കം വിജയലക്ഷ്മിയും ആലപിച്ച “പാരുടയ മറിയമേ” എന്ന ടൈറ്റിൽ ഗാനം, സന്തോഷ വർമ്മയോടൊപ്പം നാദിർഷയും ചേർന്ന് രചിച്ച ശങ്കർ മഹാദേവന്റെ “മിന്നാമിന്നിക്കും”, ഹരിനാരായണൻ എഴുതിയ നജീം അർഷാദിന്റെ സോളോ ആയ “അഴകേ” എന്നീ മൂന്ന് ഗാനങ്ങൾ തീയറ്ററുകളിൽ പ്രേക്ഷകർ ഏറ്റു പാടുന്നത് കൂടാതെ, ഗാനമേളകളിലും മറ്റും സ്ഥിരസാന്നിധ്യമായി മാറുകയാണ്. ഇതിനെക്കുറിച്ച് നാദിർഷയ്ക്ക് പറയാനുള്ളത് ഇപ്രകാരമാണ്,
“ഞാൻ ഇപ്പോഴും ഗാനമേളകൾക്ക് പാടാറുണ്ട്. അവിടെ നമുക്ക് പാടത്തക്ക വിധത്തിലാണ് ഞാൻ എന്റെ സിനിമകളിൽ പാട്ടുകൾ തയ്യാറാക്കുന്നത്. ആ ഒരു രീതി കൊണ്ടാണ് അവ സൂപ്പർ ഹിറ്റുകളായി മാറുന്നത് എന്നാണ് എന്റെ അഭിപ്രായം. സിനിമയും അങ്ങനെ തന്നെയാണ്. തീയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സ് തന്നെയാണ് എനിക്കും. അവർക്ക് എന്താണ് വേണ്ടത് എന്നത് എന്റെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെടുന്നു. ആ ഒരു മാനസിക ബന്ധം കാരണമാണ്, അതിനൊത്ത് എനിക്ക് സിനിമകൾ ചെയ്യാൻ കഴിയുന്നത്. ഇനിയും അത് തുടരണം എന്ന് തന്നെയാണ് ആഗ്രഹം”
Post Your Comments