തീയറ്ററിൽ ദേശീയഗാനം പ്രദർശിപ്പിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവരെ അറസ്റ്റു ചെയ്യാനായി പോലീസിനെ അനുവദിക്കില്ല, അല്ലെങ്കിൽ ആ ഒരു പ്രക്രിയ്ക്കായി തീയറ്ററിൽ പോലീസിനെ കയറ്റുകയില്ല എന്ന് മലയാള സിനിമാ സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ അഭിപ്രായപ്പെട്ടതായി അറിഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത സ്ഥാനം അലങ്കരിക്കുന്ന സുപ്രീം കോടതിയുടെ വിധിയാണ് തീയറ്ററിൽ ദേശീയഗാനം പ്രദർശിപ്പിക്കണം എന്നത്. ദേശീയ ഗാനത്തോട് അനാദരവ് കാണിക്കാൻ പാടില്ല എന്നത് നമ്മൾ ഓരോ പൗരന്മാരുടെയും ധർമ്മവും. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ/പെരുമാറുന്നവരെ നിയമവശാൽ കൈകാര്യം ചെയ്യാനുള്ള വകുപ്പുകളും ഇവിടെയുണ്ട്. ഈ ഒരു സാഹചര്യത്തിൽ ശ്രീ.കമൽ ഇങ്ങനെയൊരു അഭിപ്രായം പറയാനുണ്ടായ ചേതോവികാരം എന്താണ്? ഈ പറഞ്ഞത് തീരുമാനിച്ച്,അടിവരയിട്ട് ഉറപ്പിക്കാൻ ഇദ്ദേഹം ആരാണ്? ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം എന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മുകളിലാണോ?നിയമം നടപ്പിലാക്കിയാല് മേള നിറുത്തുമെന്നു ഭീഷണിയോ?
ഞാനൊന്ന് സ്കൂൾ കാലഘട്ടത്തിലേക്ക് പൊയ്ക്കോട്ടേ. പണ്ട് സ്കൂളിലെ ക്ലാസ്സില് പഠിപ്പിക്കാനായി അധ്യാപകർ വരുമ്പോൾ ഞാൻ ഉൾപ്പെടെ എല്ലാവരും എഴുന്നേറ്റു നിന്ന് സ്വീകരിക്കുക എന്നത് പതിവായിരുന്നു. ദിവസവും ഏറ്റവും മിനിമം 7 പ്രാവശ്യമെങ്കിലും അത്തരമൊരു പ്രവൃത്തി നടത്തിയിരുന്നു. അന്നൊന്നും തോന്നിയിട്ടില്ല ഈ മടി എന്ന സാധനം. പിന്നെയാണോ, ഇന്ന് നമ്മുടെ ദേശീയ ഗാനം പ്രദർശിപ്പിക്കുന്ന ഈ ഒരു 52 സെക്കന്റുകൾ എണീറ്റ് നിൽക്കാൻ മടി? കമലിനെ പോലുള്ള കലാകാരന്മാർക്ക് തീരെ യോജിക്കുന്നതല്ല ഇത്തരം അഭിപ്രായങ്ങൾ. രാഷ്ട്രീയക്കാർ സ്വാധീനം ചെലുത്തി, കോഴ കൊടുത്ത് പുറപ്പെടുവിക്കുന്നതാണോ കമലേ കോടതിവിധികൾ? അംഗീകരിക്കണം എന്ന് പറയുന്നില്ല, പക്ഷെ രാഷ്ട്രീയ നിലപാടുകളും, ചായ്വുകളും ഒക്കെ ഒന്ന് മാറ്റി വച്ചിട്ടു ചിന്തിച്ചു നോക്കൂ. 1950’ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ അതിൽ ഏറ്റവും ചുരുക്കം നിയമങ്ങളും, നിർദ്ദേശങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഈ കഴിഞ്ഞ 66 വർഷങ്ങളായി പലതരം ഭേദഗതികളിലൂടെ രൂപം കൊണ്ടതാണ്. കോടതിവിധികൾക്ക് അതിൽ പ്രധാന സ്ഥാനമുണ്ട്.
ഹർജികളിൻമേൽ തീർപ്പു കൽപ്പിച്ച് വിധി പ്രസ്താവിക്കുക എന്നത് കോടതിയുടെ ധർമ്മമാണ്. അത്തരത്തിലുള്ള ഒരു വിധിയാണ് ദേശീയഗാനം സംബന്ധിച്ച ഈ വിഷയം. അത് പൂർണ്ണമായും പാലിക്കപ്പെടുന്നു എന്നത് ഉറപ്പാക്കേണ്ടത് നമ്മുടെ നിയമപാലകരുടെ കടമയാണ്. നമ്മുടെ സംസ്ഥാനത്തെ പോലീസ് വിഭാഗത്തിന് അതിൽ എതിർപ്പില്ല, സംശയമില്ല, അവർ പ്രതികരിക്കാൻ തയ്യാർ. എന്നു മാത്രമല്ല, അവർ ശക്തമായ രീതിയിൽ പ്രതികരിച്ചു. ഇതിനിടയിൽ, ചലച്ചിത്ര അക്കാദമി എന്നൊരു കിളിക്കൂടിന്റെ അധിപനായ കമൽ എന്ന വ്യക്തിക്ക് എന്ത് പ്രാധാന്യമാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കമൽ ഒരു സിനിമാ സംവിധായകനാണ്. ഒരുപാട് ശിഷ്യഗണങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത, ഏറെ ജനപ്രീതിയുള്ള സംവിധായകൻ. എന്നിട്ടും ഏറ്റവും മിനിമം വകതിരിവു പോലും പുള്ളിക്കാരന് സ്വന്തമായി ഇല്ലല്ലോ എന്നത് തികച്ചും നിർഭാഗ്യകരമാണ്.
ഈ ഒരു വിഷയത്തിൽ ബി.ജെ.പി’യെന്നോ, കമ്മ്യൂണിസ്റ്റെന്നോ, കോൺഗ്രസ്സെന്നോ ഒക്കെയുള്ള തരംതിരിവുകൾ വേണോ? അതിന്റെ ആവശ്യമുണ്ടോ? കേരളാ സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ മറിച്ചൊരു അഭിപ്രായമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണനും പറയുന്നു ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നവർ തീയറ്ററിൽ പോകേണ്ടതില്ല എന്ന്. എന്നിട്ടും കമൽ എന്ന സംവിധായകനിൽ മാത്രം എന്തിനോ വേണ്ടി തിളയ്ക്കുന്ന രാഷ്ട്രീയ രക്തം നിറഞ്ഞു നിൽക്കുന്നു! സംശയമുണ്ട്, ചിലപ്പോൾ കമൽ വിചാരിക്കുന്നത് നമ്മുടെ ദേശീയ ഗാനം എന്നത് അടൽ ബിഹാരി വാജ്പേയ് എഴുതി, എൽ.കെ.അദ്ധ്വാനി സംഗീതം ചെയ്ത്, നരേന്ദ്ര മോഡി പാടിയതാണ് എന്നായിരിക്കും! അല്ലാതെ, ഈ വിധത്തിൽ ചിന്തിച്ച്, വെറും പൊട്ടത്തരം നിറച്ച അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള വേറെ ഒരു സാധ്യതയും കാണാൻ കഴിയുന്നില്ല.
കമൽ അറിയുന്നതിന്, ഇത് ഇന്ത്യയാണ്. നാനാത്വത്തിൽ ഏകത്വം കാത്തു സൂക്ഷിക്കുന്ന നമ്മുടെ സ്വന്തം നാട്. സുപ്രീം കോടതിയെ നമ്മൾ എല്ലാവരും ആദരിക്കുന്നു, ബഹുമാനിക്കുന്നു. അതു പോലെ തന്നെയാണ് കോടതി വിധികളെയും. അതിനു ഹിന്ദുവെന്നോ, മുസ്ലീമെന്നോ ഉള്ള തരംതിരിവുകൾ ഇല്ല. ദേശീയ ഗാനത്തെ സംബന്ധിച്ച ഈ വിഷയം പോലെ സമാനമായ ഒന്ന് അങ്ങ് സൗദിഅറേബ്യയിൽ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിലാണ് ഉണ്ടായതെങ്കിൽ, അതിനെതിരെ അഭിപ്രായം പോയിട്ട് “അ” എന്നെങ്കിലും പറയാൻ നിങ്ങൾക്ക് കഴിയുമോ? വിറയ്ക്കും! കാരണം, കമലിന് വ്യക്തമാണ് ചാട്ടവാറടി എന്നത് തേൻ പുരട്ടിയ ബ്രെഡ് വായ്ക്കകത്തേക്ക് എത്തിക്കുന്നതു പോലെ ഒരു പ്രവൃത്തിയല്ല എന്ന്. “ഇത് ഇന്ത്യയല്ലേ. ജനാധിപത്യം എന്ന ഏറ്റവും വലിയ ഒഴികഴിവ് പറഞ്ഞ് എന്തിനെയും എതിർക്കാമല്ലോ, അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ” എന്ന അഹങ്കാരമാണ് നിങ്ങളെ പോലുള്ളവരെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്!
സംസ്ഥാനത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ ആ പണി ഭംഗിയായി നിർവഹിച്ചാൽ മതി. പോലീസുകാരെ അവരുടെ കടമ നിർവ്വഹിക്കുന്ന കാര്യത്തിൽ ഉപദേശിക്കാൻ കമൽ എന്ന വ്യക്തിയെ ഇവിടെ ആരും നിയമിച്ചിട്ടില്ല. തീയറ്ററിൽ ദേശീയ ഗാനം പ്രദർശിപ്പിക്കുമ്പോൾ എണീറ്റ് നിൽക്കാത്തവരെ അറസ്റ്റ് ചെയ്ത്, ജാമ്യം പോലും കൊടുക്കാതെ ശിക്ഷിക്കുക തന്നെ വേണം. അതിൽ ഒരു കുറവും വരുത്താൻ പാടില്ല. കോടതി വിധിയ്ക്കു മേൽ വേണമെങ്കിൽ നിങ്ങൾക്ക് അപ്പീലിന് പോകാം. പക്ഷെ, വിധി വന്നു കഴിഞ്ഞാൽ അത് പാലിക്കുക തന്നെ വേണം. പോലീസിനെ അവരുടെ കടമ നിർവ്വഹിക്കാൻ അനുവദിക്കണം. കമൽ എന്ന വ്യക്തിയുടെ രാഷ്ട്രീയ പിടിപാടുകളിൽ പെടുത്തി പോലീസുകാരെ കൂടുതൽ കൂടുതൽ വിഡ്ഢികളാക്കി മാറ്റരുത്. എന്നാൽ പിന്നെ, ഇവിടെ ജനങ്ങൾ പുറത്തിറങ്ങി പ്രതികരിക്കേണ്ടി വരും. അതിനുള്ള ഇട വരാതിരിക്കട്ടെ. നന്ദി.
രാജീവ് കരുമം
Post Your Comments