കമൽഹാസൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, “ഞാൻ തമിഴിന്റെ പുത്രനാണ്. പക്ഷെ എന്നെ വളർത്തിയത് മലയാളമാണ്” എന്ന്. അത് അക്ഷരാർത്ഥത്തിൽ സത്യമാണ്.
1959-ൽ ബാലതാരമായി തമിഴ് സിനിമയിലൂടെയാണ് കമൽഹാസൻ തുടക്കം കുറിച്ചത്. തുടർന്ന് മലയാളത്തിലും ഒരു സിനിമയിൽ ബാലതാരമായി അഭിനയിച്ചു. കെ.എസ്.സേതുമാധവൻ സംവിധാനം നിർവ്വഹിച്ച് 1962’ൽ പുറത്തിറങ്ങിയ “കണ്ണും കരളും” ആയിരുന്നു അത്. പിന്നീട് വളർന്നപ്പോൾ ചെറിയ ചെറിയ കഥാപാത്രങ്ങൾ അഭിനയിച്ചു കൊണ്ട് തമിഴിൽ തുടരുകയായിരുന്നു. പ്രതിഭയാണെന്ന് പലരും തിരിച്ചറിഞ്ഞെങ്കിലും സിനിമയിൽ അവസരങ്ങൾ വളരെ കുറവായിരുന്നു. അങ്ങനെയിരിക്കെയാണ് എം.ടി.വാസുദേവൻ നായരുടെ രചനയിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത “കന്യാകുമാരി” എന്ന മലയാളസിനിമയിൽ നായകവേഷം ചെയ്യാനായി അവസരം ലഭിക്കുന്നത്. അതോടെ അപ്രധാന നടൻ എന്ന റോളിൽ നിന്നും, തിരക്കേറിയ താരം എന്ന നിലയിലേക്ക് കമൽഹാസൻ വളർന്നു.
ശേഷം തമിഴ് സിനിമയിൽ ഒരു സകലകാലാവല്ലഭനായി കമൽഹാസൻ വളർന്നു. പക്ഷെ അദ്ദേഹം മലയാളത്തെ ഒരിക്കലും മറന്നില്ല. ഏറെ പ്രാധാന്യം മലയാളത്തിന് കൊടുത്തു കൊണ്ടാണ് എഴുപതുകളിൽ കമൽഹാസൻ തന്റെ സിനിമാജീവിതം തുടർന്നത്. എൺപതുകളുടെ തുടക്കമായപ്പോഴേക്കും, തമിഴ്, മലയാളം എന്നീ മേഖലകളും താണ്ടി ഹിന്ദിയിലേക്കും അദ്ദേഹം വളർന്നു. പിന്നീട് ശരിക്കും തിരക്കിൽ പെട്ടതിനാലും, മലയാളസിനിമയുടെ ചെറിയ ബഡ്ജറ്റിന് കമൽഹാസനെ താങ്ങാൻ കഴിയാത്തതിനാലും, ആ സാന്നിധ്യം മലയാളത്തിൽ ഉണ്ടായില്ല എന്നതാണ് സത്യം. കമൽഹാസൻ മലയാളത്തിൽ എത്ര സിനിമകൾ ചെയ്തിട്ടുണ്ട് എന്നത് ഇന്നും പലർക്കും അറിയില്ല. പത്ത്, ഇരുപത്, മുപ്പത് എന്നിങ്ങനെയുള്ള കണക്കുകൾ സംശയപൂർവ്വം പറഞ്ഞു കേൾക്കുന്നു. പക്ഷെ സത്യം അതല്ല. ഏതാണ്ട് നാൽപ്പതോളം മലയാള സിനിമകളിലാണ് കമൽഹാസൻ അഭിനയിച്ചിട്ടുള്ളത്. അതായത് അദ്ദേഹം അഭിനയിച്ച മൊത്തം സിനിമകളുടെ 20%!
അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ സൂപ്പർ താരം മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു, “കമൽഹാസൻ മലയാളത്തിൽ നാൽപ്പതോളം സിനിമയിൽ അഭിനയിച്ചു എന്നത് എനിക്ക് അത്ഭുതമാണ്. അദ്ദേഹം നമ്മുടെ സ്വന്തമാണ് എന്നതിന് വേറെ എന്ത് തെളിവ് വേണം” എന്ന്.
Post Your Comments